രാജീവ് ഗാന്ധി 'ചോര്‍ ഹെ'; ഇപ്പോള്‍ മകന്‍ രാഹുലും

Sunday 23 September 2018 1:31 pm IST
കേസില്‍ യഥാര്‍ഥ പ്രതി പ്രധാനമന്ത്രി നെഹ്‌റു. കേസൊതുക്കി. അതാണ് ചരിത്രം. മുതുമുത്തച്ഛന്‍ മുതല്‍ അഴിമതിയാണ് കുടുംബത്തൊഴില്‍. അങ്ങനെ ഭരണത്തിലേറി, അധികാരത്തിലേറി അഴിമതി കാട്ടാന്‍ വെമ്പല്‍ കൊള്ളുന്നയാളിന് അത് സാധ്യമല്ലെന്ന് വരുമ്പോള്‍ നിരാശയുണ്ടായാല്‍.., അതെ, അന്തം വിട്ട പ്രതി എന്തും ചെയ്യും.

 
 
 
കാവാലം ശശികുമാര്‍
 
നമ്മുടെ'രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് പറയാനുള്ള ചങ്കൂറ്റം കാണിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നിസാരനായി കാണരുത്. ഹിമാലയത്തില്‍ പോയി വന്നശേഷം 'പപ്പു'വല്ല, മാറി. പക്ഷേ, ഒരു പ്രശ്‌നം; സത്യം തേടി, സനാതന സത്യം തേടിയാണ് ഹിമാലയത്തിലേക്ക് പലരും പോകുന്നത്, മടങ്ങുന്നത് അതറിഞ്ഞിട്ടാണ്. എന്നാല്‍, രാഹുല്‍ പെരുംനുണകള്‍ക്ക് സാധ്യത അറിഞ്ഞാണ് ഹിമാലയത്തില്‍നിന്ന് പെട്ടെന്ന് മടങ്ങിയത്. കാരണം, അതൊരു ജനിതക പ്രശ്‌നംതന്നെ. 
രാഹുല്‍ ഇനി, കൂടുതല്‍ അപകടകാരിയാണ്, 'അന്തം വിട്ട പ്രതി എന്തും ചെയ്യു,'മെന്നാണല്ലോ.
 
രാജ്യത്തിന്റെ പ്രതിരോധ ഇടപാടില്‍, പ്രത്യേകിച്ച് ഫ്രാന്‍സില്‍നിന്ന് റഫാല്‍ യുദ്ധ വിമാനം വാങ്ങുന്ന ഇടപാടില്‍ മോദി സര്‍ക്കാര്‍ കള്ളം കാണിച്ചു, കൃത്രിമം കാണിച്ചു, കരാറില്‍ ഇന്ത്യന്‍ സ്വകാര്യ കമ്പനിയെ വഴിവിട്ടു സഹായിച്ചു, എന്നാണ് ആക്ഷേപം. അടിസ്ഥാന രഹിതമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്നവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ, അവരുടെ പതിവ് ന്യായവാദികള്‍ ആരും കൂട്ടിനില്ല. എന്തിലും വാദിച്ച് വിജയിക്കാന്‍ മിടുക്കുള്ള കപില്‍ സിബാലിനെപ്പോലുള്ളവര്‍ രംഗത്തില്ല. പക്ഷേ, അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായ സോണിയ, ചിദംബരം, എ.കെ. ആന്റണി, അഹമ്മദ് പട്ടേല്‍ തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ട്, ശിങ്കിടികളും.
 
രാഹുലിന്റെ അച്ഛന്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടത്തിയ പ്രതിരോധ അഴിമതി ഇടപാടാണ് ബോഫോഴ്‌സ് ആയുധ ഇടപാടിലെ കോഴക്കേസ്. അന്ന് സ്വീഡനുമായി സാമ്പത്തിക ഇടപാടു നടത്തിയ സ്വിസ്ബാങ്ക് അക്കൗണ്ട് 'ലോട്ടസ്', രാജീവം ആയിരുന്നു; 'രാജീവിന്റെ' പേരില്‍. ഇന്നായിരുന്നെങ്കില്‍ അത് 'ബിജെപിയുടെ താമര'യാക്കി ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചേനെ. രാജ്യത്തിന് ആയുധം വാങ്ങിയ ഇടപാടില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കോഴകൈപ്പറ്റിയതാണ് കേസ്. അന്നത് സുവ്യക്തമായപ്പോള്‍ ഇന്ത്യന്‍ നാടും നഗരവും നാട്ടാരാകെയും വിളിച്ച മുദ്രാവാക്യമായിരുന്നു, 'ഗലീ ഗലീ മേം ശോര്‍ ശോര്‍; രാജീവ് ഗാന്ധി ചോര്‍ ചോര്‍' എന്ന്. 'നാട്ടുവഴികളിലെല്ലാം മുഴങ്ങുന്നു, രാജീവ് ഗാന്ധി കള്ളന്‍ കള്ളന്‍' എന്ന് മലയാളം. ആ ''കള്ളന്‍'' വിളിയാണ് നരേന്ദ്ര മോദിയെക്കുറിച്ച് 'രാജ്യത്തെ ഭരണാധികാരി കള്ളനാണ്' എന്ന് പറയാന്‍ രാഹുലിനെ പ്രേരിപ്പിച്ചത്. അതാണ് പറഞ്ഞത് ജനിതക പ്രശ്‌നമെന്ന്. 
 
അപ്പോള്‍, രാഹുലിന്റെ അച്ഛന്‍ രാജീവിന് ഇൗ ജനിതക പ്രശ്‌നം എങ്ങനെ വന്നുവെന്ന് ചോദിച്ചാല്‍, അമ്മ ഇന്ദിരാ ഗാന്ധിയില്‍നിന്നുതന്നെ എന്ന് പറയണം. ദീര്‍ഘനാള്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരയുടെ അഴിമതികള്‍ എത്രയെത്ര? ഒടുവില്‍, ''അഴിമതി ആഗോള സംഭവമാ''ണെന്ന ന്യായം പറഞ്ഞ അമ്മയുടെ മകന്റെ മകന്‍, അധികാരസ്ഥാനത്തില്ലാതെയും അഴിമതി നടത്തിയ ചരിത്രമാണല്ലോ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടുള്‍പ്പെടെ പലതും. സ്വന്തം പാര്‍ട്ടി സ്വത്ത് കൊള്ളയടിച്ച നാഷണല്‍ ഹെറാള്‍ഡ് കേസ് വേറെ. അതില്‍ ജാമ്യത്തിലാണ് പ്രതികളായ രാഹുലും അമ്മ സോണിയയും.
 
അപ്പോള്‍ അമ്മുമ്മയിലാണ് തുടങ്ങിയതെന്നാണോ ജനിതക പ്രശ്‌നം? അല്ല അതിന് മുമ്പ് മുതുമുത്തച്ഛന്‍ നെഹ്‌റുവില്‍ തുടങ്ങി. അതും സ്വാതന്ത്ര്യം കിട്ടി ഭരണത്തിന്റെ ആദ്യവര്‍ഷം, 1948-ല്‍. ഇംഗ്ലണ്ടില്‍നിന്ന് 200 ജീപ്പു വാങ്ങാന്‍ കരാറായി. അന്നത്തെ 80 ലക്ഷം രൂപയും കൊടുത്തു, രാജല്പത്തിന് കിട്ടിയത് 155 ജീപ്പുകള്‍ മാത്രം! കേസില്‍ യഥാര്‍ഥ പ്രതി പ്രധാനമന്ത്രി നെഹ്‌റു. കേസൊതുക്കി. അതാണ് ചരിത്രം. മുതുമുത്തച്ഛന്‍ മുതല്‍ അഴിമതിയാണ് കുടുംബത്തൊഴില്‍. അങ്ങനെ ഭരണത്തിലേറി, അധികാരത്തിലേറി അഴിമതി കാട്ടാന്‍ വെമ്പല്‍ കൊള്ളുന്നയാളിന് അത് സാധ്യമല്ലെന്ന് വരുമ്പോള്‍ നിരാശയുണ്ടായാല്‍.., അതെ, അന്തം വിട്ട പ്രതി എന്തും ചെയ്യും.
അച്ഛനെ കള്ളനെന്നു വിളിച്ചവരോട് പ്രതികാരം വീട്ടാനിറങ്ങിയ മകന്റെ വീറും വാശിയും ഇങ്ങനെ 'കള്ളന്‍' എന്ന വിളിയിലെങ്കിലും ഒതുങ്ങുമോ? ഒതുങ്ങാനിടയില്ല. 
 
