തിരുവനന്തപുരം: സാലറി ചലഞ്ചിന്റെ പേരില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ച സാഹചര്യത്തില്‍ ഈ കേസ്സിന്റെ വിധി വരുന്നതുവരെ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ എടുത്ത മുഴുവന്‍ നടപടികളും നിറുത്തി വയ്ക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാറും ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാറും ആവശ്യപ്പെട്ടു.
സാലറി ചലഞ്ചില്‍ പങ്കെടുക്കുവാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നതാണ് നിലവിലെ ഉത്തരവെന്നും ഇത് തിരുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകേണ്ടതാണ്. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അവരുടെ പേരുകള്‍ പരസ്യപ്പെടുത്തുകയും ചെയ്തതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തില്‍ ഇതിന് നേതൃത്വം നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേരള എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു.
ആയതിനാല്‍ സാലറി ചലഞ്ച് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എന്‍ജിഒ സംഘ് നിവേദനം സമര്‍പ്പിച്ചു. സാലറി ചലഞ്ചിലെ നിയമവിരുദ്ധ ഉത്തരവിനെതിരെ കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാറും, ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാറും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: