ചാരക്കേസ്: നീതി തേടി 20 വര്‍ഷം ശര്‍മ പൊരുതുകയാണ് അര്‍ബുദത്തോട്

Tuesday 25 September 2018 2:52 am IST

ബെംഗളൂരു: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഉള്‍പ്പെട്ട് ജീവിതം നശിച്ച മറ്റൊരാള്‍ കൂടിയുണ്ട്, എസ്.കെ. ശര്‍മ. 20 വര്‍ഷമായി നീതിതേടി പൊരുതുന്ന ശര്‍മ ഇപ്പോള്‍ പോരടിക്കുന്നത് കാന്‍സറിനോട്. നമ്പി നാരായണന് ലഭിച്ചപോലെ തനിക്കും നഷ്ടപരിഹാരം ലഭിക്കും, അത് ചികില്‍സയ്ക്ക്  ഉപയോഗിക്കാം എന്ന പ്രതീക്ഷയിലാണ് ശര്‍മ.

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരായ നമ്പി നാരായണന്‍, ചന്ദ്രശേഖര്‍ എന്നിവര്‍ക്കൊപ്പം ചാരക്കേസില്‍ കുടുങ്ങിയ ശര്‍മ കരാറുകാരനായിരുന്നു. 94ല്‍ 34 വയസ് മാത്രമുള്ള ലേബര്‍ കോണ്‍ട്രാക്ടറായിരുന്നു. ഇരുനൂറിലേറെ തൊഴിലാളികളാണ് ശര്‍മയുടെ കീഴിലുണ്ടായിരുന്നത്. ഭാര്യ 31 കാരി കിരണ്‍. രണ്ടു മുതല്‍ പത്തു വയസുവരെയുള്ള മൂന്നു പെണ്‍മക്കള്‍. അല്ലലില്ലാതെ ജീവിക്കുമ്പോഴാണ് ചാരക്കേസ് ഉത്ഭവിക്കുന്നത്. 95ല്‍ ശരാശരി 50 ലക്ഷം രൂപ സമ്പാദിച്ചിരുന്നു. താമസം ബെംഗളൂരുവില്‍. റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ ഗ്ലാവ്‌കോസ്‌മോസിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ കെ. ചന്ദ്രശേഖറുമായി നല്ല ബന്ധം.

ചന്ദ്രശേഖര്‍ അറസ്റ്റിലായതോടെയാണ് ആ ബന്ധത്തിന്റെ പേരില്‍ താനും കുടുങ്ങിയതെന്ന് ശര്‍മ ഓര്‍ക്കുന്നു. പിന്നീട് 98ല്‍ സുപ്രീംകോടതി ശര്‍മയെ കുറ്റവിമുക്തനാക്കി. നഷ്ടപരിഹാരമായി ലഭിച്ചത് ഒരു ലക്ഷം രൂപ. തകര്‍ന്ന ഒരു കുടുംബത്തിന് ലഭിച്ച പരിഹാരം...അനുഭവിച്ച പീഡനം, നാണക്കേട്.  ബിസിനസ് പോലും നശിച്ചു. രാജ്യദ്രോഹിയെന്ന പേരും. പിന്നീട് കോടതി കുറ്റവിമുക്തനാക്കിയശേഷം ഹൈക്കോടതിയില്‍ നഷ്ടപരിഹാരം തേടി ശര്‍മ നല്‍കിയ ഹര്‍ജിയില്‍ ഇപ്പോഴും വാദം തുടരുകയാണ്. കാന്‍സര്‍ രോഗിയായ ശര്‍മ ഇപ്പോള്‍ പാലിയേറ്റീവ്  കെയറിലാണ്. നഷ്ടപരിഹാരം ലഭിച്ചാല്‍ ചികില്‍സക്കെങ്കിലും ആകുമായിരുന്നു, ശര്‍മ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.