പ്രതിരോധ വകുപ്പിനെതിരേ ഉണ്ടാകുന്ന ആരോപണങ്ങള്‍ക്ക് ഭരണത്തിലിരിക്കുന്നവര്‍ എപ്പോഴും പ്രതിരോധത്തിലാകും. കാരണം, പലതും ഔദ്യോഗികമായി പുറത്തുപറയാന്‍ കഴിയില്ല. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പോലും പ്രതിരോധ വകുപ്പിലെ ചില കാര്യങ്ങള്‍ പെടില്ല. അത് ഏതു പ്രതിപക്ഷത്തിനും ഗുണകരമാണ്. പക്ഷേ ബോഫോഴ്‌സ് ഇടപാടുപോലെ സംയുക്ത പാര്‍ലമെന്ററി സമിതിയൊക്കെ (ജെപിസി) അന്വേഷിച്ച് ശരിവെച്ച കേസില്‍ വാസ്തവം വ്യക്തമായതാണ്. പല ആരോപണങ്ങളും തെളിയിക്കാന്‍ പ്രതിപക്ഷത്തിനും തെളിവു നിരത്താന്‍ സര്‍ക്കാരിനും പരിമിതികളുണ്ട്. എന്നാല്‍, രാഷ്ട്രീയ ലക്ഷ്യം നടക്കുകയും ചെയ്യും. 
 
റഫാല്‍ യുദ്ധ വിമാനക്കേസില്‍ ആരോപണമുയര്‍ത്തുന്നത് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസാണ്. ഒരു അധികാരം കിട്ടാതെ 'അനാഥ'നായി കഴിയുന്ന രാഹുല്‍ ഗാന്ധിയാണ് ആരോപണക്കാരന്‍. ഫ്രാന്‍സുമായി റഫാല്‍ ഇടപാട് ചിന്തിച്ച് പ്രാരംഭ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ അവിടെ പ്രസിഡന്റായി ഭരണത്തിലുണ്ടായിരുന്ന ഫ്രാന്‍സ്വാ ഒളോന്ത്, ഇപ്പോള്‍ അധികാരത്തില്‍നിന്ന് പുറത്തായ അവിടത്തെ 'രാഹുല്‍ ഗാന്ധി'യാണ്. ബിജെപിയെ എതിര്‍ത്ത്, സമാജ് വാദി പാര്‍ട്ടിയുടെ എംപിയായി രാജ്യസഭയിലെത്തിയ അനില്‍ അംബാനിയുടെ സ്ഥാപനമാണ് റിലയന്‍സ്. മുലായം സിങ് പഴയ ഐക്യമുന്നണി ഭരിച്ച കാലത്തെ കേന്ദ്രപ്രതിരോധമന്ത്രിയാണ്. കോണ്‍ഗ്രസ് അന്ന് മുലായത്തെ പിന്തുണക്കുകയായിരുന്നു. മുലായത്തിന്റെ സമാജ് വാദി പാര്‍ട്ടി ഇപ്പോഴും കോണ്‍ഗ്രസിനൊപ്പമാണ്. 
ഒളോന്തിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ രാഹുലിന്റെ കച്ചിത്തുരുമ്പ്. ഒളോന്താകട്ടെ, ഓന്ത് നിറം മാറും പോലെ പ്രസ്താവന തിരുത്തി. അതോടെ റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണം വെറും ഓലപ്പാമ്പാണെന്ന് വ്യക്തമായി. 
പക്ഷേ, ഹിമാലയത്തില്‍ പോയി തിരികെ എത്തിയ രാഹുല്‍ വെറും 'പപ്പു'വല്ല. പ്രതികാര ദാഹിയാണ്. പകയൊടുങ്ങാതെ,
 
പാണ്ഡവരുടെ പടകുടീരത്തില്‍ അധര്‍മമൂര്‍ത്തിയായി, കൂട്ടക്കൊല ചെയ്ത അശ്വത്ഥാമാവ് ചിരം ജീവിയായി, സര്‍വരാലും വെറുക്കപ്പെട്ട് ഹിമാലയപ്രാന്തത്തിലുണ്ടെന്നാണ് വിശ്വാസം. രാഹുല്‍ ഹിമാലയത്തില്‍ കണ്ടത് അശ്വത്ഥാമാവിനെ ആയിരിക്കുമോ? കരുതിയിരിക്കണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.