കൊച്ചി: പ്രഥമ കൊച്ചിന് ഇന്റര്‍നാഷണല്‍ ബോട്ട് ഷോ 2018 (സിഐബിഎസ്) 26 മുതല്‍ 28 വരെ കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍. 26ന് രാവിലെ 10.30ന് സതേണ്‍ നേവല്‍ കമാന്‍ഡ് ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ എ.കെ. ചാവ്ല, കെ.വി. തോമസ് എംപി എന്നിവര്‍ ചേര്‍ന്ന് ബോട്ട് ഷോ ഉദ്ഘാടനം ചെയ്യും.
കേരള ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്റെ (കെഎസ്ഐഎന്‍സി) സഹകരണത്തോടെ ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ബോട്ട് ഷോകളില്‍ ഇന്ത്യന്‍ പവലിയന് ഒരുക്കുന്ന കൊച്ചി ആസ്ഥാനമായ ക്രൂസ് എക്സ്പോസ് എന്ന കമ്പനിയാണ് ബോട്ട് ഷോ സംഘടിപ്പിക്കുന്നത്. എട്ട് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ആദ്യമായാണ് അന്താരാഷ്ട്ര ബോട്ട് ഷോ സംഘടിപ്പിക്കുന്നത്. ബോട്ട് കമ്പനികളെ കൂടാതെ വിനോദ ബോട്ടിങ്ങ് മേഖലയുമായി ബന്ധപ്പെട്ട എല്ലാവരും ഇതിന്റെ ഭാഗമാകും.
മറീനകള്, എഞ്ചിനുകള്‍ കൂടാതെ മറ്റ് ജലഗതാഗത സംവിധാനങ്ങളും സേവനദാതാക്കളും ഉപകരണങ്ങളും ഇതില്‍പ്പെടും. ട്രെയിലര്‍ ബോട്ടുകള്‍, സ്പോര്‍ട്സ് ബോട്ടുകള്‍, ആഡംബര മോട്ടോര്‍ യോട്ടുകള്‍ തുടങ്ങിയ മുഖ്യധാരാ വിഭാഗങ്ങള്‍ക്ക് പുറമേ വാട്ടര്‍ സ്കീയിംഗ്, വേക്ക്ബോര്‍ഡിംഗ്, കയാക്കിംഗ്, സ്കൂബ ഡൈവിംഗ്, മത്സ്യബന്ധനം എന്നിവയും സിഐബിഎസില് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, കെഎസ്ഐഎന്‍സി ടെക്നിക്കല്‍ മാനേജര്‍ അനൂപ്കുമാര്‍, കമേഴ്സ്യല്‍ മാനേജര്‍ സിറില്‍ എബ്രഹാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: