ബിഷപ് ഫ്രാങ്കോയെ പാലാ ജയിലിലടച്ചു

Monday 24 September 2018 3:25 pm IST
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ 6 വരെ റിമാന്‍ഡ്

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ 6 വരെ റിമാന്‍ഡ്  ചെയ്ത ബിഷപ്പിനെ പാലാ സബ് ജയിലില്‍ അടച്ചു. ഇന്നലെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ തെളിവെടുപ്പിനായി രണ്ടു ദിവസത്തേക്കായിരുന്നു ബിഷപ്പിനെ കസ്റ്റഡിയില്‍ വിട്ടത്. 

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കിയത്. പോലീസ് ക്ലബില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പായി മെഡിക്കല്‍ സംഘം പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ബിഷപ്പിനെ കോടതിയില്‍ എത്തിച്ചത്.

ഉച്ചയ്ക്ക് കേസ് പരിഗണിച്ച കോടതി എന്തെങ്കിലും പറയാനുണ്ടോ എന്ന് ആരാഞ്ഞു. തുടര്‍ന്ന്  കഴിഞ്ഞ ദിവസം ധരിച്ചിരുന്ന കുര്‍ത്തയും പൈജമയും പോലീസ് ബലമായി വാങ്ങിയെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ അറിയിച്ചു. അതിലെ മുടിയും മറ്റും ഉപയോഗിച്ച് വ്യാജ തെളിവുണ്ടാക്കുമെന്ന് ആശങ്കയുണ്ടെന്നും പ്രതിഭാഗം പറഞ്ഞു. എന്നാല്‍ എല്ലാം നിയമപ്രകാരം മാത്രമെ ചെയ്തിട്ടുള്ളുവെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

തുടര്‍ന്ന് കോടതി നടപടികള്‍ 15 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി ബിഷപ്പുമായി പോലീസ് പുറത്തു വന്നു. ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം ബിഷപ്പിനെ സബ് ജയിലിലേക്ക് മാറ്റി. ജയിലിന് പുറത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. 

ബിഷപ് മൂന്നാം നമ്പർ സെല്ലിൽ; ഉറക്കം നിലത്ത്

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാര്‍പ്പിക്കുന്നത് പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍. സി ക്ലാസ് ജയിലായ ഇവിടെ പ്രത്യേക സൗകര്യങ്ങളൊന്നും റിമാന്‍ഡ് തടവുകാര്‍ക്കില്ല. അതിനാല്‍ ഉറക്കം നിലത്താണ്.

ബിഷപ്പിനൊപ്പം മറ്റ് രണ്ട് പെറ്റി കേസ് തടവുകാര്‍ കൂടി സെല്ലിലുണ്ട്. ഇവിടെയുണ്ടായിരുന്ന ആറു തടവുകാരെ പൊന്‍കുന്നം സബ് ജയിലിലേക്ക് മാറ്റിയ ശേഷമാണ് ബിഷപ്പിനെ പാര്‍പ്പിക്കുന്നത്. 30 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യം മാത്രമുള്ള സബ് ജയിലില്‍ 46 പേരാണ് ഉണ്ടായിരുന്നത്. 47-ാമത്തെയാളായിട്ടാണ് ബിഷപ് ജയിലില്‍ എത്തിയത്. 

ജയിലിലാകുന്ന ഇന്ത്യയിലെ ആദ്യ ബിഷപ്

പാലാ: ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ അടച്ചതോടെ ബിഷപ് പദവിയിലിരിക്കെ തടവറയിലാകുന്ന ആദ്യ വ്യക്തിയായി. ബലാത്സംഗം ഉള്‍പ്പടെ കുറ്റകൃത്യങ്ങള്‍ക്ക് ജയിലിലടയ്ക്കപ്പെട്ട ഇന്ത്യയിലെ ആദ്യ ബിഷപ്പു കൂടിയാണ്. ജലന്ധര്‍ രൂപത ആസ്ഥാനത്ത് എല്ലാവിധ ആഡംബരങ്ങളോടെയും കഴിഞ്ഞിരുന്ന ബിഷപ്പാണ് തടവറയില്‍ കിടക്കേണ്ടി വന്നിരിക്കുന്നത്. ജയിലിലടയ്ക്കുന്ന ബിഷപ്പിനെ കാണാന്‍ സബ് ജയിലിനു മുന്നിലും സിവില്‍ സ്റ്റേഷന്‍ പരിസരത്തും വന്‍ ജനക്കൂട്ടമായിരുന്നു. കൂകി വിളിച്ചാണ് ജനം ബിഷപ്പിനെ ജയിലിലേക്കയച്ചത്. ആകാശനീല നിറമുള്ള ജുബ്ബയും കടുത്ത നിറമുള്ള പാന്റ്‌സുമായിരുന്നു വേഷം. ജാള്യതയടക്കിയ പുഞ്ചിരിയോടെയാണ് ഫ്രാങ്കോ പ്രതിക്കൂട്ടില്‍ നിന്നത്. എന്നാല്‍ ജയിലിലേക്ക് മടങ്ങുമ്പോള്‍ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.