ഹൃദയം എന്തില്‍ പ്രതിഷ്ഠിതമായിരിക്കുന്നു?

Tuesday 25 September 2018 3:00 am IST

ബൃഹദാരണ്യകോപനിഷത്ത്- 68

പടിഞ്ഞാറ്, വടക്ക്, മുകള്‍ ഭാഗം എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യവും അതിന്റെ ഉത്തരവും ഇനി പറയുന്നു.

കിംദേവതോളസ്യാം  പ്രതീച്യാം ദിശ്യസീതി...

പടിഞ്ഞാറേ ദിക്കില്‍ ഏത് ദേവതയോട് കൂടിയവനാണ്? എന്നു ശാകല്യന്റെ ചോദ്യം 'വരുണന്‍' എന്നു യാജ്ഞ്ഞവല്യന്റെ ഉത്തരം. 

വരുണന്‍ എന്തില്‍ പ്രതിഷ്ഠിതനാണ്? അപ്പുകളില്‍.

അപ്പുകള്‍ ഏതില്‍ പ്രതിഷ്ഠിതമാണ്?രേതസ്സില്‍.

രേതസ്സ് ഏതില്‍ പ്രതിഷ്ഠിതമാണ്?ഹൃദയത്തില്‍. അതുകൊണ്ടാണ്  തന്നില്‍ നിന്നും ജനിച്ച കുട്ടിയെ നേര്‍പ്പകര്‍പ്പാണ് എന്നു പറയുന്നത്. അച്ഛന്റെ ഹൃദ്യത്തില്‍ നിന്നും പുറപ്പെട്ടവനെപ്പോലെയും നിര്‍മിച്ചവനെപ്പോലെയുമാണ് മകന്‍ എന്നു യാജ്ഞവല്‍ക്യന്‍ മറുപടി പറഞ്ഞു. ശാകല്യന്‍ സമ്മതിച്ചു.

ജലദേവതയായ വരുണന്‍ പടിഞ്ഞാറേ ദിക്കിന്റെ ആധിപതിയാണ്.

കിംദേവതോളസ്യാം ഉദീച്യാം ദിശ്യസീതി സോമദേവത ഇതി...

വടക്കേ ദിക്കില്‍ നീ ഏത് ദേവതയോട് കൂടിയവനാണ്? സോമനാകുന്ന ദേവത.

സോമന്‍ ഏതില്‍ പ്രതിഷ്ഠിതനാണ്? ദീക്ഷയില്‍.

ദീക്ഷ എന്തില്‍ പ്രതിഷ്ഠിതമാണ്? സത്യത്തില്‍.

സത്യം ഏതിലാണ്? ഹൃദയത്തില്‍. ഹൃദയം കൊണ്ടാണ് സത്യം അറിയുന്നത്. അതിനാല്‍ ഹൃദയത്തില്‍ തന്നെ സത്യം പ്രതിഷ്ഠിതമാണ് എന്ന് യാജ്ഞ്ഞവല്‍ക്യന്‍ പറഞ്ഞു.ശാകല്യന്‍ ശരിവെച്ചു.

സോമലതയെയും സോമനെയും ഒന്നായാണ് ഇവിടെ പറയുന്നത്. ദീക്ഷിതനായ യജമാനന്‍ സോമത്തെ വിലയ്ക്ക് വാങ്ങി ആ സോമത്താല്‍ യാഗം ചെയ്താണ് വടക്കേ ദിക്കിനെ പ്രാപി

ക്കുന്നത്. അതിനാലാണ് സോമന്‍ ദീക്ഷയില്‍ പ്രതിഷ്ഠിതന്‍ എന്ന് പറഞ്ഞത്. ദീക്ഷിതനോട് സത്യം പറയണം. ദീക്ഷ സത്യത്തില്‍ പ്രതിഷ്ഠിതമാണ്.

കിംദേവതോളസ്യാം ധ്രുവായാം ദിശദീതിഅഗ്‌നിദേവത ഇതി...

മുകളിലെ ദിക്കില്‍ നീ ഏത് ദേവതയോട് കൂടിയിരിക്കുന്നു? അഗ്‌നി ദേവത 

അഗ്‌നി എന്തില്‍ പ്രതിഷ്ഠിതമാണ്? വാക്കില്‍. 

വാക്ക് ഏതില്‍ പ്രതിഷ്ഠിതമാണ്? ഹൃദയത്തില്‍.

ഹൃദയം എന്തിലാണ് പ്രതിഷ്ഠിതമായിരിക്കുന്നത് എന്ന് വീണ്ടും  ചോദിക്കുന്നു. യാജ്ഞവല്‍ക്യന്‍ എല്ലാ ദിക്കിലും വ്യാപിച്ച ഹൃദയത്താല്‍ ദിക്കുകളോടു താദാത്മ്യം പ്രാപിച്ചവനായി. ദിക്കുകള്‍ ആത്മാവായിത്തീര്‍ന്നു. നാമവും രൂപവും കര്‍മവും ഒക്കെ ദിക്കുകളോടും  അതാത് അധിഷ്ഠാന ദേവതയോടും  കൂടി യാജ്ഞവല്‍ക്യ ന്റെ ഹൃദയമായി മാറി. ആ ഹൃദയം  സര്‍വാത്മകമാണ്. അത് ഏതില്‍ പ്രതിഷ്ഠിതമാണെന്നാണ് ശാകല്യന്റെ അടുത്ത ചോദ്യം. അതിന്റെ ഉത്തരം തുടര്‍ന്നു  കാണാം...

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.