ആധാർ തന്നെ ആധാരം

Wednesday 26 September 2018 11:31 am IST
ചീഫ് ജസ്റ്റിസ് ഉള്‍പ്പടെയുള്ളവര്‍ക്ക് വേണ്ടി എ .കെ സിക്രിയാണ് വിധി വായിച്ചത്. ആധാര്‍ വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണെന്നും ആധാര്‍വിവരശേഖരണം പിഴവില്ലാത്തതാണെന്നും ജസ്റ്റിസ് എകെ സിക്രി പറഞ്ഞു.

ന്യൂദല്‍ഹി: ആധാര്‍ ഭരണഘടനാപരമായി സാധുവാണെന്നും ആധാര്‍ രേഖകള്‍ തികച്ചും സുരക്ഷിതമാണെന്നും വ്യക്തമാക്കി സുപ്രീംകോടതിയുടെ ചരിത്ര വിധി. ആധാറില്‍ കൃത്രിമം കാണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ അഞ്ചംഗ ഭരണഘടനാബെഞ്ച്, ആധാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് അസ്തിത്വം നല്‍കുന്ന ഒന്നാണെന്നും അവര്‍ക്ക് ശക്തിപകരുന്ന സംവിധാനമാണെന്നും വിധിച്ചു. ജഡ്ജിമാരില്‍ ഒരാള്‍ ആധാര്‍ ഭരണഘടനാ വിരുദ്ധമെന്ന് വിധിയെഴുതിയപ്പോള്‍ മറ്റു നാലുപേരും ആധാര്‍ വളരെ മികച്ച ഏകീകൃത, സവിശേഷ തിരിച്ചറിയല്‍ സംവിധാനമെന്ന് അഭിപ്രായപ്പെട്ടു. ആധാര്‍ സാധുവെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി വിധി നരേന്ദ്ര മോദി സര്‍ക്കാരിന്റെ വന്‍വിജയമാണ്.

പൗരന്റെ സ്വകാര്യത ആധാര്‍ ലംഘിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് എ.കെ. സിക്രി എന്നിവര്‍ പറഞ്ഞപ്പോള്‍ ഭൂരിപക്ഷ വിധിയോട് യോജിപ്പെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മാത്രമാണ് ആധാര്‍ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിയെഴുതിയത്. 

എന്നാല്‍ രാജ്യസുരക്ഷയുടെ പേരില്‍ ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ വ്യവസ്ഥ ചെയ്യുന്ന ആധാര്‍ നിയമത്തിലെ ചില വകുപ്പുകള്‍ കോടതി റദ്ദാക്കിയിട്ടുണ്ട്. പാന്‍കാര്‍ഡിനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമെന്ന് വിധിച്ച കോടതി, ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാനും മൊബൈല്‍ കണക്ഷനുകള്‍ എടുക്കാനും സ്‌കൂള്‍ അഡ്മിഷനും ആധാര്‍ നിര്‍ബന്ധമാക്കരുതെന്നു പറഞ്ഞു. 

ആധാര്‍ രേഖകള്‍ സംരക്ഷിക്കാന്‍ ശക്തമായ നിയമം നിര്‍മിക്കാന്‍ നിര്‍ദേശിച്ച കോടതി ആധാറിനെതിരായ 31 ഹര്‍ജികളിലാണ് തീര്‍പ്പ് കല്പിച്ചത്.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.