ലോകം കീഴടക്കി മോഡ്രിച്ച്

Wednesday 26 September 2018 1:31 am IST

സൂറിച്ച്: പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ക്രിസ്റ്റിയാനോയോ മെസ്സിയോ അല്ലാതെ മറ്റൊരുതാരം ലോക ഫുട്‌ബോളാറായി. അത് മറ്റാരുമല്ല, റയല്‍ മാഡ്രിഡിന്റെയും ക്രൊയേഷ്യയുടെയും ഏക്കാലത്തെയും മികച്ച മധ്യനിരതാരം ലൂക്കാ മോഡ്രിച്ചാണ് ഈ വര്‍ഷത്തെ ലോക ഫുട്‌ബോളര്‍ ബഹുമതിക്ക് അര്‍ഹനായത്.

 ക്രൊയേഷ്യക്ക് ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും റയല്‍ മാഡ്രിഡിന് മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തതുമാണ് മോഡ്രിച്ചിന് തുണയായത്. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ഈജിപ്തിന്റെ മുഹമ്മദ് സാലയെയും പിന്നിലാക്കിയാണ് മോഡ്രിച്ചിന്റെ ചരിത്രനേട്ടം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്രൊയേഷ്യന്‍ താരവുമായി മോഡ്രിച്ച്.

ഇക്കഴിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മോഡ്രിച്ച് രണ്ടു ഗോളും ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ പന്തും നേടിയിരുന്നു. മുപ്പത്തിമൂന്നുകാരനായ ഈ പ്ലേമേക്കറുടെ കളിയും നായകത്വവും ക്രൊയേഷ്യയുടെ മുന്നേറ്റത്തില്‍ പ്രധാനമായി. മോഡ്രിച്ചിന് ഇത് ഇരട്ടിമധുരമാണ്. 2017-18 വര്‍ഷത്തെ മികച്ച യൂറോപ്യന്‍ ഫുട്‌ബോളറായും തെരഞ്ഞെടുക്കപ്പെട്ടത് ക്രൊയേഷ്യയുടെ ഈ ഫുട്‌ബോള്‍ മാന്ത്രികനായിരുന്നു.

'നേട്ടം കൈവരിക്കാനായതില്‍ അഭിമാനമുണ്ട്. ഈ പുരസ്‌കാരം റയല്‍ മാഡ്രിഡ് ടീമംഗങ്ങള്‍ക്കും ക്രൊയേഷ്യന്‍ ടീമിനും പരിശീലകര്‍ക്കും സമര്‍പ്പിക്കുന്നു. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചതിന് റൊണാള്‍ഡോയ്ക്കും സാലയ്ക്കും അഭിനന്ദനങ്ങള്‍' പുരസ്‌കാരം ഏറ്റുവാങ്ങി മോഡ്രിച്ച് പറഞ്ഞു. 

2008 മുതല്‍ മെസ്സിയും ക്രിസ്റ്റിയാനോയുമാണ് ഈ ബഹുമതി മാറിമാറി നേടിയിരുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും ക്രിസ്റ്റ്യാനോയായിരുന്നു ലോക ഫുട്‌ബോളര്‍ അവാര്‍ഡ് നേടിയത്. ഫിഫ വിദഗ്ധ സമിതിയുടെ തീരുമാനത്തിന് പുറമേ ആരാധകരുടെ വോട്ടിങ്ങും മോഡ്രിച്ചിനെ തുണച്ചു. 12 വര്‍ഷത്തിനു ശേഷം ആദ്യമായി ലയണല്‍ മെസ്സിക്ക് അവസാന മൂന്നില്‍ ഇടം കണ്ടെത്താനായിരുന്നില്ല.

2008-ല്‍ ഈ പുരസ്‌കാരം ക്രിസ്റ്റിയാനോയും 2009-ല്‍ മെസ്സിയും നേടി. 2010 മുതല്‍ ഫിഫയും ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയും ചേര്‍ന്ന് ഫിഫ ബാലണ്‍ദ്യോര്‍ പുരസ്‌കാരമായി. 2010 മുതല്‍ 2012വരെ തുടര്‍ച്ചയായി മൂന്നുവര്‍ഷം മെസ്സിക്ക് അവാര്‍ഡ് ലഭിച്ചു. 2013, 14 വര്‍ഷങ്ങളില്‍ ക്രിസ്റ്റിയാനോയും 2015-ല്‍ മെസ്സിയും അവാര്‍ഡ് നേടി. 2016-ല്‍ പുരസ്‌കാരങ്ങള്‍ വേര്‍പിരിഞ്ഞ് ഫിഫ ദി ബെസ്റ്റും ബാലണ്‍ദ്യോറുമായി. അഞ്ച് തവണ വീതമാണ് മെസ്സിയും ക്രിസ്റ്റിയാനോയും ഈ അവാര്‍ഡ് നേടിയിട്ടുള്ളത്. ഇത്തവണത്തെ അവാര്‍ഡ് ചടങ്ങില്‍ ഇരുവരും പങ്കെടുത്തില്ല. എന്നാല്‍ വോട്ടെടുപ്പില്‍ ഇരുവരും പങ്കെടുത്തു. ലയണല്‍ മെസ്സി ലൂക്കാ മോഡ്രിച്ച്, കിലിയന്‍ എംബപ്പെ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ക്ക് വോട്ടു ചെയ്തപ്പോള്‍ ക്രിസ്റ്റിയാനോയുടെ ആദ്യ വോട്ട് റയലിലെ സഹതാരമായിരുന്ന റാഫേല്‍ വരാനെക്കായിരുന്നു. ലൂക്കാ മോഡ്രിച്ചിന് രണ്ടാം വോട്ടും അന്റോണിയോ ഗ്രിസ്മാന് മൂന്നാം വോട്ടും ക്രിസ്റ്റിയാനോ നല്‍കി. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ആദ്യ വോട്ട് ലൂക്ക മോഡ്രിച്ചിനായിരുന്നു. എംബപ്പെക്ക് രണ്ടാം വോട്ടും കെവിന്‍ ഡിബ്രൂയിന് മൂന്നാം വോട്ടും ഛേത്രി നല്‍കി.

മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ഒരു ഇടവേളയ്ക്കുശേഷം ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കറായ മാര്‍ത്ത തെരഞ്ഞെടുക്കപ്പെട്ടു. 2010നുശേഷം ആദ്യമായാണ് മാര്‍ത്ത ഈ അവാര്‍ഡ് നേടുന്നത്. കരിയറിലെ ആറാം ലോക വനിതാ ഫുട്‌ബോളറെന്ന ബഹുമതിയാണ് മാര്‍ത്ത സ്വന്തമാക്കിയത്. 

മികച്ച ഗോളിനുള്ള ഫ്രാങ്ക് പുഷ്‌കാസ് പുരസ്‌കാരം ഈജിപ്റ്റിന്റെ മുഹമ്മദ് സാല സ്വന്തമാക്കി. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി 2017 ഡിംസംബര്‍ 10ന് എവര്‍ട്ടനെതിരെ നേടിയ ഗോളാണ് സാലക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം ബെല്‍ജിയത്തിന്റെ തിബോട്ട് കുര്‍ട്ടോയ്‌സിനാണ്. ക്ലബ്ബ് തലത്തില്‍ റയല്‍ മാഡ്രിഡിന് വേണ്ടിയാണ് കുര്‍ട്ടോയിസ് കളിക്കുന്നത്. ഫ്രാന്‍സിന്റെ ഹ്യൂഗോ ലോറിസിനെയും ഡെന്മാര്‍ക്കിന്റെ കാസ്പര്‍ ഷ്മീഷലിനെയും പിന്തള്ളിയാണ് കുര്‍ട്ടോയ്‌സ് മികച്ച ഗോളിയായത്.

 ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുത്ത ദിദിയര്‍ ദെഷാംപ്‌സ് മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു. 1998-ല്‍ ഫ്രാന്‍സ് ലോകകിരീടം നേടുമ്പോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ദെഷാംപ്‌സ്. വനിതാ ടീമിന്റെ പരിശീലകനുള്ള പുരസ്‌കാരം ലിയോണിന്റെ റെയ്‌നാള്‍ഡ് പെഡ്രോസ് നേടി. 36 വര്‍ഷത്തിന് ശേഷം ലോകകപ്പിന് യോഗ്യത നേടിയ പെറുവിന്റെ മത്സരം കാണാന്‍ റഷ്യയിലെത്തിയവര്‍ മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.