വൈദ്യുതി തൂണുകള്‍ മാറ്റാതെ കെഎസ്ഇബി: തേര്‍ത്തല്ലിയുടെ വകസനം നിലക്കുന്നു

Wednesday 26 September 2018 6:42 pm IST

 

ആലക്കോട്: തേര്‍ത്തല്ലി ടൗണില്‍ നടന്നുവരുന്ന മലയോര ഹൈവേ വികസനപ്രവൃത്തികള്‍ തകര്‍ക്കത്തില്‍ക്കുടുങ്ങി പാതിവഴിയില്‍ നിലക്കുന്നത് വികസനത്തിന് തടസ്സമാകുന്നു. തേര്‍ത്തല്ലി ടൗണിലും പരിസരങ്ങളിലുമുള്ള 45 ഓളം വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മലയോര ഹൈവേ പദ്ധതിയുടെ കരാറുകാര്‍, കെഎസ്ഇബി, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവര്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കം പരഹരിക്കപ്പെടാതെ വന്നതാണ് തേര്‍ത്തല്ലി ടൗണ്‍ വികസനത്തിന് തിരച്ചടിയായിരിക്കുന്നത്. 

ടൗണിലെ ഒരു കിലോമീറ്ററോളം റോഡിന്റെ നിര്‍മ്മാണപ്രവൃത്തിയാണ് അനിശ്ചിതാവസ്ഥയിലായിരിക്കുന്നത്. റോഡിന്റെ വീതിയുമായി നേരത്തെ ചില തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നുവെങ്കിലും അതെല്ലാം പരിഹരിച്ച് ഓവുചാല്‍ നിര്‍മ്മാണം വരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നടുറോട്ടിലും ടൗണിലും സ്ഥിതിചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റിസ്ഥാപിച്ചാല്‍ മാത്രമേ ടാറിങ്ങ് പ്രവൃത്തി തുടര്‍ന്ന് നടത്താനാവുകയുള്ളൂ. വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് കെഎസ്ഇബിയും പൊതുമരാമത്ത് വകുപ്പും തമ്മില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കപ്പെടാതായതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

ആലക്കോട് സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കല്ലാംകോട് മുതല്‍ അരങ്ങം വരെയും കരുവഞ്ചാല്‍ മുതല്‍ താവുകുന്ന് വരെയുമുള്ള വൈദ്യുതി തൂണുകളും ട്രാന്‍സ്‌ഫോര്‍മറുകളും ലൈനുകളും മാറ്റി സ്ഥാപിക്കുന്നതിനായി 2016 ല്‍ എസ്റ്റിമേറ്റ് തയ്യാറാക്കുകയും തുക മൂന്ന് ഗഡുക്കളായി പൊതുമരാമത്ത് വകുപ്പ് കെഎസ്ഇബിയില്‍ അടക്കുകയും ചെയ്തിരുന്നു. എസ്റ്റിമേറ്റ് തയ്യാറാക്കുന്ന സമയത്ത് ജിഎസ്ടി നിലവിലില്ലാതിരുന്നതിനാല്‍ ഇപ്പോള്‍ 7,58,759 രൂപ കൂടി അടക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി അധികൃതര്‍ പൊതുമരാമത്ത് വകുപ്പിനും മലയോര ഹൈവേ കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിക്കും നോട്ടീസ് നല്‍കിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഈ തുക കൂടി അടക്കാതെ വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കാനാവില്ലെന്നാണ് കെഎസ്ഇബിയുടെ നിലപാട്. അതേസമയം എസ്റ്റിമേറ്റ് പ്രകാരമുള്ള തുക അടച്ചുകഴിഞ്ഞതായും അതിന് ശേഷം വന്ന ജിഎസ്ടി തുക അടക്കാന്‍ കഴിയില്ലെന്നുമാണ് പൊതുമരമത്ത് വകുപ്പിന്റെ നിലപാട്. ഇതോടെ തേര്‍ത്തല്ലി ടൗണില്‍ ഹൈവേ നിര്‍മ്മാണപ്രവൃത്തി നിലച്ചിരിക്കുകയാണ്. ഇത് അതിരൂക്ഷമായ പൊടിശല്യത്തിന് കാരണമാകുന്നുണ്ട്. ആഴ്ചകളായി തുടരുന്ന ഈ ദുരിതത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ നടപട സ്വീകരിക്കാത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.