കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ തനത് കലാരൂപങ്ങളുടെ ചുമര്‍ചിത്രങ്ങള്‍ ഒരുങ്ങുന്നു

Tuesday 25 September 2018 5:09 pm IST

 

സ്വന്തം ലേഖകന്‍

കണ്ണൂര്‍: ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ഉദ്ഘാടനം ചെയ്യാന്‍ ഒരുങ്ങുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പരമ്പരാഗത ചിത്രങ്ങളും കണ്ണൂരിന്റെ തനത് കലയായ തെയ്യത്തിന്റെ കൂറ്റന്‍ ചുമര്‍ചിത്രങ്ങളും ഒരുങ്ങുന്നു. ഒരേസമയം 20 ഓളം വലിയ വിമാനങ്ങള്‍ക്ക് നിര്‍ത്തിയിടാന്‍ മാത്രം വിശാലമായ വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തോട് ചേര്‍ന്നാണ് കൂറ്റന്‍ ചുമര്‍ ചിത്രങ്ങള്‍ ഒരുക്കുന്നത്. തദ്ദേശീയരും വിദേശീയരുമായ സഞ്ചാരികളുട മനം കുളിര്‍പ്പിക്കും വിധമാണ് ചിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെടുന്നത്. 

കണ്ണൂരിലെ കലാകാരനായ മോഹനന്‍ ചാലാടിന്റെ നേതൃത്വത്തിലാണ് ഒരുകൂട്ടം കലാകാരന്മാര്‍ ചിത്രങ്ങള്‍ ഒരുക്കുന്നത്. കേരളത്തിലെ കലാരൂപങ്ങളും ആഘോഷങ്ങളുമാണ് പ്രധാന പ്രമേയം. കഥകളി, തെയ്യം, പഞ്ചവാദ്യം, തിടമ്പ് നൃത്തം, തിരുവാതിരക്കളി, മോഹിനിയാട്ടം തുടങ്ങിയ കലാരൂപങ്ങളും തനത് കേരളീയ ആഘോഷങ്ങളായ ഓണം, വള്ളംകളി, ഉത്സവങ്ങള്‍ തുടങ്ങിയവയും ചിത്രങ്ങളില്‍ പ്രമേയമാവുന്നു. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയായ ദില്‍ജിത് ദാസിന്റെ നേതൃത്വത്തിലാണ് തെയ്യത്തിന്റെ കൂറ്റന്‍ ചിത്രം ഒരുങ്ങുന്നത്. എറണാകുളം ജില്ലയിലെ വിവിധ കലാകാരന്മാരാണ് സഹായികള്‍. ഒക്‌ടോബര്‍ ആദ്യവാരത്തോടെ ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാവും. ഇതിനു പുറമെ കേരളം പശ്ചാത്തലമാക്കുന്ന വിവിധ പെയിന്റിംഗുകളും വിമാനത്താവളം മോടിപിടിപ്പിക്കുന്നതിന് ഉപയോഗിക്കും.

കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറുന്ന മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പിലെ വിമാനത്താവളം പൂര്‍ണ്ണമായും പരിസ്ഥിതിക്കിണങ്ങുന്ന ഈ ഗ്രീന്‍ ഫീല്‍ഡ് രീതിയിലാണ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. ചെടികളും പുല്‍ത്തകിടിയും അടക്കമുള്ളവ വെച്ചു പിടിപ്പിക്കുന്ന പ്രവര്‍ത്തിയും ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി വിമാനത്താവളവും പരിസരവും പൂര്‍ണ ശുചിത്വത്തോടെ സംരക്ഷിക്കുന്നതിനും കിയാല്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.