ഐ‌എഫ്‌എഫ്‌കെ നടത്തിപ്പില്‍ അനിശ്ചിതത്വം

Tuesday 25 September 2018 11:02 am IST
മേളയില്‍ വലിയ തോതിലുള്ള ആഘോഷങ്ങള്‍ ഒഴിവാക്കാനും ചടങ്ങില്‍ പുരസ്‌ക്കാര വിതരണം മാത്രമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ചെലവ് ചുരുക്കിയാലും കുറഞ്ഞത് മൂന്ന് കോടി രൂപയെങ്കിലും മേളം നടത്തുന്നതിനായി വേണ്ടിവരുമെന്ന് മന്ത്രി ബാലന്‍ പറയുന്നു.

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ അനിശ്ചിതത്വം തുടരുന്നു. രാജ്യാന്തര ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്താന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയെങ്കിലും സര്‍ക്കാര്‍ പണം അനുവദിക്കാതെ മേള നടത്താന്‍ കഴിയില്ലെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.  മേള നടത്തുന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പകരം പണം അക്കാദമി കണ്ടെത്തണം. 

മേളയില്‍ വലിയ തോതിലുള്ള ആഘോഷങ്ങള്‍ ഒഴിവാക്കാനും ചടങ്ങില്‍ പുരസ്‌ക്കാര വിതരണം മാത്രമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.  ചെലവ് ചുരുക്കിയാലും കുറഞ്ഞത് മൂന്ന് കോടി രൂപയെങ്കിലും മേളം നടത്തുന്നതിനായി വേണ്ടിവരുമെന്ന് മന്ത്രി ബാലന്‍ പറയുന്നു. പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപയെങ്കിലും വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

ചെലവ് ചുരുക്കി മേള നടത്താമെന്ന അക്കാദമി നിര്‍ദേശം സര്‍ക്കാര്‍ അംഗികരിക്കുകയായിരുന്നു. മൂന്ന് കോടി ചെലവില്‍ ചലചിത്രമേള നടത്താമെന്നായിരുന്നു നിര്‍ദേശം. ഉദ്ഘാടന ചടങ്ങിന്റെയും സമാപന സമ്മേളനത്തിന്റെയും പകിട്ട് കുറയ്ക്കണമെന്നും സമാപന ചടങ്ങ് പുരസ്‌കാര വിതരണം മാത്രമാക്കി ചുരുക്കണമെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡെലിഗേറ്റ് ഫീസ് വര്‍ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ 650 ആയിരുന്ന ഫീസ് ഇത്തവണ 1,500 എങ്കിലും ആക്കണമെന്നാണ് നിര്‍ദേശം.

വിദ്യാര്‍ഥികളുടെ ഫീസ് ഇനത്തിലും വര്‍ധനവുണ്ടാകുമെന്നാണ് സൂചന. മേളയുമായി ബന്ധപ്പെട്ട മറ്റെല്ലാ പകിട്ടുകളും കുറയ്ക്കണമെന്നും വിദേശജൂറികളുടെ എണ്ണം കുറക്കണമെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരം നിര്‍ദേശങ്ങള്‍ പാലിച്ച്‌ മേള നടത്തുന്നതിന് സാംസ്‌കാരിക വകുപ്പ് നേരത്തെ തന്നെ സമ്മതം നല്‍കിയിരുന്നു. വകുപ്പ് മന്ത്രി ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറയി വിജയനെ ധരിപ്പിക്കുകയും അദ്ദേഹം അനുമതി നല്‍കുകയും ചെയ്തതോടെയാണ് മേള നടക്കും എന്ന് ഉറപ്പായത്. 

പ്രളയക്കെടുതിയില്‍ വന്‍ തകര്‍ച്ചയെ നേരിട്ട സംസ്ഥാനത്ത് സ്‌കൂള്‍ കലാകായികശാസ്ത്ര മേളകളും ചലച്ചിത്രമേളയും ഇത്തവണ നടത്തേണ്ട എന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യ നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.