ആയുഷ്മാന്‍ ഭാരതില്‍ നിന്ന് കേരളം വിട്ടുനില്‍ക്കരുത്: രാജ്‌നാഥ് സിങ്

Friday 28 September 2018 1:50 am IST
കേരളത്തെ പിടിച്ചുലച്ച പ്രകൃതിദുരന്തമുണ്ടായപ്പോള്‍ കേന്ദ്രം എല്ലാ സഹായവും നല്‍കി പിന്തുണച്ചു. കേന്ദ്രവും കേരളവും ഒരുമിച്ച് മുന്നോട്ട് നീങ്ങി. പാര്‍ലമെന്റ് അംഗങ്ങള്‍ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ശമ്പളത്തിന്റെ ഒരു ഭാഗം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ തയാറായി. ഇനിയും കേരളത്തെ സഹായിക്കാന്‍ കേന്ദ്രം ഒരുക്കമാണെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

കൊച്ചി: ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിന്ന് കേരളം വിട്ടുനില്‍ക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ്, അതില്‍ രാഷ്ട്രീയം കലര്‍ത്തരുത്. കേരള സര്‍ക്കാരിനോട് കൈകൂപ്പി അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന കൗണ്‍സില്‍ സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലാണ് രാജ്‌നാഥ് സിങ് സംസാരിച്ചു തുടങ്ങിയത്. 

പാവപ്പെട്ടവന് ചികിത്സ നിഷേധിക്കരുത്. പദ്ധതി നടപ്പായി 48 മണിക്കൂറിനകം അയ്യായിരത്തിലധികം രോഗികള്‍ക്ക് പ്രയോജനം ലഭിച്ചുകഴിഞ്ഞു. പൗരന്മാരെ രോഗങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള കവചമാണിത്. അതിനാല്‍ കേരളത്തോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതയില്‍ മുമ്പില്‍ നില്‍ക്കുന്ന കേരളത്തില്‍ തുടരുന്ന രാഷ്ട്രീയ അക്രമങ്ങള്‍ അപലപനീയമാണ്. മുഖ്യമന്ത്രി ഈ വിഷയത്തിലിടപെടണം. അക്രമം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നയങ്ങളെയും പിന്തുണയ്ക്കാന്‍ കേന്ദ്രം തയാറാണെന്നും അദ്ദേഹം പറഞ്ഞു.  

കേരളത്തെ പിടിച്ചുലച്ച പ്രകൃതിദുരന്തമുണ്ടായപ്പോള്‍ കേന്ദ്രം എല്ലാ സഹായവും നല്‍കി പിന്തുണച്ചു. കേന്ദ്രവും കേരളവും ഒരുമിച്ച് മുന്നോട്ട് നീങ്ങി. പാര്‍ലമെന്റ് അംഗങ്ങള്‍ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ശമ്പളത്തിന്റെ ഒരു ഭാഗം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ തയാറായി. ഇനിയും കേരളത്തെ സഹായിക്കാന്‍ കേന്ദ്രം ഒരുക്കമാണെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. 

ഭാരതത്തില്‍ ബിജെപി വന്‍ വളര്‍ച്ചയാണ് കൈവരിക്കുന്നത്. അതിന്റെ പ്രതിഫലനം കേരളത്തിലും കൊണ്ടുവരാനായി. ജനസംഘത്തിന്റെ ആരംഭകാലത്ത് പി. പരമേശ്വരന്റെ നേതൃത്വത്തില്‍ വലിയ പരിശ്രമങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ ആരംഭിച്ച പ്രവര്‍ത്തനം ഇന്ന് മുന്നേറുകയാണ്. അതിന്റെ ഉദാഹരണമാണ് ഒ. രാജഗോപാല്‍.  തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 35 കൗണ്‍സിലര്‍മാരെ വിജയിപ്പിക്കാന്‍ നമുക്കായി. ഇന്ന് 20 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപി അടുത്ത തെരഞ്ഞെടുപ്പോടെ മൂന്നൂറ്റമ്പതിലധികം സീറ്റുകളില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ പുതിയ അധ്യക്ഷനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.