നിരക്ക് വര്‍ദ്ധന അംഗീകരിച്ച് കൊടുക്കാന്‍ പറ്റുന്നതല്ല

Monday 24 September 2018 1:16 am IST

പമ്പ-നിലയ്ക്കല്‍ റൂട്ടിലെ കെഎസ്ആര്‍ടിസി നിരക്ക് വര്‍ദ്ധന ഒരിക്കലും അംഗീകരിച്ചു കൊടുക്കാന്‍ പറ്റുന്നതല്ല. ഒരു ഭക്തനും സൗജന്യ യാത്ര ആഗ്രഹിക്കുന്നില്ല. വര്‍ദ്ധിപ്പിച്ച നിരക്ക് ഒഴുവാക്കണമെന്നെ ആവശ്യപ്പെടുന്നുള്ളൂ. നഷ്ടത്തിലായ ഒരു പൊതുമേഖലാ സ്ഥാപനത്തെ രക്ഷിക്കാനുള്ള അവസരമായി ഇതിനെ കണ്ടാല്‍ മതിയെന്നാണ് ചിലര്‍ പറയുന്നത്. ഭക്തരുടെ മേലില്‍ അമിത ചാര്‍ജ് കെട്ടിവെച്ചാണോ ഒരു സ്ഥാപനത്തെ രക്ഷിക്കുന്നത്. 

ഓരോ മണ്ഡല കാലത്തും ഭക്തരില്‍ നിന്നും ലക്ഷങ്ങളാണ് കെഎസ്ആര്‍ടി സിക്ക്  ലഭിക്കുന്നത്. അത് വിസ്മരിക്കരുത്. തകരുന്ന പൊതുഗതാഗത സംവിധാനത്തെ പുനരുജ്ജീവിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. അതിന് ഇതല്ല വഴി- എന്ന് ഓര്‍മ്മിപ്പിക്കട്ടെ.

രജിത് മുതുവിള, തിരുവനന്തപുരം

അധികാരവും ആഡംബരവും വഴിതെറ്റിക്കുന്നു

ഒടുവില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായി. കന്യാസ്ത്രീകള്‍ നടത്തിയ സമരം ഭാഗികമായി വിജയിച്ചു. ചിലതുകുറിക്കട്ടെ, മതപുരോഹിതന്മാര്‍ സമൂഹത്തിന് മാതൃകയും വഴികാട്ടികളുമാകേണ്ടവരാണ്. പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും ആശ്രയമാകേണ്ടവര്‍. ബിഷപ്പിന്റെ ജീവിതം ആര്‍ഭാടപരമായിരുന്നു! അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനംകൊണ്ടു തന്നെ കേരളത്തിലും പ്രമുഖരാഷ്ട്രീയപ്പാര്‍ട്ടികളാരും തന്നെ പരസ്യമായി പരാതിക്കാരിയേയോ കന്യാസ്ത്രീകളുടെ സമരത്തേയോ പിന്തുണച്ചിട്ടില്ല! എന്നാല്‍ പരാതിക്കാരിയെ പൊതുസമൂഹത്തില്‍ അധിക്ഷേപിക്കാനും രാഷ്ട്രീയനേതാക്കള്‍ മടിച്ചില്ലെന്നത് ഞെട്ടിപ്പിക്കുന്നു! എംഎല്‍എ പി.സി.ജോര്‍ജ്ജും, സിപിഎം സെക്രട്ടറി കോടിയേരിയും കന്യാസ്ത്രീകളുടെ സമരത്തെ അവഹേളിക്കുകയാണ് ചെയ്തത്! ഇവര്‍ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്നും സ്ത്രീകള്‍ക്ക് എന്തുനീതിയാണ് കിട്ടുക?

ആര്‍ഭാടജീവിതം മനുഷ്യന്റെ വഴിതെറ്റിക്കും. ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിലൂടെ അതാണ് വ്യക്തമാക്കുന്നത്.

ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍

കിരാതമായ സംഭവം 

ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക്ക് സൈന്യം ബിഎസ്എഫ് ജവാനെ വെടിവെച്ചുകൊന്നതിന് ശേഷം കഴുത്തറുത്ത കിരാതമായ സംഭവം അങ്ങേയറ്റം ക്രൂരവും പ്രതിഷേധാര്‍ഹവുമാണ്. യാതോരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ ഈ കിരാത പ്രവൃര്‍ത്തികള്‍ നടത്തിയത്. അതിര്‍ത്തിയില്‍ നിലനിന്നുവരുന്ന സമാധാന അന്തരിക്ഷം തകര്‍ക്കുക എന്ന ഗൂഢ നീക്കമാണ് ഇത് വഴി പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്. 

ലോക രാഷ്ട്രങ്ങള്‍ ഇത്തരം സംഭവങ്ങളില്‍ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണം.അമേരിക്ക അടക്കമുളള വിദേശ രാജ്യങ്ങള്‍ പാക്കിസ്ഥാന് നല്‍കുന്ന സൈനിക സഹായങ്ങള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്.

ആര്‍. ജിഷി, കാസര്‍കോട്‌

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.