ബിഷപ്പ് ഫ്രാങ്കോ പോലീസ് കസ്റ്റഡിയില്‍

Saturday 22 September 2018 1:39 pm IST
പാലാ നാലാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. മൂന്നു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച രണ്ടര മണിക്ക് ബിഷപ്പിനെ വീണ്ടും കോടതി മുമ്പാകെ ഹാജരാക്കണം.

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.  തിങ്കളാഴ്ച രണ്ടര മണിക്ക് ബിഷപ്പിനെ വീണ്ടും കോടതി മുമ്പാകെ ഹാജരാക്കണം. പാലാ നാലാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. മൂന്നു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്. 

കനത്ത പോലീസ് സുരക്ഷയോടെയാണ് ബിഷപ്പിനെ പാല കോടതിയിലേക്ക് എത്തിച്ചത്. അനുമതിയില്ലാതെ ബിഷപ്പിന്റെ ശരീരത്തില്‍ നിന്നും രക്തവും ഉമിനീരും പോലീസ് ശേഖരിച്ചെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ ആരോപിച്ചു. ആരോഗ്യ പ്രശ്നം ഉള്ള ആളാണ്. കൂടാതെ പ്രതി അന്വേഷണവുമായി സഹകരിക്കുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യങ്ങള്‍ കോടതി തള്ളി.  

അതേസമയം, കന്യാസ്ത്രീ ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയിലാണ് കന്യാസ്ത്രീ പീഡനത്തിന് ഇരയായതെന്ന് തെളിഞ്ഞത്. 2014ല്‍, സംഭവം നടക്കുമ്പോള്‍ ബിഷപ്പ് ഉപയോഗിച്ചിരുന്ന വസ്ത്രം പോലീസിന് കണ്ടെടുക്കണം. മാത്രമല്ല, ലാപ്‌ടോപ്പ്, മൊബൈല്‍ എന്നിവയും കണ്ടെടുക്കണം. ഫ്രാങ്കോയുടെ ലൈംഗിക ശേഷി പരിശോധന നടത്തണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫ്രാങ്കോക്കെതിരെ സമാനമായ മറ്റു ചില പരാതികളും ലഭിച്ചതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അവയെക്കുറിച്ചും അന്വേഷണം ആവശ്യമെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായായി കോട്ടയം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. കേരളാ പോലീസിലെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ആണ് ബിഷപ്പിന് സുരക്ഷ ഒരുക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.