കന്യാസ്ത്രീ സമരത്തെ പിന്തുണച്ചു; സിസ്റ്റര്‍ ലൂസിക്ക് സഭയുടെ വിലക്ക്

Sunday 23 September 2018 10:15 am IST

മാനന്തവാടി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളെ പിന്തുണച്ചതിന് സിസ്റ്ററെ ഇടവകപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കി. മാനന്തവാടി രൂപത പരിധിയില്‍പ്പെട്ട കാരക്കാമല ഇടവകയിലെ മീത്തില്‍ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സഭാംഗമായ സിസ്റ്റര്‍ ലൂസിക്കെതിരെയാണ് നടപടി. സന്ന്യാസ സഭയില്‍ നിന്ന് പുറത്താക്കുന്നതിന്റെ ആദ്യ നടപടിയാണിത്. 

സിസ്റ്റര്‍ ലൂസി സമരപ്പന്തലില്‍ പോയി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.  രണ്ട് ദിവസമാണ് ഇവര്‍ സമരത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലില്‍ ചര്‍ച്ചയിലും പങ്കെടുത്തു. ഇതോടെയാണ് നടപടിക്ക് തുടക്കമിട്ടത്. ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ് എഴുത്തുകാരി കൂടിയായ സിസ്റ്റര്‍ ലൂസി. 

സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തി പ്രചാരണം നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി ലൂസി പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് സിസ്റ്റര്‍ക്കെതിരെ നടപടി. സണ്‍ഡേ സ്‌കൂള്‍, വിശുദ്ധ കുര്‍ബാന നല്‍കല്‍, കെസിവൈഎം/മിഷന്‍ ലീഗ് പോലുള്ള സംഘടനകളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കാനാണ് നിര്‍ദേശം. 

അതേസമയം, സിസ്റ്റര്‍ക്കെതിരെ നടപടിയെടുത്തുവെന്ന വാര്‍ത്ത വ്യാജമെന്ന്  കാരക്കാമല സെന്റ് മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 

കത്തോലിക്കാ വിശ്വാസി എന്ന നിലയിലും സന്ന്യാസിനി എന്ന നിലയിലും സഭാപരമായ യാതൊരു വിലക്കുകളും സിസ്റ്റര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.