കടക്കെണി: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

Friday 28 September 2018 1:12 am IST

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. മൂപ്പൈനാട് അപ്പാളത്ത് വീട്ടിയോട് രാമകൃഷ്ണനാ (42)ണ് കടബാധ്യത മൂലം ആത്മഹത്യ ചെയ്തത്. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ വീടിനുള്ളില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 

സ്വാശ്രയ സംഘങ്ങളില്‍നിന്നും വ്യക്തികളില്‍ നിന്നുമായി നാല് ലക്ഷത്തോളം രൂപ കടമെടുത്തിട്ടുണ്ട്. വായ്പ എടുത്തുനടത്തിയ വാഴകൃഷി വിലത്തകര്‍ച്ച മൂലം നഷ്ടത്തിലായതിന്റെ നിരാശയിലായിരുന്നു രാമകൃഷ്ണനെന്ന് ബന്ധുക്കള്‍ പറഞ്ഞു.  

കഴിഞ്ഞ ഒന്നരമാസത്തിനിടെ കുടിയേറ്റ മേഖലയായ പുല്‍പ്പള്ളിയില്‍ മാത്രമായി മൂന്ന് കര്‍ഷകരാണ് കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്തത്. പുല്‍പ്പള്ളി അമരക്കുനി വട്ടമല രാഘവന്‍ (62), പുല്‍പ്പള്ളി കാപ്പിസെറ്റ് കൊടക്കപ്പള്ളി അജിത്കുമാര്‍(53), പുല്‍പ്പള്ളി ആലൂര്‍ക്കുന്ന് കുറിച്ചിപ്പറ്റ മാനിക്കാട്ട് രാമദാസ് (57) എന്നിവരാണ് പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകര്‍. 

ആത്മഹത്യ ചെയ്ത രാഘവന് ജില്ലാ സഹകരണ ബാങ്കിന്റെ പുല്‍പ്പള്ളി സാഹാഹ്നശാഖയില്‍ അഞ്ച് ലക്ഷം രൂപയും എസ്ബിഐയുടെ കാപ്പിസെറ്റ് ശാഖയില്‍ ഏഴ് ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുമുണ്ടായിരുന്നു. ചൊവ്വാഴ്ച മരിച്ച രാമദാസിനും വിവിധ സാമ്പത്തിക സ്ഥാപനങ്ങളിലായി അഞ്ച് ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. 

മകളുടെ വിവാഹാവശ്യത്തിനായി പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാനാവാത്തതും രാമദാസിനെ അലട്ടിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.