ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനായിരുന്ന ആം ആദ്മി പാര്‍ട്ടി(ആപ്) മുന്‍ നേതാവ് ആശിഷ് ഖേതന് ഇപ്പോള്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനായി മാറിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള ട്വീറ്റാണ് അദ്ദേഹം കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്തത്.
മോദിയുടെ ആയുഷ്മാന്‍ ഭാരത് മികച്ച രീതിയില്‍ നടപ്പാക്കിയാല്‍ ഇന്ത്യയുടെ ആരോഗ്യമേഖലയെ പരിവര്‍ത്തനപ്പെടുത്തുമെന്ന് ആശിഷ് ഖേതന് ഞായറാഴ്ച ട്വീറ്റ് ചെയ്തു. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന് രക്ഷിക്കുമെന്നും പാവങ്ങളെ സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് സുരക്ഷിതത്വം നല്‍കുമെന്നും ഇതില്‍ പറയുന്നു.
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഫെലോഷിപ്പിനായി രാജ്യം വിടാനിരിക്കെയാണ് ഖേതന്റെ ട്വീറ്റ് വരുന്നത്. ഇതേക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് വാര്‍ത്താ വെബ്സൈറ്റായ ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പത്രപ്രവര്‍ത്തനത്തില്‍നിന്ന് രാഷ്ട്രീയത്തിലെത്തിയ ആശിഷ് ഒരുമാസം മുമ്പാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ നേതൃത്വത്തിലുള്ള ആപ് വിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ആപിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു ഖേതന്റെ പാര്‍ട്ടിയില്‍നിന്നുള്ള പിന്മാറ്റം. നാലുവര്‍ഷം മുമ്പാണ് ആംആ്ദ്മി പാര്‍ട്ടിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: