പരീക്ഷാനടത്തിപ്പിലെ അശാസ്ത്രീയത പിജി വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തി

Tuesday 25 September 2018 9:32 pm IST

 

കണ്ണൂര്‍: പിജി മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ അശാസ്ത്രീയമായി ക്രമീകരിച്ച കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലറുടെ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സാധാരണയായി ഒരു സെമസ്റ്ററിന് തൊണ്ണൂറ് ദിവസമെങ്കിലും അധ്യയന ദിനമായി ലഭിക്കണം. എങ്കില്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ക്ലാസ്സ് പൂര്‍ത്തിയാക്കി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഈ അധ്യയന വര്‍ഷം നിപ്പ, മഴക്കെടുതി തുടങ്ങിയവ കാരണം പകുതി ദിനങ്ങള്‍ പോലും ലഭിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതൊന്നും പരിഗണിക്കാതെ നവംബര്‍ ആദ്യവാരം നടക്കേണ്ട പരീഷ വൈസ് ചാന്‍സിലര്‍ ഇടപെട്ട് ഒക്‌ടോബര്‍ മാസത്തിലാക്കിയെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. 

യൂണിവേഴ്‌സിറ്റിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്ന് ഇരുനൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കോളേജ് കവാടത്തില്‍ നടത്തിയ ധര്‍ണ്ണയ്ക്ക് ജസ്വിന്‍ മോഹന്‍, അശ്വിന്‍ അശോക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുമായി വൈസ് ചാന്‍സിലര്‍ ചര്‍ച്ചയ്ക്ക് തയ്യാറായ ശേഷമാണ് സമരം അവസാനിപ്പിച്ചത്. നിലവില്‍ ഒക്‌ടോബര്‍ എട്ടിനാണ് പരീക്ഷ തിയ്യതി നിശ്ചയിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ പരീക്ഷാ തിയ്യതി ഒരാഴ്ചമാത്രം നീട്ടി നല്‍കാമെന്നാണ് വൈസ് ചാന്‍സിലര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞത്. എന്നാല്‍ പരീക്ഷാ തിയ്യതി നവംബര്‍ മാസത്തിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.