പ്രളയദുരന്തം: നാശനഷ്ടം തിട്ടപ്പെടുത്തല്‍ അനന്തമായി നീളുന്നു

Wednesday 26 September 2018 1:10 am IST

ആലപ്പുഴ:  പ്രളയ ദുരന്തത്തില്‍ ~പൂര്‍ണമായി തകര്‍ന്നതും കേടുപാടുകള്‍ സംഭവിച്ചതുമായ വീടുകളുടെ കണക്കെടുപ്പ് അനന്തമായി നീളുന്നു. വീടുകളുടെയും, കടകളുടേയും, മറ്റ് സ്ഥാപനങ്ങളുടേയും നാശനഷ്ടങ്ങള്‍ നിശ്ചയിക്കുന്നത് ഡിജിറ്റല്‍ വിവരശേഖരണത്തിലൂടെയാണ്. ദുരന്തബാധിതമായ എല്ലാ വീടുകളുടേയും കെട്ടിടങ്ങളുടേയും നിലവിലുള്ള അവസ്ഥ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഡാറ്റകളായും ഫോട്ടോകളായും മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ ശേഖരിക്കുക എന്നതാണ് ഇതിന്റെ ആദ്യ നടപടി.

 സ്മാര്‍ട്ട് ഫോണുള്ള അഭ്യസ്തവിദ്യരും സേവന സന്നദ്ധരുമായ യുവതീ-യുവാക്കള്‍ ഓരോ വാര്‍ഡിലേയും മുഴുവന്‍ വീടുകളും കയറിയിറങ്ങിയാണ് വിവരങ്ങളും ഫോട്ടോകളും ശേഖരിക്കുന്നത്. കഴിഞ്ഞ 19ന് വിവരശേഖരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ പ്രളയബാധിത പ്രദേശങ്ങളിലൊന്നും തന്നെ വിവരശേഖരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രളയം കൂടുതല്‍ നാശം വിതച്ച കുട്ടനാട്ടിലടക്കം പല പ്രദേശങ്ങളിലും വിവരശേഖരണം തുടങ്ങിയിട്ട് പോലുമില്ല. 

 ഡിജിറ്റല്‍ വിവരശേഖരണത്തിന്, സേവനസന്നദ്ധരായവരെ കിട്ടുന്നില്ല എന്നതാണ് ഏതാണ്ട് എല്ലാ തദ്ദേശസ്ഥാപനങ്ങളും നേരിടുന്ന മുഖ്യപ്രശ്‌നം. നിലവിലെ സാഹചര്യത്തില്‍ ആഴ്ചകള്‍ വേണ്ടിവരും വിവരശേഖരണം പൂര്‍ത്തിയാക്കാന്‍. ഇങ്ങനെ സമാഹരിക്കുന്ന വിവരങ്ങള്‍ അതത് തദ്ദേശസ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ക്ക് മൊബൈല്‍ ആപ്പ് വഴി നല്‍കണം. ഈ വിവരങ്ങളുമായി എഇമാര്‍ പിന്നീട്  ഓരോ വീട്ടിലും നേരിട്ടു ചെന്ന് പരിശോധിച്ച്, നാശനഷ്ടം വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്യണമെന്നാണ് ഉത്തരവ്. 

 ഇപ്പോഴത്തെ സാഹചര്യത്തില്‍ മാസങ്ങള്‍ വേണ്ടിവരും ഈ കടമ്പകളെല്ലാം കടന്ന് നഷ്ടപരിഹാരം ലഭിക്കാന്‍. ദുരിതബാധിതപ്രദേശങ്ങളില്‍ തകര്‍ന്ന വീടുകളില്‍ ഇനി എത്രനാള്‍ കഴിയാന്‍ സാധിക്കുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. പൂര്‍ണമായി വീടുകള്‍ തകര്‍ന്നവര്‍ ബന്ധുവീടുകളിലോ, വാടകവീടുകളിലോ ആണ് അഭയം തേടിയിരുക്കുന്നത്. മറ്റു പ്രദേശങ്ങളില്‍ നിന്ന് പ്രളയബാധിത പ്രദേശങ്ങളിലേക്ക് നഷ്ടം തിട്ടപ്പെടുത്താനും, തുടര്‍നടപടികള്‍ സ്വീകരിക്കാനും താല്‍ക്കാലികമായി ഉദ്യോഗസ്ഥരെ വിന്യസിച്ച് നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.