ദേശീയ നീന്തല്‍ ; സജന് വീണ്ടും ഡബിള്‍

Saturday 22 September 2018 5:12 am IST

തിരുവനന്തപുരം: 72-ാമത് ദേശീയ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിലെ നീന്തല്‍ മത്സരത്തില്‍ കേരളത്തിന്റെ സൂപ്പര്‍നീന്തല്‍ താരം സജന്‍ പ്രകാശിന് ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഡബിള്‍ സ്വര്‍ണം. രണ്ടും റെക്കോഡ് തിളക്കത്തോടെ. ആദ്യ ദിവസം റെക്കോഡ് ഡബിള്‍ നേടിയ സജന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് റെക്കോഡ് സ്വര്‍ണം തികച്ചു. കേരളത്തിന് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ലഭിച്ചതും നാല് സ്വര്‍ണം.

ഇന്നലെ നാല് റെക്കോഡുകളാണ് പിറന്നത്. ഇതോടെ മൂന്നു ദിനങ്ങളിലായി 14 ദേശീയ റെക്കോഡുകളാണ് പിറന്നത്.  ഇന്നലെ പുരുഷന്മാരുടെ 400 മീറ്റര്‍ ഫ്രീസ്‌റ്റൈലിലായിരുന്നു സാജന്‍ ദേശീയ റെക്കോഡോടെ ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം സ്വര്‍ണം നീന്തിയെടുത്ത്. പിന്നാലെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും റെക്കോഡ് സ്വര്‍ണം തികച്ചു. ആദ്യ ദിനം 200 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും 200 മീറ്റര്‍ മെഡ്‌ലേയിലുമായിരുന്നു സജന്റെ റെക്കോഡ് ഡബിള്‍. 

400 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ 3:54.93 സെക്കന്‍ഡില്‍ പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചപ്പോള്‍ പഴങ്കഥയായത് 2014-ല്‍ മഹാരാഷ്ട്രയുടെ സൗരവ് സാങ്‌വേക്കര്‍ സ്ഥാപിച്ച 3:56.17 സെക്കന്‍ഡ്. സാജനൊപ്പം നീന്താനിറങ്ങിയ സൗരവിന് അഞ്ചാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ദല്‍ഹിയുടെ കുശാഗ്ര റാവത്ത് വെള്ളിയും സ്വിമ്മിങ് ഫെഡറേഷന്‍ താരം ആര്യന്‍ മകീജ വെങ്കലവും നേടി. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ 53.46 സെക്കന്‍ഡിലാണ് സജന്‍ റെക്കോഡ് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം ഭോപ്പാലില്‍ സജന്‍ തന്നെ സ്ഥാപിച്ച 53.83 സെക്കന്‍ഡ് സമയമാണ് ഇന്നലെ  തിരുത്തിയത്. റെയില്‍വേയുടെ സുപ്രിയ മൊഡാല്‍ വെള്ളിയും കര്‍ണാടകയുടെ അവിനാഷ് മണി വെങ്കലവും നേടി. 

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫ്രീസ്‌റ്റൈല്‍ നിന്തലില്‍ മത്സരിക്കാനിറങ്ങിയ റിച്ച മിശ്ര ഇന്നലെ ട്രിപ്പിള്‍ സ്വര്‍ണം തികച്ചു. വനിതകളുടെ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ 17:41.76 സെക്കന്‍ഡില്‍ നീന്തിയെത്തിയാണ് റിച്ച ട്രിപ്പിള്‍ തികച്ചത്. തോളെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ നാല്് വര്‍ഷമായി റിച്ച ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. തമിഴ്‌നാടിന്റെ വിക ദുഗര്‍ വെള്ളിയും കര്‍ണാടകയുടെ കുശി ദിനേഷ് വെങ്കലവും നേടി. കഴിഞ്ഞ ദിവസം 400 മീറ്റര്‍ മെഡ്‌ലേയില്‍ റെക്കോഡോടെ സ്വര്‍ണം നേടിയ റിച്ച മിശ്ര 200 മീറ്റര്‍ മെഡ്‌ലേയിലും സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ ഗുജറാത്തിന്റെ മാന പട്ടേലിനാണ് സ്വര്‍ണം. കര്‍ണാടകയുടെ സുവാന സി. ഭാസ്‌കര്‍ വെള്ളിയും ബംഗാളിന്റെ സൗബിത്രി മൊന്‍ഡാല്‍ വെങ്കലവും നേടി. മാനയുടെ രണ്ടാം സ്വര്‍ണ നേട്ടമാണിത്. 

പുരുഷന്മാരുടെ 200 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ സ്വന്തം റെക്കോഡ് തിരുത്തിയ ശ്രീഹരി നടരാജന്‍ റെക്കോഡ് ഡബിള്‍ തികച്ചു. ഇന്നലെ 2:02.37 സെക്കന്‍ഡിലാണ് ശ്രീഹരി റെക്കോഡോടെ പൊന്നണിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഭോപ്പാലില്‍ സ്ഥാപിച്ച സ്വന്തം റെക്കോഡായ 2:03.89 സെക്കന്‍ഡാണ് കര്‍ണാടകയുടെ മിന്നും താരം തിരുത്തിയത്. കഴിഞ്ഞ ദിവസം 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ദേശീയ റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു. 

വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ സ്വിമ്മിങ് ഫെഡറേഷന്‍ താരം ത്രിഷ കര്‍ഹാനിഷിന് സ്വര്‍ണം. ഹരിയാനയുടെ ദിവ്യ സതിജ വെള്ളിയും കര്‍ണാടകയുടെ ദാമിനി കെ. ഗൗഡ വെങ്കലവും നേടി. വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ സിമ്മിങ് ഫെഡറേഷന്റെ കെനിഷ ഗുപ്ത 26.62 സെക്കന്‍ഡില്‍ നീന്തിയെത്തി വേഗമേറിയ താരമായി. ബിഹാറിന്റെ മഹിസേത്—രാജ് വെള്ളിയും റെയില്‍വേയുടെ അവന്തിക ചവാന്‍ വെങ്കലവും നേടി. 

4-50 മീറ്റര്‍ മിക്‌സഡ് ഫ്രീസ്‌റ്റൈലിലാണ് മറ്റൊരു റെക്കോഡ്. സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ടീം 1:40.00 സെക്കന്‍ഡിലാണ് റെക്കോഡോടെസ്വര്‍ണം നേടിയത്. റെയില്‍വേ വെള്ളിയും കര്‍ണാടക വെങ്കലവും നേടി. കഴിഞ്ഞ വര്‍ഷം ഭോപ്പാലില്‍ റെയില്‍വേ സ്ഥാപിച്ച 1:41.54 സെക്കന്‍ഡ് സമയമാണ് ഫെഡറേഷന്‍ ടീം തിരുത്തിയത്. വനിതകളുടെ 4-200 ഫ്രീസ്‌റ്റൈലില്‍ കര്‍ണാടക സ്വര്‍ണവും തമിഴ്‌നാട് വെള്ളിയും സ്വിമ്മിങ് ഫെഡറേഷന്‍ വെങ്കലവും നേടി.

കേരളം മൂന്നാമത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തില്‍ പോയിന്റ് നിലയില്‍ കര്‍ണാടക കുതിപ്പ് തുടരുകയാണ്. ആറു സ്വര്‍ണവും ഏഴു വെള്ളിയും അഞ്ച് വെങ്കലവും നേടിയ കര്‍ണ്ണാടകയക്ക്് 143 പോയിന്റുണ്ട്. 

ഫെഡറേഷനാണ് 131 പോയിന്റുമായി രണ്ടാം സ്ഥനത്തുള്ളത്. ആറു സ്വര്‍ണവും മൂന്നുവെള്ളിയും അഞ്ച് വെങ്കലവുമാണ് ഫെഡറേഷന്റെ സമ്പാദ്യം. പോയിന്റ് നിലയില്‍ റെയില്‍വേ മൂന്നാം സ്ഥാനത്താണെങ്കിലും  മെഡല്‍ വേട്ടയില്‍ നാലു സ്വര്‍ണവുമായി കേരളമാണ് മൂന്നാമത്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.