ഗസ്റ്റ്‌ അധ്യാപകരുടെ പണിമുടക്ക്‌ തുടരുന്നു

Thursday 21 July 2011 11:07 pm IST

കുറ്റിക്കോല്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഗസ്റ്റ്‌ ടീച്ചേര്‍സ്‌ അസോസിയേഷണ്റ്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗസ്റ്റ്‌ അധ്യാപകര്‍ നടത്തിവരുന്ന സമരം മൂന്നാം ദിവസത്തിലേക്ക്‌ കടന്നു. ദിവസവേതനവ്യവസ്ഥ പരിഷ്കരിക്കുക, സീനിയര്‍ ജൂനിയര്‍ അന്തരം ഇല്ലാതാക്കുക, അധ്യയന വര്‍ഷം മുഴുവന്‍ ഗസ്റ്റ്‌ അധ്യാപക സേവനം ഉറപ്പുവരുത്തുക, പുതുതായി അനുവദിച്ച ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ തസ്തിക സൃഷ്ടിച്ച്‌ നിയമനം ത്വരിതമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ തിങ്കളാഴ്ച മുതല്‍ പണിമുടക്ക്‌ തുടങ്ങിയത്‌. മറ്റ്‌ എല്ലാ മേഖലകളിലെയും ജീവനക്കാര്‍ക്കും ശമ്പള കമ്മീഷണ്റ്റെ നിര്‍ദ്ദേശ പ്രകാരം ശമ്പള വര്‍ധനവ്‌ പ്രാബല്യത്തില്‍ വരുത്തിയെങ്കിലും അധ്യാപകരുടെ കാര്യത്തില്‍ മാത്രം കഴിഞ്ഞ 5 വര്‍ഷമായി തുടരുന്ന ശമ്പള വ്യവസ്ഥയാണ്‌ തുടരുന്നത്‌. ഗസ്റ്റ്‌ അധ്യാപകരുടെ പണിമുടക്ക്‌ ജില്ലയിലെ വിദ്യാഭ്യാസ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. ചില സ്കൂളില്‍ അധ്യയനം പൂര്‍ണമായും തടസപ്പെട്ടു. ജില്ലയിലെ ഹയര്‍ സെക്കെണ്ടറി അധ്യാപകരില്‍ എണ്‍പത്‌ ശതമാനവും ഗസ്റ്റ്‌ അധ്യപാകരാണ്‌. രണ്ട്‌ ദിവസമായി പണി മുടക്ക്‌ നടന്നിട്ടും, പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ നടപടിയൊന്നും ജില്ലയിലെ വിദ്യാഭ്യാസ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകാത്തത്‌ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌.