മട്ടന്നൂര്‍: തലശ്ശേരി വളവുപാറ റോഡു നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച മെരുവമ്പായി പുതിയ പാലം അടുത്ത മാസം തുറക്കും പാലത്തിന്റെ നിര്‍മ്മാണം നേരത്തെ പൂര്‍ത്തിയായിരുന്നു. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പുതിയ പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതോടെ വര്‍ഷങ്ങളായുള്ള ഗതാഗത കുരുക്കിനു പരിഹാരമാകും. മെരുവമ്പായി പുഴയ്ക്കു കുറുകെ പഴയ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് പുതിയ പാലം നിര്‍മ്മിച്ചത്. ഒരു വര്‍ഷം മുമ്പുതന്നെ പാലത്തിന്റെ ഭൂരിഭാഗം നിര്‍മ്മാണവും പൂര്‍ത്തിയായിരുന്നുവെങ്കിലും ഇരുഭാഗങ്ങളിലുമുള്ള അപ്രോച്ച് റോഡിന്റെ പ്രവൃത്തി ആരംഭിച്ചിരുന്നില്ല.
ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച പഴയപാലത്തിലൂടെ വാഹനങ്ങള്‍ പ്രയാസപ്പെട്ടാണ് കടന്നു പോകുന്നത്. മട്ടന്നൂര്‍, ഇരിട്ടി, മാലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് തലശ്ശേരിയിലേക്ക് പോവുന്ന റോഡിലെ പാലത്തില്‍ ഗതാഗത കുരുക്ക് കാരണം പലപ്പോഴും നീര്‍വേലി മുതല്‍ മെരുവമ്പായി ടൗണ്‍ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കി പുതിയ പാലം തുറന്ന് കൊടുക്കുന്നതോടെ ഇതിലൂടെയുള്ള യാത്ര സുഗമമാവും. കാലപ്പഴക്കത്താല്‍ ബലക്ഷയം നേരിട്ട നിലവിലെ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നു പോവുമ്പോള്‍ പാലം കുലുങ്ങുന്നത് യാത്രികരെ ഭീതിയിലാഴ്ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: