റിലയന്‍സിനെങ്ങനെ കരാര്‍ ലഭിച്ചു?

Wednesday 26 September 2018 1:12 am IST
രാജ്യതാല്‍പ്പര്യം മുന്‍ നിര്‍ത്തിയൊന്നുമല്ല റഫാല്‍ വിവാദം രാഹുല്‍ ഗാന്ധി ഏറ്റുപിടിച്ചത്. പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഒരു രാഷ്ട്രീയ അജണ്ട വേണം. അത്രമാത്രം. റഫാല്‍ പ്രശ്‌നത്തില്‍ അഴിമതിയോ ക്രമക്കേടോ ഇല്ലെന്ന്, അന്വേഷിക്കുന്നവര്‍ക്ക് വ്യക്തമാണ്. ആ സത്യം സാധാരണക്കാരില്‍ എത്തണമെന്നു മാത്രം.

 ? റിലയന്‍സിന് 20 ബില്യണ്‍ ഡോളറിന്റെ (2000 കോടി രൂപ) കരാര്‍ കിട്ടിക്കഴിഞ്ഞോ ?

= പച്ചക്കളളം. രാഹുല്‍ ഗാന്ധിക്ക് ഉണ്ടായ ചിത്തഭ്രമം ആണത് .

ആദ്യം രാഹുല്‍ പറഞ്ഞ നുണ റിലയന്‍സിന് കിട്ടുന്നത് നാല് ബില്യണ്‍ ഡോളര്‍ (400 കോടി) എന്നായിരുന്നു. പിന്നെ അത് നിലവിലില്ലാത്ത ലൈഫ് സൈക്കിള്‍ കോസ്റ്റ് കരാറിന്റെ പേര് പറഞ്ഞ് 20 ബില്യണ്‍ (2000 കോടി) ആക്കി. മൊത്തം കരാര്‍ തുക തന്നെ 890 കോടി ഡോളര്‍ ആണെന്നിരിക്കെ അതിന്റെ പകുതിയോളം 400 കോടി ഡോളര്‍ റിലയന്‍സിന് കൊടുക്കാന്‍ ഡസോള്‍ട്ട് കമ്പനിക്കു തലയ്ക്ക് തകരാറാണോ? ആരോപണത്തിലും വേണ്ടേ, വിശ്വാസം തോന്നിപ്പിക്കുന്ന കണക്ക്. 

 റിലയന്‍സ് ഡിഫന്‍സുമായുള്ള സ്വതന്ത്ര കരാറില്‍ മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി പ്രകാരം റഫാല്‍ നിക്ഷേപിച്ചിരിക്കുന്നത് 100 ദശലക്ഷം ഡോളര്‍ മാത്രമാണ്, അതായത് 10 കോടി രൂപ. അതു റഫാല്‍ വിമാനം ഉണ്ടാക്കാനല്ലതാനും. ഡസോള്‍ട്ട് ഫാല്‍ക്കണ്‍ സിവില്‍ ജെറ്റിന്റെ പാര്‍ട്‌സ് ആണ് റിലയന്‍സ് ഉണ്ടാക്കുന്നത്. ഒരു സ്വകാര്യ കമ്പനി ഇന്ത്യയില്‍ വിദേശ നിക്ഷേപം നടത്തുന്നത് രാഹുല്‍ ഗാന്ധി ഇത് വരെ അറിഞ്ഞിട്ടില്ലേ? ഇനിയും അദ്ദേഹത്തിനു പണത്തിന്റെ കാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ കയ്യില്‍ ഉള്ള രേഖകള്‍ വച്ച് കോടതിയെ സമീപിക്കണം. എന്തിന് മടിക്കുന്നു. 

? പ്രതിരോധ മേഖലയില്‍ പരിചയമില്ലാത്ത റിലയന്‍സിന് എങ്ങനെ ഫ്രഞ്ച് കമ്പനി ഡസോള്‍ട്ടിന്റെ കരാര്‍ ലഭിച്ചു?

= ഈ ചോദ്യത്തിന് മറുപടി പറയും മുന്‍പ് 2016-2017ല്‍ നടന്ന കരാറിനെക്കുറിച്ചുകൂടി പറയണം. പിപ്പവാവ് ഷിപ്പിങ് അല്ലെങ്കില്‍ പിപ്പവാവ് ഡിഫന്‍സ് ആന്‍ഡ് ഓഫ് എഷോര്‍ എഞ്ചിനീറിയറിങ് ലിമിറ്റഡ് എന്ന കമ്പനിയെക്കുറിച്ചും അറിയണം. 1993ല്‍ തുടങ്ങിയ പിപ്പവാവ് ഡിഫന്‍സ്, നാവിക യുദ്ധക്കപ്പലുകള്‍ ഉണ്ടാക്കുകയും സര്‍വീസ് ചെയ്തു കൊടുക്കുകയും ചെയ്യുന്നു. 

2010ല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ഇതേ പിപ്പവാവ് കമ്പനിക്ക് ഇന്ത്യന്‍ നാവിക സേനയ്ക്കുവേണ്ടി അഞ്ച് നേവി പട്രോളിങ് ബോട്ടുണ്ടാക്കാന്‍ 2600 കോടി രൂപയുടെ കരാര്‍ കൊടുത്തിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ 2600 കോടി രൂപയുടെ ഇന്ത്യന്‍ നാവിക കപ്പലുകള്‍ ഉണ്ടാക്കാന്‍ ഉള്ള കരാര്‍ നേരിട്ട് ഒപ്പു വെക്കുമ്പോള്‍ ഇതേ കമ്പനിക്ക് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കണ്ണില്‍ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഉണ്ടായിരുന്നിരിക്കണമല്ലോ, വളരെ നല്ല കമ്പനി ആയിരുന്നല്ലോ?. ഇപ്പോള്‍ പൊടുന്നനെ അതെല്ലാം  യോഗ്യത ഇല്ലാത്തവയായോ?. എഴുതിക്കിട്ടുന്ന വിഡ്ഢിത്തരങ്ങള്‍ വിഴുങ്ങി ഛര്‍ദ്ദിക്കാതെ 10 മിനുട്ട് ഗൂഗിളില്‍ തിരഞ്ഞാല്‍ ഈ വിവരങ്ങള്‍ കിട്ടും.  

ഈ അടുത്തിടെ (2017ല്‍) പിപ്പവാവിന് ലഭിച്ച കരാര്‍ അവരുടെ പ്രതിരോധ നിര്‍മ്മാണ പരിപാലന രംഗത്തെ വൈദഗ്ധ്യം വിളിച്ചു പറയുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ, അമേരിക്കയുടെ ഏഴാം കപ്പല്‍പ്പട, ഇന്ത്യന്‍ കമ്പനിയായ പിപ്പവാവ് ഡിഫന്‍സിന് കൊടുത്ത കരാര്‍ 15,000 കോടി രൂപയുടേതാണ്. 

140 യുദ്ധക്കപ്പലുകളും 5000ലേറെ വിമാനങ്ങളും 20,000 നാവികരും ഉള്ള അമേരിക്കയുടെ ഏഴാം കപ്പല്‍പ്പടയുടെ യുദ്ധ കപ്പലുകള്‍ പിപ്പവാവ് കമ്പനി സര്‍വീസ് ചെയ്തു കൊടുക്കും. വെസ്റ്റേണ്‍ പസഫിക് സമുദ്രം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വിരാജിക്കുന്ന അമേരിക്കയുടെ അഭിമാനമായ ഏഴാം കപ്പല്‍പ്പടയുടെ മൂന്നുമുതല്‍ അഞ്ചുവരെ വര്‍ഷം അറ്റകുറ്റപ്പണിക്കരാര്‍ ഏതെങ്കിലും ഒരു ഇന്ത്യന്‍ കമ്പനിക്ക് വെറുതെ അങ്ങ് കൊടുക്കില്ല എന്ന് ഊഹിക്കാമല്ലോ.

റഷ്യന്‍ കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള കരാറും കമ്പനി സമ്പാദിച്ചു. ഈ പിപ്പവാവ് ഡിഫന്‍സ് ആന്‍ഡ് ഷിപ്പിങ് കമ്പനിയുടെ 36% ഓഹരി 2016ല്‍ അനില്‍ അംബാനി സ്വന്തമാക്കി. 

പിന്നീട് 2017ല്‍ മാനേജ്മന്റ് തീരുമാന പ്രകാരം പിപ്പവാവ് ഡിഫന്‍സ് ആന്‍ഡ് ഷിപ്പിങ് എന്ന പേര് റിലയന്‍സ് ഡിഫന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് ലിമിറ്റഡ് എന്ന് മാറ്റുകയായിരുന്നു. പ്രതിരോധ രംഗത്ത് പതിറ്റാണ്ടുകളുടെ പഴക്കമുള്ള കമ്പനി പേരുമാറ്റിയതാണ് അനില്‍ അംബാനി മുതല്‍ മുടക്കിയ റിലയന്‍സ് ഡിഫന്‍സ് എന്ന കമ്പനി. ഈ ചരിത്രമൊക്കെ അറിവുള്ളത് കൊണ്ടാണല്ലോ റിലയന്‍സുമായി സഹകരിക്കാന്‍ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട്  സ്വന്തന്ത്ര കരാറില്‍ ഏര്‍പ്പെട്ടത്. 

? മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ട് ഇന്ത്യയുടെ റഫാല്‍ കരാറിനെ തള്ളിപ്പറഞ്ഞോ, ഇന്ത്യ റിലയന്‍സിന് വേണ്ടി കരാര്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടോ?

= വാസ്തവം അതല്ല, ആരോപണം തികച്ചും തെറ്റാണ് എന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് സ്വയം പറഞ്ഞു കഴിഞ്ഞു. ഡസോള്‍ട്ട് എന്ന ഫ്രഞ്ച് കമ്പനിക്ക് അവരുടെ ഇന്ത്യന്‍ പങ്കാളിയെ തിരഞ്ഞെടുക്കാന്‍ പൂര്‍ണ അധികാരം ഉണ്ടെന്നും മുന്‍ പ്രസിഡന്റ് പറഞ്ഞു കഴിഞ്ഞു. അതോടെ വിവാദം അവസാനിച്ചു. 

ഫ്രഞ്ച് വിദേശ കാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ ഇത് കൂടുതല്‍ ആധികാരികവും വ്യക്തവുമാക്കി. വിദേശ ബിസിനസ്സ് പങ്കാളിയെ തിരഞ്ഞടുക്കാന്‍ പൂര്‍ണ്ണ അവകാശം ഡസോള്‍ട്ടിനാണെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. 

ഫ്രഞ്ച് കമ്പനി ഡസോള്‍ട്ട് അവരുടെ വെബ്സൈറ്റില്‍ കൂടുതല്‍ വിശദീകരണം കൊടുത്തു. റഫാല്‍ വിമാനക്കരാറിന്റെ ഭാഗമായുള്ള ഓഫ്‌സെറ്റ് അറേഞ്ച്‌മെന്റില്‍ റിലയന്‍സുമായുള്ള അവരുടെ പങ്കാളിത്തം സുതാര്യമാണെന്ന് ഡസോള്‍ട്ട് ഏവിയേഷനും അറിയിച്ചു.

ഇനി ഈ വിഷയത്തില്‍ ഒരു വിവാദങ്ങള്‍ക്കും സ്ഥാനമില്ല എന്നും, അടിസ്ഥാനമില്ലാത്ത ആരോപണം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നും ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും വാര്‍ത്താക്കുറിപ്പ് ഇറക്കി. റിലയന്‍സ് ഡിഫന്‍സും ഈ ആരോപണം പാടെ തള്ളി.

ഒരു തെളിവും ഇല്ലാത്ത ആരോപണങ്ങള്‍ രാഷ്ട്രീയ പാപ്പരത്തം ആണെന്ന് രാഹുല്‍ മനസിലാക്കേണ്ട സമയം അതിക്രമിച്ചു. പ്രതിരോധ സാമഗ്രികള്‍ ഉണ്ടാക്കുന്ന വിദേശ കമ്പനികള്‍ക്ക്, ഒട്ടേറെ ഇന്ത്യന്‍ കമ്പനികള്‍ കരാര്‍ പ്രകാരം സാങ്കേതിക സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട്. അത് വഴി ഇന്ത്യയിലേക്ക് വിദേശ നാണ്യം നന്നായി ഒഴുകുന്നുമുണ്ട്.  വിശദീകരണങ്ങള്‍ എല്ലാം ഔദ്യോഗികമായിത്തന്നെ വന്നുകഴിഞ്ഞു. വിവാദങ്ങള്‍ അവസാനിപ്പിക്കാനാണെങ്കില്‍ അതിനു സമയമായി. ഇനിയും രാഹുലിനു നേരം വെളുത്തിട്ടില്ലെങ്കില്‍ ആധികാരിക രേഖകളുമായി കോടതിയെ സമീപിക്കുന്നതാണ് അഭികാമ്യം.  

രാജ്യതാല്‍പ്പര്യം മുന്‍ നിര്‍ത്തിയൊന്നുമല്ലല്ലോ രാഹുല്‍ ഈ വിവാദം ഏറ്റുപിടിച്ചത്. മറിച്ച്, പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഒരു രാഷ്ട്രീയ അജണ്ട വേണം. കോണ്‍ഗ്രസിനെതിരേ നരേന്ദ്ര മോദിയും ബിജെപിയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയത് അഴിമതിയാരോപണമായിരുന്നു. ആ ആയുധം തിരിച്ചു പ്രയോഗിക്കാനുള്ള സാധ്യത പരിശോധിക്കുകയാണ്.

പ്രതിരോധ വകുപ്പിനെക്കുറിച്ചാകുമ്പോള്‍ സര്‍ക്കാരിന് ഔദ്യോഗികമായി പ്രതിരോധിക്കാന്‍ പരിമിതികളുമുണ്ട്. റഫാല്‍ പ്രശ്‌നത്തില്‍ അഴിമതിയോ ക്രമക്കേടോ അണുവോളം ഇല്ലെന്ന വാസ്തവം അന്വേഷിക്കുന്നവര്‍ക്ക് വ്യക്തമാണ്. അതു സാധാരണക്കാരില്‍ എത്തണമെന്നു മാത്രം. 

(അവസാനിച്ചു)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.