ന്യൂയോര്‍ക്ക്: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ധനസമാഹരണം നടത്താനായി ധനമന്ത്രി തോമസ് ഐസക്കിനെ അമേരിക്കയിലേക്ക് അയയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അമേരിക്കയിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം കനത്ത നാശം വിതച്ച കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ഗ്ലോബല്‍ സാലറി ചലഞ്ചിന് തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ അതിജീവനത്തിന് ഏവരും സഹകരിക്കണം. എല്ലാവരും സഹകരിച്ചാലേ നവകേരളത്തെ പടുത്തുയര്‍ത്താന്‍ കഴിയൂ. 150 കോടിരൂപയാണ് അമേരിക്കന്‍ മലയാളികളുടെ സംഭാവനയായി പ്രതീക്ഷിക്കുന്നത്. അത് എവിടെ നിന്നെല്ലാം കണ്ടെത്തണമെന്ന് മലയാളി കൂട്ടായ്മകള്‍ക്ക് തീരുമാനിക്കാം.
ക്രൗഡ് ഫണ്ടിങ് അനിവാര്യമാണ്. നാശനഷ്ടങ്ങള്‍ കണക്കാക്കി പുനര്‍നിര്‍മാണം ഉണ്ടാകും. അമേരിക്കന്‍ മലയാളികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയാറാകണം. ഏതെങ്കിലും പുനര്‍നിര്‍മാണ പദ്ധതികള്‍ ഏറ്റെടുക്കാനും തയാറാകണം.
ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരം കിട്ടുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ല. ഒരുമാസത്തെ ശമ്പളം കൊടുക്കാന്‍ തയാറുള്ളവരെല്ലാം ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കണം. രാജ്യാന്തര തലത്തില്‍ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: