റഫാല്‍ പോരിന് പിന്നില്‍

Monday 24 September 2018 1:14 am IST
മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെ നടത്തിയ അഭിപ്രായ പ്രകടനമാണ് സൂചിപ്പിച്ചത്. ഇന്ത്യ സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് റിലയന്‍സിനെ യുദ്ധവിമാന നിര്‍മ്മാണത്തില്‍ പങ്കാളിയാക്കിയത് എന്നതായിരുന്നുവല്ലോ ആ വിശദീകരണം. അത് ഒരു ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകന്‍ ദല്‍ഹിയില്‍ വലിയ വിവാദമാക്കി. ശരിയാണ്, അങ്ങനെ ഒരു മുന്‍ രാഷ്ട്രപതി പറഞ്ഞാല്‍ അതില്‍ വാര്‍ത്തയുണ്ട്; വിവാദമുണ്ട്.

'ഒന്ന് കുറച്ച് കാത്തിരിക്കൂ; പാരീസില്‍ ഒരു വലിയ ബോംബ് പൊട്ടാന്‍ പോകുന്നുണ്ട്....'. കഴിഞ്ഞമാസം 30ന്  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ ട്വീറ്റ് ആണിത്. വിഷയം റഫാല്‍ യുദ്ധ വിമാന ഇടപാടാണ്; പാരീസ് എന്ന് അദ്ദേഹം പറഞ്ഞത് ഫ്രാന്‍സിനെ ഉദ്ദേശിച്ചാണ്. അതാണ് കഴിഞ്ഞ ദിവസം നാം കണ്ടത്. പൊട്ടിയത് ഉഗ്രശേഷിയുള്ള ബോംബാണ് എന്ന് രാഹുലും കോണ്‍ഗ്രസുകാരും അവരുടെ കുഴലൂത്തുകാരായ കുറെപ്പേരും കരുതി; എന്നാലത് അക്ഷരാര്‍ഥത്തില്‍ വെറും നനഞ്ഞ ഓലപ്പടക്കമായിരുന്നു. അതാണ് നാം കണ്ടതും. 

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെ നടത്തിയ അഭിപ്രായ പ്രകടനമാണ് സൂചിപ്പിച്ചത്. ഇന്ത്യ സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് റിലയന്‍സിനെ യുദ്ധവിമാന നിര്‍മ്മാണത്തില്‍ പങ്കാളിയാക്കിയത് എന്നതായിരുന്നുവല്ലോ ആ വിശദീകരണം. അത് ഒരു ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകന്‍ ദല്‍ഹിയില്‍ വലിയ വിവാദമാക്കി. ശരിയാണ്, അങ്ങനെ ഒരു മുന്‍ രാഷ്ട്രപതി പറഞ്ഞാല്‍ അതില്‍ വാര്‍ത്തയുണ്ട്; വിവാദമുണ്ട്. 

പക്ഷേ ആ പ്രസ്താവന മണിക്കൂറുകള്‍ക്കുള്ളില്‍ അതെ മുന്‍ ഫ്രഞ്ച് രാഷ്ട്രപതി തന്നെ വിശദീകരിച്ചപ്പോഴോ, നിഷേധിച്ചപ്പോഴോ... ആദ്യത്തേതിലെ ചില  അവ്യക്തത അദ്ദേഹം തന്നെ നീക്കിയപ്പോഴോ?. ഫ്രഞ്ച് യുദ്ധ വിമാന കമ്പനിയായ ഡസോള്‍ട്ടും ഫ്രാന്‍സ് ഭരണകൂടവും വിശദീകരണം നല്‍കിയപ്പോഴോ. അതൊന്നും രാഹുല്‍ ഗാന്ധിമാര്‍ക്ക് പ്രശ്‌നമായില്ല; അതുപോലെ തന്നെയാണ് നമ്മുടെ ചില മാധ്യമങ്ങള്‍ക്കും. നാണംകെട്ട് കോണ്‍ഗ്രസുകാരുടെ ശിപായിമാരായി മാറുകയാണോ ചില മാധ്യമ സുഹൃത്തുക്കള്‍ എന്ന് പലപ്പോഴും തോന്നിപ്പോകും.

മുന്‍ ഫ്രഞ്ച് പ്രസിഡന്റിനെ ഇതിലേക്ക് ആനയിക്കുകയായിരുന്നു എന്ന് വ്യക്തം. ഇവിടെ ഒരു കാര്യം പറയാതെവയ്യ. റഫാല്‍ ഇടപാട് രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാടാണ്. ആ കരാറില്‍ വിമാന നിര്‍മ്മാതാക്കളായ കമ്പനി പോലുമില്ല. ഫ്രാന്‍സ് ഇന്ത്യക്ക് ഉറപ്പു നല്‍കുന്നു, 36 യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കാവുന്ന വിധത്തില്‍ ഇന്ത്യക്ക് കൈമാറും എന്ന്. അതിനെ പണം ഇന്ത്യ ഫ്രഞ്ച് സര്‍ക്കാരിനാണ് നല്‍കുന്നത്. അതായത് ആ 36 വിമാനങ്ങള്‍ ഇന്ത്യയിലല്ല നിര്‍മ്മിക്കുന്നത്, ഫ്രാന്‍സിലാണ്. അതേസമയം അവര്‍ അതുമായി ബന്ധപ്പെട്ട ചില സാമഗ്രികള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും. അതിന് കാരണം ഇന്ത്യ എടുത്തിട്ടുള്ള  നിലപാടാണ്.... 2005-ലേത്. അതനുസരിച്ച് ഒരു പ്രതിരോധ സാമഗ്രിയുടെ മുപ്പത് ശതമാനം ഇന്ത്യയില്‍ നിര്‍മ്മിക്കണം എന്നതാണ്. അതിനുള്ള സഹായികളെയാണ് ഡസോള്‍ട്ട് തിരയുന്നത്, അല്ലെങ്കില്‍ കണ്ടെത്തിയത്.

അതില്‍ ആരാണ് വേണ്ടത്, ആര്‍ക്കാണ് യോഗ്യത എന്നതൊക്കെ തീരുമാനിക്കേണ്ടത് ഫ്രഞ്ച് സ്വകാര്യ സ്ഥാപനം തന്നെയാണ്. ഇവിടെ മോദി സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല എന്നതാണ് ഏറ്റവുമൊടുവില്‍ ഡസോള്‍ട്ട് പറഞ്ഞത്; അതാണ് ഫ്രഞ്ച് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇക്കാര്യം തനിക്കറിയില്ല എന്നും അത് പറയേണ്ടത് ഡസോള്‍ട്ട് ആണ് എന്നുമാണ് തന്റെ പ്രസ്താവനക്ക് വ്യക്തത വരുത്തിക്കൊണ്ട് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഹോളണ്ടെ കഴിഞ്ഞ ശനിയാഴ്ച പറഞ്ഞത്. അതോടെ കോണ്‍ഗ്രസ് നിരത്തിയ ആക്ഷേപങ്ങള്‍ ചത്തൊടുങ്ങി; അതോടെ പാരീസില്‍ പൊട്ടുമെന്ന് പ്രതീക്ഷിച്ച ബോംബിന്റെ കഥകഴിഞ്ഞു. റഫാല്‍ യുദ്ധ വിമാന ഇടപാട് വിവാദമാക്കിയ കോണ്‍ഗ്രസ് യഥാര്‍ഥത്തില്‍ പുലിവാല് പിടിക്കുകയാണ് ചെയ്തിരിക്കുന്നത്. 

ഒരു പക്ഷെ, റിലയന്‍സിനെ 2012 ല്‍ ശുപാര്‍ശ ചെയ്തത് ഇന്ത്യ സര്‍ക്കാരാണ് എന്നതാവണം. അന്നത്തെ യുപിഎ സര്‍ക്കാരിനെ ആവണം അദ്ദേഹം ഉദ്ദേശിച്ചത്. ഇനി യഥാര്‍ഥത്തില്‍ റിലയന്‍സിനെ രംഗത്തിറക്കിയത് ആരാണ്?. അതാണ് ഏറെ രസകരം. 2012-ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് റഫാല്‍ വിമാനം വാങ്ങാന്‍ പദ്ധതി തയ്യാറാക്കിയപ്പോള്‍ തന്നെ റിലയന്‍സ് രംഗത്ത് വന്നിരുന്നു. 

അന്ന് അവരെയും മറ്റു ചിലരെയും ഡസോള്‍ട്ടിന് മുന്നിലെത്തിച്ചത് ആരാണ്?. അതിന്റെ കഥകള്‍ ഇന്നിപ്പോള്‍ ഫ്രഞ്ച് വിമാന നിര്‍മ്മാതാക്കളുടെ പക്കലുണ്ടല്ലോ. റിലയന്‍സും ഡസോള്‍ട്ടും തമ്മില്‍ 2013 -ല്‍ ധാരണാപത്രം ഒപ്പുവെക്കുക പോലും ചെയ്തു. അന്ന് ആ പ്രസ്ഥാനത്തിന്റെ അധിപന്‍ ജ്യേഷ്ഠനായിരുന്നു എങ്കില്‍ ഇപ്പോള്‍ അത് അനുജനാണ് എന്നുമാത്രമേ വ്യത്യാസമുള്ളൂ. 

അത് ആ കുടുംബത്തിന്റെ കാര്യമാണ്; അവര്‍ തമ്മില്‍ ഭാഗം വെച്ചത് കൊണ്ടാണ്; രണ്ടും റിലയന്‍സ് തന്നെ. അപ്പോള്‍ അതല്ല ഇന്നത്തെ യഥാര്‍ഥ പ്രശ്‌നം; മറ്റെന്തൊക്കെയോ ആണ്. അതാണ് ഏറെ ഞെട്ടിക്കുന്നത്. ഈ വേവലാതിക്ക് കാരണം 'അളിയന്' പരിഗണന ലഭിക്കാതെ പോയതാണോ... രാഹുല്‍ ഗാന്ധി വ്യക്തമാക്കേണ്ടത് അതാണ്; സോണിയക്കും രാഹുലിനും പുറമെ അവരുടെ ബന്ധുക്കളുടെ താല്പര്യവും കോണ്‍ഗ്രസ് ഏറ്റെടുക്കണോ?. ഇത്രക്ക് അധഃപതിച്ചോ ഈ പാര്‍ട്ടി?. പറഞ്ഞുവന്നത്, റോബര്‍ട്ട് വാദ്ര നടത്തിയ നീക്കങ്ങളെക്കുറിച്ചാണ്. അയാള്‍ ഉള്‍പ്പെട്ട ഒരു കമ്പനി റഫാല്‍ നിര്‍മ്മാണ മേഖലയില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. 

യുപിഎ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കമ്പനികളില്‍ ഒന്ന് അതാണ്. വാദ്രയും മറ്റുചിലരും ചേര്‍ന്ന് രൂപം കൊടുത്ത സ്ഥാപനം; ഒഐഎസ് അഥവാ ഓഫ്സെറ്റ് ഇന്ത്യസൊല്യൂഷന്‍സ്. തന്റെ ബിനാമിയായ അല്ലെങ്കില്‍ സ്വന്തക്കാരനായ സഞ്ജയ് ഭണ്ഡാരിയെയാണ് അതില്‍ വാദ്ര മുന്നില്‍ നിര്‍ത്തിയത്. വിമാനം പോയിട്ട് കളിവിമാനം ഉണ്ടാക്കാനുള്ള പരിചയമോ അനുഭവമോ ഇല്ലാത്ത സ്ഥാപനം; ഇതിനുവേണ്ടി പെട്ടെന്ന് തട്ടിക്കൂട്ടിയത്. ആ നിര്‍ദ്ദേശം പക്ഷെ ഫ്രഞ്ച് സ്ഥാപനം തള്ളി. 

ഒരു പക്ഷെ വാദ്രയ്ക് അതുമായുള്ള ബന്ധം തന്നെയാവണം ഒഴിവാക്കാനുള്ള ഒരു കാരണം; പിന്നെ പരിചയക്കുറവും. എന്നാല്‍ അതിനൊപ്പമാണ് റിലയന്‍സിനെ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്; അതുകൊണ്ടാണ് 2012 -ല്‍ ഡസോള്‍ട്ട് അവരുമായി എംഒയു ഒപ്പിട്ടതും. എന്നാല്‍ അന്ന് ആ സര്‍ക്കാരിന്റെ കാലത്ത് യുദ്ധവിമാന ഇടപാട് നടക്കാതിരുന്നതിനാല്‍ പദ്ധതി മുന്നോട്ട് പോയില്ല. എന്നാല്‍ എന്നെങ്കിലും ഇന്ത്യ റഫാല്‍ വാങ്ങുമ്പോള്‍ തന്റെ അളിയന്റെ സ്ഥാപനത്തിന് അതിന്റെ സൗകര്യം ലഭിക്കുമെന്ന് ചിലര്‍ കരുതിയിരിക്കണം; മരുമകന്‍ നന്നാവുന്നതില്‍ ആഗ്രഹമില്ലാത്ത അമ്മായിഅമ്മമാരും ഉണ്ടാവില്ലല്ലോ. 

അവസാനം 36 വിമാനങ്ങള്‍ വാങ്ങാന്‍ മോദി സര്‍ക്കാര്‍ കരാറുണ്ടാക്കിയപ്പോള്‍ അതിനിടയില്‍ റോബര്‍ട്ട് വാദ്രക്ക് പ്രസക്തിയില്ലാതായി. അതോടെ 10 ജനപഥില്‍ ബഹളമായി. എങ്ങിനെയെങ്കിലും പ്രതിരോധസേനയ്ക്ക് കരുത്തുപകരുന്നത് തടയാനായി പിന്നെ നീക്കം. അതായത് ഈ വിമാന ഇടപാട് റദ്ദാക്കിക്കാന്‍. അങ്ങനെയാവണം ഈ ഇടപാടില്‍ അഴിമതി ആരോപണം കണ്ടെത്താന്‍ സോണിയ പരിവാര്‍ തീരുമാനിച്ചത്. കോടതിയില്‍ പോയതും മറന്നുകൂടാ. രണ്ട് സര്‍ക്കാരുകള്‍ തമ്മില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ അഴിമതി ഉണ്ടാവില്ല എന്നും മധ്യസ്ഥര്‍ക്ക് സ്ഥാനമില്ല എന്നും അറിയാത്തവരാണ് ഇന്ത്യക്കാര്‍ എന്ന് സോണിയമാര്‍ ധരിച്ചിരിക്കണം. എല്ലാത്തിലും 'ക്വത്തറോക്കി അങ്കിള്‍'- മാരെ കണ്ടു പരിചയമുള്ളവര്‍ക്ക് ഇങ്ങനെയൊക്കെയല്ലേ തോന്നൂ.

മറ്റൊന്ന്, ഏതാണ്ട് 72 ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ ആ യുദ്ധവിമാന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ പട്ടിക ഇന്നലെ തന്നെ ഡസോള്‍ട്ട് പുറത്തുവിട്ടു. ടാറ്റ, മഹിന്ദ്ര, എല്‍ആന്‍ഡ്ടി, ഗോദ്റെജ് എന്നിവയൊക്കെ അതില്‍പ്പെടും. അവര്‍ക്കൊപ്പമാണ് കുറെ ജോലികള്‍ റിലയന്‍സിന് നല്‍കുന്നത്. 

