ഉമയാറ്റുകര പഴയ പള്ളിയോടം ചരിത്രസ്മാരകമാകുന്നു

Monday 24 September 2018 1:12 am IST
1972ല്‍ നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളിയോട വിഭാഗത്തില്‍ ഉമയാറ്റുകര മികച്ച പ്രകടനം കാഴ്ചവച്ചു. അക്കാലത്ത് പള്ളിയോടങ്ങള്‍ നെഹ്‌റുട്രോഫി ജലമേളയില്‍ പങ്കെടുത്തിരുന്നു. ഉതൃട്ടാതി ജലമേളയില്‍ 1974ലും 1990ലും രണ്ടാംസ്ഥാനം നേടി.

പത്തനംതിട്ട: പള്ളിയോടങ്ങളുടെ മുത്തച്ഛനെന്ന് അറിയപ്പെടുന്ന ഉമയാറ്റുകര പഴയ പള്ളിയോടം ചരിത്ര സ്മാരകമാകുന്നു. പള്ളിയോടപ്രേമികള്‍ പരമ്പരാഗത മാതൃകയ്ക്ക്  ചൂണ്ടിക്കാണിക്കുന്നതും ഒരു നൂറ്റാണ്ടും മൂന്ന് പതിറ്റാണ്ടും പിന്നിട്ട ഉമയാറ്റുകര പഴയ പള്ളിയോടത്തെയാണ്. 

1879ല്‍ പ്രശസ്ത പള്ളിയോട ശില്‍പി റാന്നി മുണ്ടപ്പുഴ നാരായണന്‍ ആചാരിയാണ് ഉമയാറ്റുകര പള്ളിയോടം നിര്‍മിച്ചത്. ഇരട്ടമണിക്കാലില്‍ പണിതിരിക്കുന്ന നിലവിലുള്ള ഒരേയൊരു പള്ളിയോടം കൂടിയാണിത്. ചരിഞ്ഞ അമരം മറ്റൊരു സവിശേഷതയാണ്. 1959, 2004, 2012 വര്‍ഷങ്ങളില്‍ കരക്കാര്‍ ഇത് പുതുക്കി പണിത് സംരക്ഷിക്കുകയായിരുന്നു. പുതിയ പള്ളിയോടം നിര്‍മിച്ചതിനെത്തുടര്‍ന്നാണ് പഴയ പള്ളിയോടം സ്മാരകമായി സംരക്ഷിക്കാന്‍ തീരുമാനിച്ചത്.  

1972ല്‍ നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളിയോട വിഭാഗത്തില്‍ ഉമയാറ്റുകര മികച്ച പ്രകടനം കാഴ്ചവച്ചു. അക്കാലത്ത് പള്ളിയോടങ്ങള്‍ നെഹ്‌റുട്രോഫി ജലമേളയില്‍ പങ്കെടുത്തിരുന്നു. ഉതൃട്ടാതി ജലമേളയില്‍ 1974ലും 1990ലും രണ്ടാംസ്ഥാനം നേടി. 2011ല്‍ കായംകുളത്തു നടന്ന ജലോത്സവത്തില്‍ പള്ളിയോടങ്ങളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. 41.25 കോല്‍ നീളവും 66 അംഗുലം ഉടമയും 16 അടി അമരപ്പൊക്കവുമുള്ള പള്ളിയോടം ഉടമസ്ഥരായ  ഉമയാറ്റുകര 2154-ാം നമ്പര്‍ എന്‍എസ്എസ് കരയോഗമാണ് ആറന്മുള ഹെറിറ്റേജ് മ്യൂസിയത്തിന് നല്‍കുന്നത്. 

28ന് ചെങ്ങന്നൂര്‍ ഉമയാറ്റുകരയില്‍ നടക്കുന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ റാണി ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി പള്ളിയോടം കൈമാറും. ആറന്മുള വിജയാനന്ദ വിദ്യാപീഠം സ്‌കൂളിനോട് ചേര്‍ന്നുള്ള സ്ഥലത്തെ പ്രത്യേക പന്തലില്‍ സംരക്ഷിക്കുന്ന പള്ളിയോടം പിന്നീട് മ്യൂസിയത്തിന്റെ ഭാഗമാക്കും. നിലവില്‍ ഭോപ്പാല്‍ മ്യൂസിയത്തിലും എറണാകുളത്തെ സ്വകാര്യ മ്യൂസിയത്തിലുമാണ് പള്ളിയോടങ്ങള്‍ അതേപടി സൂക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.