വിടപറഞ്ഞത് പഴയൊരു സൗഹൃദം

Sunday 23 September 2018 2:16 am IST

കഴിഞ്ഞ ദിവസം കൊണ്ടോട്ടി മണ്ഡലത്തിലെ ഐക്കരപ്പടിയില്‍നിന്നുവന്ന ഒരു ഫോണ്‍ സന്ദേശം അവിടത്തെ പഴയ ജനസംഘം പ്രവര്‍ത്തകന്‍ കുന്നത്ത് ബാലകൃഷ്ണന്‍ അന്തരിച്ച വിവരം അറിയിക്കുന്നതായിരുന്നു. 1967-ലെ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി മണ്ഡലത്തിലെ ജനസംഘം സ്ഥാനാര്‍ത്ഥിയായിരുന്നു ബാലകൃഷ്ണന്‍. ആ തെരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ ശ്രദ്ധിച്ച പേരായിരുന്നു അദ്ദേഹത്തിന്റേത്. അക്കാലത്ത് ഞാന്‍ ചങ്ങനാശ്ശേരി കേന്ദ്രമാക്കി കോട്ടയം ജില്ലാ പ്രചാരകനായി പ്രവര്‍ത്തിച്ചുവരികയാണ്. അവിടുത്തെ എന്‍എസ്എസ് ഹിന്ദു കോളജില്‍ എം.കോമിനു പഠിച്ചിരുന്ന തിരുവല്ലാക്കാരന്‍ സദാശിവന്‍ എന്ന സ്വയംസേവകന്‍, രാഷ്ട്രീയ നിരീക്ഷണത്തില്‍ വളരെ സൂക്ഷ്മത പുലര്‍ത്തിയിരുന്നു. 67-ലെ പൊതുതെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യവേ ജനസംഘത്തിന് കിട്ടിയ വോട്ടുകളുടെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി മണ്ഡലത്തെ മെച്ചപ്പെട്ടത് എന്നാണ് വിലയിരുത്തിയത്. കാരണം കുന്നത്ത് ബാലകൃഷ്ണന് 3300-ലേറെ വോട്ടുകള്‍ കിട്ടിയിരുന്നു. പാലക്കാട് രാജേട്ടനുപോലും 4500ല്‍പ്പരം വോട്ടുകളാണുണ്ടായിരുന്നത്. 

അന്ന് ജനസംഘത്തില്‍ പ്രവര്‍ത്തിക്കാനുള്ള നറുക്ക് എനിക്ക് വീഴുമെന്ന വിദൂര ചിന്തപോലുമുണ്ടായിരുന്നില്ല. ഒരു വര്‍ഷം മുമ്പ്, 1966-ല്‍ കേരളത്തിലെ ഏറ്റവും മുതിര്‍ന്ന പ്രചാരകന്‍ രാ. വേണുഗോപാലനെ ജനസംഘത്തിന് വിട്ടുകൊടുത്തതിനുപുറമേ 67-ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പി.കെ. ചന്ദ്രശേഖരന്‍ എന്ന പ്രചാരകനെയും നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ കൊളായി ദാമോദരന്‍ നായര്‍ കുന്ദമംഗലത്തു ജനസംഘ സ്ഥാനാര്‍ത്ഥിയായിരുന്നതിനാല്‍ ഒരു താല്‍ക്കാലിക നിയുക്തി മാത്രമായിരുന്നു അതെന്ന് പിന്നീട് വ്യക്തമായി. സദാശിവന്റെ വിശകലനത്തില്‍ കുന്നത്ത് ബാലകൃഷ്ണന്‍ ദാമോദരന്‍ നായര്‍ക്കു മേലെ ആയിരുന്നു. കൊണ്ടോട്ടിയും  കുന്ദമംഗലവും ചാലിയാറിന്റെ അക്കരെയക്കരെയായി കിടക്കുന്ന അയല്‍മണ്ഡലങ്ങളായിരുന്നു. മലപ്പുറം ജില്ല രൂപീകൃതമായപ്പോള്‍, കൊണ്ടോട്ടി അതില്‍പ്പെട്ടു.

1969-ല്‍ ജനസംഘ ചുമതലയേറ്റെടുത്ത ശേഷം മുന്‍ഗാമിയായ കെ. രാമന്‍പിള്ള തന്ന പ്രവര്‍ത്തകരുടെ ലിസ്റ്റില്‍ കൊണ്ടോട്ടി മണ്ഡലത്തിന്റെ സെക്രട്ടറി കുന്നത്തു ബാലകൃഷ്ണന്‍, പറവൂര്‍, ഐക്കരപ്പടി, പുളിക്കല്‍, കൊട്ടാരത്തില്‍ ചന്തു, ചെറുകാവ്, പുളിക്കല്‍ പോസ്റ്റ് എന്നിവരാണുണ്ടായിരുന്നത്. അങ്ങോട്ടുള്ള ആദ്യ യാത്രയില്‍ ഐക്കരപ്പടിയിലെ പാര്‍ട്ടി ആഫീസില്‍ അവിടത്തെ പ്രമുഖ പ്രവര്‍ത്തകരുമുണ്ടായിരുന്നു. തികച്ചും ഗ്രാമീണരായ പ്രവര്‍ത്തകര്‍. അഖിലഭാരത സമ്മേളനം കോഴിക്കോടായിരിക്കുമെന്നോ അതില്‍ അവര്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടാവുമെന്നോ ഉള്ളതിന്റെ വിദൂര ലാഞ്ഛന പോലുമുണ്ടായിരുന്നില്ല. ഐക്കരപ്പടിയില്‍നിന്ന് കോഴിക്കോട്ട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് വരെ നിത്യേന സൈക്കിളില്‍ (25. മീ. വരെ)പോയി വന്നിരുന്ന അച്യുതന്‍ നായര്‍ മറ്റൊരവിസ്മരണീയ വ്യക്തിയായിരുന്നു. കോളജിലെ പ്യൂണ്‍ ആയിരുന്ന അദ്ദേഹത്തിന്റെ കെട്ടടങ്ങാത്ത സംഘഭക്തി കോളജിലെ അധ്യാപകര്‍ക്കും ബഹുമാന്യനാക്കിത്തീര്‍ത്തിരുന്നു.

ഔപചാരിക പരിപാടികള്‍ കഴിഞ്ഞ് ബാലകൃഷ്ണന്റെ വീട്ടിലേക്ക് നടന്നു പുറപ്പെട്ടു. ചാലിയാര്‍ അതിരിടുന്ന പറവൂര്‍ എന്ന ഗ്രാമത്തിലാണ് വീട്. ബാലകൃഷ്ണന് തേങ്ങാക്കച്ചവടമാണ് തൊഴില്‍. ആ പ്രദേശമാകെ ഒന്നാന്തരം തെങ്ങിന്‍തോപ്പുകളാണ്. കച്ചവടവും മെച്ചമായിരുന്നു. സ്വന്തം ഉദ്യമശീലംകൊണ്ട് സമീപവാസികളുടെ ആദരവും വിശ്വാസവും നേടിയ കൃശഗാത്രനായിരുന്നു മൃദുവായി മാത്രം സംസാരിച്ചുവന്ന അദ്ദേഹം. തേങ്ങ കൊപ്രയാക്കിയശേഷം കോഴിക്കോട്ടങ്ങാടിയിലേക്കു കാളവണ്ടിയിലാണ് കൊണ്ടുപോയിരുന്നത്. രാത്രികാലങ്ങളില്‍ അങ്ങോട്ടുപോകുന്ന കാളവണ്ടിക്കൂട്ടങ്ങള്‍, പലപ്പോഴും അന്‍പതിലേറെയുണ്ടാകും. കൊണ്ടോട്ടി കോഴിക്കോട് നിരത്തിലെ പതിവു കാഴ്ചാനുഭവമായിരുന്നു ഇത്. വണ്ടിക്കാര്‍ ഉറങ്ങിയാലും കാളകള്‍ നടന്നുകൊണ്ടേയിരിക്കും. കോഴിക്കോട്ട് പുലര്‍ച്ചയെത്തി കൊപ്പര ബസാറില്‍ കച്ചവടം, വലിയങ്ങാടിയില്‍ നിന്ന് ചരക്കുകള്‍ വാങ്ങല്‍ എന്നിവയും, അതിനിടെ കാളകള്‍ക്കും വണ്ടിക്കാര്‍ക്കും വിശ്രമവും കഴിഞ്ഞ് അടുത്തരാത്രി മടക്കയാത്ര.

ഈ പതിവു മിക്കവാറും ആഴ്ചയില്‍ ഒരു ദിവസമുണ്ടാവുമെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. അന്നവിടെ താമസിച്ച് പിറ്റേന്ന് മറ്റൊരു വഴി നടന്ന് പുളിക്കല്‍ ബസാറിലെത്തി. കൊട്ടാരത്തില്‍ ചാത്തുവിന്റെ വീട്ടിലും കയറി. ചാത്തുവിന്റെ ജ്യേഷ്ഠന്‍ വാവുണ്ണി, മാപ്പിള ലഹളക്കാലത്തെ ഒരു സംഭവം പറഞ്ഞു. ഏറനാട്ടിലെ മാപ്പിളമാരുടെയിടയില്‍ കൊണ്ടോട്ടിക്കാര്‍ പ്രത്യേക വിഭാഗക്കാരാണത്രെ. മലപ്പുറത്തും മറ്റും സുന്നികളാണെങ്കില്‍ കൊണ്ടോട്ടിത്തങ്ങള്‍ ഷിയാ വിഭാഗക്കാരനും ലഹളയ്‌ക്കെതിരുമായിരുന്നു. ലഹളത്തലവന്‍ വാരിയന്‍ കുന്നത്തു കുഞ്ഞമ്മത് ഹാജിയുടെ ദൃഷ്ടിയില്‍ ഗവണ്‍മെന്റ് പക്ഷക്കാരനായ തങ്ങള്‍ ശരിക്കും കാഫിര്‍ തന്നെയായതിനാല്‍ വധശിക്ഷയ്ക്കര്‍ഹനായിരുന്നു. 

ഹാജി കൊണ്ടോട്ടി പിടിച്ചടക്കി കോഴിക്കോട്ടു ചെന്നു കളക്ടറെ തോല്‍പ്പിച്ച് സുല്‍ത്താനാവാന്‍ കോപ്പുകൂട്ടി അരിക്കോട്ടുനിന്ന് പുറപ്പെട്ടു. രാജകീയാഡംബരങ്ങളായ ആലവട്ടവും വെണ്‍ചാമരവും വീശിച്ച്, കിന്നരിത്തലപ്പാവു ധരിച്ച് പച്ചക്കുട പിടിപ്പിച്ചു കുതിരപ്പുറത്തായിരുന്നു എഴുന്നള്ളത്ത്. നഗരത്തില്‍ കടന്നയുടന്‍ സര്‍ക്കാരാപ്പീസുകളൊക്കെ കൊള്ളചെയ്തു. വലിയതങ്ങളെക്കാണണമെന്ന് ഹാജിയും, നിരായുധനായി വന്നാലേ കാണാനാവൂ എന്ന് തങ്ങളും പറഞ്ഞു. ഇരുഭാഗക്കാരും നഗരവാദ്യം മുഴക്കുന്നതിനിടെ അതടിച്ചയാളെ ഹാജിയാരുടെ അനുയായി വെടിവച്ചു വീഴ്ത്തി. തുടര്‍ന്ന് ആകാശം ഭേദിക്കുന്ന ഒരു പൊട്ടിത്തെറി ശബ്ദം മുഴങ്ങുകയും സുല്‍ത്താന്‍ ഹാജിയാര്‍ പരിഭ്രമിച്ച് കുതിരപ്പുറത്തുനിന്നു വീണു പരിക്കേല്‍ക്കുകയും ചെയ്തു. അങ്ങനെ കുഞ്ഞഹമ്മദ് ഹാജിക്കു ജീവനുംകൊണ്ട് മടങ്ങിപ്പോകേണ്ടിവന്നു. വാവുണ്ണി ചേട്ടന്‍ പറഞ്ഞ ഈ കഥയ്ക്ക് പലയിടങ്ങളിലും പല വ്യാഖ്യാനങ്ങളുണ്ടാവാം.

ഏറനാട്ടിലെ നാട്ടിന്‍പുറങ്ങളിലെ ഹിന്ദുജീവിതത്തിന്റെ നേരനുഭവമായിരുന്നു ആ ഗ്രാമങ്ങളില്‍ പോയപ്പോഴൊക്കെ ലഭിച്ചത്. ഐക്കരപ്പടിയിലെ ജനസംഘകാര്യാലയത്തിന് മുന്നില്‍ റോഡിനെതിര്‍വശത്തു ഒരു തകര്‍ന്ന ക്ഷേത്രമുണ്ടായിരുന്നു. പടയോട്ടത്തിനുശേഷം ആ അവസ്ഥയിലായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. ഊരാളന്റെ അനുമതി വാങ്ങി ക്ഷേത്രപരിസരത്ത് ശാഖ നടത്തപ്പെട്ടിരുന്നു. സ്വാഭാവികമായും അതിന്റെ പുനരുദ്ധാരണം അവരുടെ പരിഗണനയില്‍ വന്നു. ഒട്ടേറെ പ്രതിബന്ധങ്ങളെ നേരിട്ടാണെങ്കിലും ആ ക്ഷേത്രം അവിടത്തെ സ്വയംസേവകരുടെയും ക്ഷേത്രസംരക്ഷണ സമിതിയുടെയും ഉത്സാഹത്തില്‍ അഭിവൃദ്ധി പ്രാപിച്ചുവരുന്നത് കാണാന്‍ കഴിയും.

മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരായി നടന്ന സമരത്തില്‍ പങ്കെടുത്ത് അവിടത്തെ പ്രവര്‍ത്തകര്‍ അറസ്റ്റു ചെയ്യപ്പെട്ട് തിരൂര്‍ ജയിലില്‍ കിടന്നിരുന്നു.

കോഴിക്കോട് ജനസംഘ സമ്മേളനത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ ദീനദയാല്‍ജിയെ അനുസ്മരിച്ച് നടത്തപ്പെട്ട സ്മൃതി സന്ധ്യയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ പഴയകാല സഹപ്രവര്‍ത്തകരില്‍ ഒട്ടേറെപ്പേരെ കാണാനുള്ള അവസരം ലഭിച്ചു. ഓരോ ആളെയും തെരഞ്ഞു നടക്കുന്നതിനിടയില്‍ കുന്നത്തു ബാലകൃഷ്ണനും ഒന്നുരണ്ടുപേരും അടുത്തുവന്നു നമസ്‌തേ പറഞ്ഞു. 

ബാലകൃഷ്ണന്റെ ആകൃതിക്കു ഒരു മാറ്റവുമില്ല. പ്രകൃതിയിലെ അരനൂറ്റാണ്ടുമാറ്റം ആ വ്യക്തിത്വത്തെ മറയ്ക്കാന്‍ പര്യാപ്തവുമായില്ല. ഏതാനും  മിനിട്ടുകള്‍ മാത്രം നീണ്ട ആ സമാഗമത്തിനിടെ അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യങ്ങള്‍ ഹൃദയംനിറഞ്ഞ് എന്നിലേക്കൊഴുകുകയായിരുന്നു.

ബാലകൃഷ്ണന്റെ മരണവൃത്താന്തമറിഞ്ഞപ്പോള്‍ ഒട്ടേറെ സ്മരണകള്‍ മനസ്സിലൂടെ മിന്നിമറഞ്ഞുപോയി. ഐക്കരപ്പടിയിലോ പറവൂരിലോ ഉള്ള ഒരു സഹപ്രവര്‍ത്തകന് ആ വിവരം എന്നെ വിളിച്ചറിയിക്കാന്‍ തോന്നിയതുതന്നെ വലിയ നേട്ടമായി കരുതുന്നു. കുന്നത്തു ബാലകൃഷ്ണന് ആദരാഞ്ജലി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.