അതിനൊപ്പം എച്ച്എഎല്‍- സ്‌നെക്മാ എന്ന സംയുക്ത സംരഭവുമുണ്ട്. എം 888 എഞ്ചിനുകളുടെ പാര്‍ട്ട്‌സ് ഉണ്ടാക്കുന്നത് അവരാണ്. അതായത് എച്ച്എഎല്‍ ഒഴിവാക്കപ്പെട്ടു എന്ന് പറയുന്നത് ശരിയല്ല. ഇക്കാര്യം വ്യക്തമാക്കിയത് ഡസോള്‍ട്ട് ഏവിയേഷന്‍ വൈസ് പ്രസിഡന്റ് സ്റ്റെഫനെ ഫോര്‍ട്ട് ആണ്, ഒന്നുകൂടി സൂചിപ്പിക്കട്ടെ,  ഇന്ത്യക്ക് ആവശ്യമുള്ള വിമാനങ്ങള്‍ റിലയന്‍സ് അല്ല നിര്‍മ്മിക്കുന്നത്. ഈ അനവധി കമ്പനികള്‍ എല്ലാം ഉണ്ടാക്കുന്നത് യുദ്ധവിമാനത്തിന്റെ ഓരോ സാമഗ്രികളാണ്.

ഇന്നിപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വലിയ എതിര്‍പ്പുകള്‍ നേരിടുന്നുണ്ട്; അത് രാജ്യത്തിനകത്ത് നിന്നല്ല മറിച്ച് ശത്രുരാജ്യങ്ങളില്‍ നിന്ന്. ചൈനയും പാക്കിസ്ഥാനുമൊക്കെ ഇന്ത്യയെ തളര്‍ത്തിയെ തീരു എന്ന നിലപാടിലാണ് എന്നത് ആര്‍ക്കാണ് അറിയാത്തത്. ഇന്ത്യ പ്രതിരോധ മേഖലയില്‍ ശക്തിയാര്ജിക്കുമ്പോള്‍ വിഷമവും ദു:ഖവുമൊക്കെ ഈ അയല്‍ക്കാര്‍ക്കാണ്. അവര്‍ക്കൊപ്പം ഇപ്പോള്‍ ഇന്ത്യയിലെ ചില പ്രതിപക്ഷ കക്ഷികള്‍ പങ്കുചേരുന്നു എന്നുള്ള സംശയമാണ് ആക്ഷേപണം കഴിഞ്ഞദിവസം ഒരു കേന്ദ്രമന്ത്രി പോലും പ്രകടിപ്പിച്ചത്. 

ഇന്ത്യയെ തളര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റിനെ വരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നും മറ്റുമുള്ള വാര്‍ത്തകളും വരുന്നുണ്ടല്ലോ. വത്തിക്കാന്‍, ഇസ്ലാമിക മത ഭീകരവാദികള്‍ എന്നിവരാണ് മറ്റൊരു കൂട്ടര്‍. അവര്‍ക്കൊക്കെ ഇന്ന് യോജിക്കാന്‍ കഴിയുന്ന ഒരു കാന്‍വാസ് ഉണ്ടാക്കുന്നത് ഇന്ത്യയിലെ പ്രതിപക്ഷം ആണ് എന്നാണ് പൊതുവെയുള്ള ഒരു തോന്നല്‍. എന്നാല്‍ ഇവിടെ ഓരോ നീക്കത്തിലും അവര്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു. നരേന്ദ്ര മോദിയെ അഴിമതിക്കാരനാക്കാന്‍ ആണ് പ്രതിപക്ഷം ലക്ഷ്യമിട്ടത്. അവിടെയാണ് അവര്‍ പരാജയപ്പെട്ടത്; മോദിയെ അങ്ങിനെ ആക്ഷേപിച്ചാല്‍ ആരും വിശ്വസിക്കില്ല.

പ്രത്യേകിച്ചും അയ്യായിരം കോടിയുടെ തട്ടിപ്പ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ രണ്ടുപേര്‍; ഒരു മകനും അമ്മയും; ഈ സംഭവവികാസങ്ങള്‍ യാഥാര്‍ഥത്തില്‍ നരേന്ദ്ര മോദിക്ക് അനുഗ്രഹമേ ആവൂ. ഹെലികോപ്റ്റര്‍ ഇടപാടിലെ ദല്ലാളെ കാത്തിരിക്കുമ്പോള്‍ മോദിയും ഇതൊക്കെ പ്രതീക്ഷിച്ചിരിക്കണം. അദ്ദേഹത്തിന്റെ ജനപിന്തുണ വര്‍ദ്ധിക്കാനേ അത് സഹായിക്കൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.