ലൈഫ് മിഷൻ വീടുകൾക്ക് ഇനി കുടുംബശ്രീ 'കട്ട'

Thursday 27 September 2018 2:57 am IST

കൊല്ലം: ലൈഫ് മിഷന്‍ പദ്ധതിയില്‍ പണിയുന്ന വീടുകള്‍ക്കുള്ള സിമന്റു കട്ടകള്‍ ഇനി കുടുംബശ്രീ നിര്‍മിക്കും. ഇതുസംബന്ധിച്ച മാര്‍ഗരേഖ സര്‍ക്കാര്‍ അംഗീകരിച്ചു. ലൈഫ് പദ്ധതി വീടുകള്‍ക്ക് വേണ്ട നിര്‍മാണ സാമഗ്രികള്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് കുടുംബശ്രീയെ കൊണ്ട് നിര്‍മിക്കാനാണ് പദ്ധതി.

സംസ്ഥാനത്ത് 2018-19 സാമ്പത്തിക വര്‍ഷം 1,63,000 വീടുകള്‍ നിര്‍മിച്ചു നല്‍കുകയാണ് ലക്ഷ്യം. വീടൊന്നിന് 1,400 കട്ടകള്‍ എന്ന കണക്കില്‍ 20 കോടി കട്ടകളാണ് വേണ്ടത്. കട്ടിള അടക്കമുള്ളവയും വേണം. ഇവ തടസ്സമില്ലാതെ ലഭിക്കാനാണ് കുടുംബശ്രീയെ ഏല്‍പ്പിക്കുന്നത്. 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും കുടുംബശ്രീയും ചേര്‍ന്ന് ഭവന നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിച്ച് കെട്ടിട നിര്‍മാണ സാമഗ്രികള്‍ ഉണ്ടാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി വിഹിതം നല്‍കും. 

ഓരോ ബ്ലോക്കിലും നിര്‍മാണ യൂണിറ്റ് വേണം. ഇതിനുള്ള കെട്ടിടവും യന്ത്രങ്ങളും ഗ്രാമ-ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടോ, തനത് ഫണ്ടോ ഉപയോഗിച്ച് സംഘടിപ്പിക്കണം. ലൈഫ് പദ്ധതിക്കായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇരുപത് ശതമാനത്തിലേറെ തുക നീക്കിവയ്ക്കണം.

തൊഴിലാളികള്‍ക്ക് രണ്ടുദിവസത്തെ കട്ട നിര്‍മാണ പരിശീലനം നല്‍കണം. പ്രതിദിനം 300 രൂപ സ്റ്റൈപ്പന്റ്. ഇതിനാവശ്യമായ തുക തനത് ഫണ്ടില്‍ നിന്നോ പൊതുഫണ്ടില്‍ നിന്നോ നല്‍കണം. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് ഒരുവര്‍ഷം നൂറു ദിവസം തൊഴില്‍ നല്‍കാനേ കഴിയൂ. അതിനാല്‍ നിര്‍മാണ സാമഗ്രി യൂണിറ്റ് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കാന്‍ മറ്റ് തൊഴിലാളികള്‍ക്കുകൂടി പരിശീലനം നല്‍കി വിന്യസിപ്പിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. 

യൂണിറ്റുകള്‍ ഭവനനിര്‍മാണ സാമഗ്രികള്‍ നിര്‍മിക്കാതിരിക്കുകയോ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ ചെയ്താല്‍  കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ അറിയിക്കണം. കുടുംബശ്രീ ജില്ലാ മിഷന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണം. അല്ലെങ്കില്‍ യൂണിറ്റ് പിരിച്ചുവിട്ട് പുതിയ അംഗങ്ങളെ കണ്ടെത്തി യൂണിറ്റ് പ്രവര്‍ത്തനം പുനരാരംഭിക്കണം

കെ.ജി. മധുപ്രകാശ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.