പകര്‍ച്ചവ്യാധി ബാധിതര്‍ 2.77 ലക്ഷം; 23 ദിവസം, 82 മരണം

Monday 24 September 2018 1:11 am IST
ദിവസവും പതിനായിരത്തിലധികം ആളുകള്‍ പകര്‍ച്ചപ്പനിക്ക് മാത്രം ചികിത്സ തേടുന്നുണ്ട്. 2.35 ലക്ഷം പേര്‍ക്കാണ് ഈ മാസം പകര്‍ച്ചപ്പനി പിടിപെട്ടത്. പ്രളയ ശേഷം കൊതുകുജന്യ രോഗങ്ങള്‍ ക്രമാതീതമായി പടരുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

തിരുവനന്തപുരം: പ്രളയത്തിനുശേഷമുള്ള സംസ്ഥാനത്തെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. 22 ദിവസത്തിനുള്ളില്‍ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് ജീവന്‍ നഷ്ടമായത് 82 പേര്‍ക്ക്. എലിപ്പനി പിടിപെട്ട് (62), വൈറല്‍ പനിമൂലം(13),  ജപ്പാന്‍ജ്വരം ബാധിച്ച്(2) മഞ്ഞപ്പിത്തം പിടിപെട്ട്(1) എച്ച്1എന്‍1 ബാധിച്ച്(2) ചെള്ളുപനി വന്ന് (1) എന്നിങ്ങനെയാണ് മരണം. രോഗബാധിതകരുടെ എണ്ണവും ദിനം പ്രതി കൂടുകയാണ്. 22 ദിവസത്തിനുള്ളില്‍ 2.73 ലക്ഷം പേര്‍ക്കാണ്  പകര്‍ച്ചവ്യാധി പിടിപെട്ടത്.

ദിവസവും പതിനായിരത്തിലധികം ആളുകള്‍ പകര്‍ച്ചപ്പനിക്ക് മാത്രം ചികിത്സ തേടുന്നുണ്ട്. 2.35 ലക്ഷം പേര്‍ക്കാണ് ഈ മാസം പകര്‍ച്ചപ്പനി പിടിപെട്ടത്. പ്രളയ ശേഷം കൊതുകുജന്യ രോഗങ്ങള്‍ ക്രമാതീതമായി പടരുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 952 പേര്‍ ഈ മാസം ഡങ്കിപ്പനി രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി. ഇതില്‍ 232 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 720 പേര്‍ നിരീക്ഷണത്തിലുണ്ട്. മലേറിയ 75 പേരിലും കണ്ടെത്തി. 

എലിപ്പനി വ്യാപനം തടയാന്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയെങ്കിലും ഫലം കണ്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2400 പേരാണ് എലിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ 782 പേര്‍ക്ക് എലിപ്പനി സ്ഥിരീകിച്ചു. രോഗലക്ഷണങ്ങളോടെ 1618 പേര്‍ നിരീക്ഷണത്തിലുണ്ട്. എച്ച്1എന്‍1 69 പേരിലേക്ക് പടര്‍ന്നു. ചെളളുപനി 43 പേര്‍ക്ക് സ്ഥിരീകരിച്ചു. 11 പേര്‍ ഇപ്പോഴും നിരീക്ഷണത്തിലുണ്ട്. ആറു പേര്‍ക്ക് ചിക്കുന്‍ഗുനിയ ആണെന്നു കണ്ടെത്തി. ജപ്പാന്‍ ജ്വരം ആറ് പേര്‍ക്ക് പിടിപെട്ടു. ജലജന്യരോഗങ്ങളും പടരുകയാണ്. മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) രോഗസംശയത്തില്‍ 441 പേര്‍ നിരീക്ഷണത്തിലുണ്ട്. 51 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കിയ കോളറയും ഈമാസം ഒരാളില്‍ കണ്ടെത്തി. വയറിളക്കും ഛര്‍ദ്ദിയും 36381 പേര്‍ക്ക് പിടിപെട്ടു. ശനിയാഴ്ച മാത്രം 1620 പേര്‍ ചികിത്സതേടി. ടൈഫോയിഡ് ലക്ഷണങ്ങളോടെ 125 പേരാണ് ചികിത്സയിലുള്ളത്. നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചിക്കന്‍പോക്‌സും ക്രമാതീതമായി പടരുകയാണ്. 1693 പേര്‍ ചിക്കന്‍പോക്‌സ് പിടിപെട്ട് ചികിത്സയിലുണ്ട്. 

മുണ്ടിനീര് 79 പേര്‍ക്കും അഞ്ചാംപനി 17 പേര്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്.  പ്രളയശേഷം മൂന്നുമാസം കടുത്ത ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉള്‍പ്പെടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.