കണ്ണൂര്‍: ബോക്സിംഗില്‍ ലോകചാമ്പ്യന്മാരെ വളര്‍ത്തിയെടുത്ത പാരമ്പര്യമുള്ള കേരളത്തിന് ആ ചരിത്രം ആവര്ത്തിക്കാനാവണമെന്ന് കേരള സംസ്ഥാന അമച്വര്‍ ബോക്സിംഗ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. സൂരജ് പാണയില്‍ പറഞ്ഞു. ജില്ലാ ബോക്സിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ അമേച്വര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക വനിതാ ബോക്സിംഗ് ചരിത്രത്തില്‍ ചാമ്പ്യനായ കണ്ണൂര്‍ സ്വദേശിയായ കെ.സി. ലേഖയുടെ പിന്മുറക്കാരായി കൂടുതല്‍ പേരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പുതിയ ക്ലബുകള്‍ക്ക് രൂപം നല്‍കുമെന്നും നവംബറില്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന് കണ്ണൂര്‍ വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റായി രണ്ട് ദിവസം മുമ്പ് തെരഞ്ഞെടുക്കപ്പെട്ട ശേഷം കണ്ണൂരിലെത്തിയ ഡോ. സൂരജിന് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ ചടങ്ങില്‍ സ്വീകരണം നല്കി. ഒളിമ്പിക്സില്‍ രാജ്യത്തിന് മെഡല്‍ നേടിക്കൊടുക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ ഓപ്പറേഷന് ഒളിമ്പിയയില്‍ ബോക്സിംഗിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കണ്ണൂരിന് ബോക്സിംഗിലൂടെ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ പുതുതലമുറ കാര്യമായി പരിശ്രമിക്കണമെന്നും യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ.കെ.വിനീഷ് പറഞ്ഞു. വി.പി.പവിത്രന് അദ്ധ്യക്ഷത വഹിച്ചു. കോച്ചുമാരായ രമേഷ് കുമാര്‍, സി.എച്ച്.ഫൈസല്‍, അസോസിയേന്‍ ജില്ലാ ട്രഷറര്‍ ജഗദീശന് എന്നിവര്‍ പങ്കെടുത്തു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.ശാന്തകുമാര്‍ സ്വാഗതവും സി.ജഗദീശന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവിധ വിഭാഗങ്ങളിലായി നൂറിലേറെ പേര് മത്സരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: