ശബരിമല: പ്രതികരണങ്ങള്‍

Saturday 29 September 2018 6:13 am IST

എന്താണ് ഹിന്ദുക്കളുടെ നിലപാടെന്ന് അറിഞ്ഞില്ല കെ.പി. ശശികല (ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ)

തൃശൂര്‍: ഭാരതീയ പൗരനെന്ന നിലയില്‍ സുപ്രീം കോടതി വിധിയെ മാനിക്കുന്നു. എന്നാല്‍ ഈ വിഷയം സുപ്രീംകോടതിയില്‍ എത്തേണ്ടതുണ്ടായിരുന്നോ? എത്തിയെങ്കില്‍ ഇതിന്റെ പരിസമാപ്തി  ഇങ്ങനെയാവണമോ എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. കേരള സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിഷയത്തില്‍ പ്രത്യേക താത്പര്യമെടുത്ത് സമവായത്തിലെത്തി കേസ് പിന്‍വലിപ്പിക്കാമായിരുന്നു. ഹൈന്ദവസമൂഹത്തോട് ഒരു വാക്കുപോലും ചോദിക്കാതെയാണ് മാറിമാറി വന്ന സര്‍ക്കാരുകള്‍ സത്യവാങ്മൂലം നല്‍കിയത്. 

ശബരിമലയെ സംബന്ധിച്ച് എന്താണ് ഹിന്ദുക്കളുടെ നിലപാടെന്ന് അറിഞ്ഞിട്ടില്ല, അറിയാന്‍ ശ്രമിച്ചിട്ടില്ല. ഇത് രാഷ്ട്രീയവിഷയമല്ല. ആചാരവിഷയമാണ്. ആരോടും ഒന്നും ചോദിക്കാതെ കേരളസര്‍ക്കാര്‍ സത്യവാങ്മൂലം കൊടുത്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നത് അനുകൂലമല്ലെന്ന് പറഞ്ഞ് സത്യവാങ്മൂലം നല്‍കിയപ്പോള്‍ പിണറായി സര്‍ക്കാര്‍ നേരെ വിപരീതമായി നല്‍കി. സ്ത്രീകള്‍ ശബരിമലയില്‍ പോകണം എന്നല്ല പോകാം എന്നാണ് സുപ്രീംകോടതി പറഞ്ഞത്. ആചാരങ്ങള്‍ ആചരിക്കാനുള്ളതാണ്. ശബരിമലയില്‍ പോകണമോ വേണ്ടയോ എന്ന് ഭക്തര്‍ക്ക് തീരുമാനിക്കാം.

സുപ്രീംകോടതി വിധി ദൂരവ്യാപകമായ ഫലമുണ്ടാക്കും. ഇത് ഒരു മതത്തില്‍ ഒതുങ്ങി നില്‍ക്കില്ല. തുല്യനീതി എന്നത് ഒരുമതത്തില്‍ മാത്രം പോര. എല്ലാമതത്തിലും തുല്യനീതി ഉറപ്പാക്കണം. വരുംകാലങ്ങളില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു.

സങ്കീര്‍ണമാക്കിയത് സംസ്ഥാന സര്‍ക്കാര്‍ പ്രൊഫ. വി.ടി.രമ (മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ)

പാലക്കാട്: പരമോന്നത നീതി പീഠത്തിന്റെ വിധിയെ രാഷ്ട്രബോധമുള്ള പൗരനെന്ന നിലയില്‍ സ്വീകരിക്കുന്നു. ലിംഗ നീതി തുല്യ നീതി എന്നത് ഒരു സമൂഹം ആഗ്രഹിക്കുന്ന കാര്യം തന്നെയാണ്. എന്നാല്‍ ഇതുമാത്രമാണ് വിഷയമെങ്കില്‍ ചര്‍ച്ച പോലും ആവശ്യമില്ല. വിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും ഒരു വലിയ വിഭാഗം ഒരു വശത്തുണ്ട്. മറുവശത്ത് സാമൂഹിക നീതിയെന്ന ഘടകവുമുണ്ട്.  ഏറെ സങ്കീര്‍ണമായ വിഷയമാണ്.  പ്രതിഷ്ഠ, ആരാധന എന്നിവയ്ക്ക് ഭരണഘടന സംരക്ഷണം നല്‍കണമെന്നാണ് ഈ വിഷയത്തില്‍ വിയോജനക്കുറിപ്പെഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണം. വിശ്വാസത്തെ അതിന്റെ വഴിക്ക് വിടണം.

വിധികൊണ്ട് നിര്‍ണയിക്കുന്നതിനെക്കാള്‍ കോടതിക്ക് പുറത്തുള്ള ഒരു സമവായമാണ് വേണ്ടിയിരുന്നത്. ഭക്തരുമായി ചര്‍ച്ചയോ സമവായമോ ഉണ്ടാക്കിയിരുന്നെങ്കില്‍ ഇതൊരു സാമൂഹിക പ്രശ്‌നത്തിലേക്ക് കടക്കില്ലായിരുന്നു. ഇത് സങ്കീര്‍ണമാക്കിയത് സംസ്ഥാന സര്‍ക്കാരാണ്.  ആധ്യാത്മിക സാമൂഹിക മേഖലയില്‍ ഇത് സംഘര്‍ഷങ്ങള്‍ക്ക് വഴി വയ്ക്കുമോ എന്ന ആശങ്കയുണ്ട്.

തുല്യതയെക്കുറിച്ചുള്ള ഈ വിധി  ജാതി-മത ഭേദമെന്യേ സമൂഹത്തിലെ എല്ലാ സ്ത്രീകള്‍ക്കുമുള്ള തുല്യതയായി മാറുമോ എന്ന് കാത്തിരുന്നു കാണാം. ഇതിനു മുകളില്‍ വലിയൊരു ഹര്‍ജി വന്നേക്കാം. ഇതൊരു അന്തിമ തീരുമാനമാണെന്ന് വിശ്വസിക്കുന്നില്ല.

                                       അന്തിമവിധിയില്‍ പ്രതീക്ഷ: ശോഭാ സുരേന്ദ്രന്‍

മലപ്പുറം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിവിധ സംഘടനകള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ അന്തിമവിധി വിശ്വാസികള്‍ക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. താനടക്കമുള്ള ഈശ്വരവിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരാന്‍ ഒരുക്കമാണെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. 

വിശ്വാസികളുടെ വികാരം കൂടി കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷ. 

കേരളത്തിലെ സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച പരസ്പര വിരുദ്ധ നിലപാടുകളാണ് ഇത്തരത്തിലുള്ള ഒരു വിധിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ക്ഷേത്രങ്ങള്‍ കലാപഭൂമിയാക്കാനാണ് സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

ഹിന്ദുക്കളുടെ മനസ്സ് വേണ്ട പകരം വോട്ട് മാത്രം മതിയെന്ന സിപിഎമ്മിന്റെ നിലപാട് വ്യക്തമായിരിക്കുകയാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു.

വിധി നിരാശാജനകം: വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധി നിരാശാജനകമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഭക്തര്‍ ഈ വിധിയോട് യോജിക്കില്ല. വിശ്വാസികളായ യുവതികള്‍ ശബരിമലയില്‍ പോകില്ല. നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും അംഗീകരിക്കേണ്ടി വരും. ഇപ്പോള്‍ സൗകര്യങ്ങള്‍ പരിമിതമാണ്, സ്ത്രീകള്‍ കൂടി എത്തിയാല്‍ എങ്ങനെ സര്‍ക്കാരിനും ബോര്‍ഡിനും കൈകാര്യം ചെയ്യാനാകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. സുപ്രീകോടതി വിധി അംഗീകരിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണ്. അതിനാല്‍ വിധി നടപ്പാക്കാതെ മറ്റു മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.

വാവര്‍ പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുമോ: പിള്ള

കോട്ടയം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചാല്‍ വാവര്‍ പള്ളിയില്‍ സ്ത്രീ പ്രവേശനം അനുവദിക്കുമോയെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള ചോദിച്ചു. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിശ്വാസത്തില്‍ കോടതി വിധികള്‍ വിശ്വാസികളുടെ വികാരം കൂടി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ കോടതി വിധി പല വിശ്വാസ പ്രമാണങ്ങളെയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അയര്‍ക്കുന്നം രാമന്‍നായര്‍, പി.എം. മാത്യു, അപ്പച്ചന്‍ വെട്ടിത്താനം, ചെറിയാന്‍ പി. ലോബ്, നിജോ ചെറുപള്ളി എന്നിവര്‍ പങ്കെടുത്തു.

ആരോടും  യുദ്ധം  ചെയ്ത് ശബരിമലയിലേക്കില്ല: ബിന്ദു കൃഷ്ണ (ഡിസിസി അദ്ധ്യക്ഷ കൊല്ലം)

കൊല്ലം: ആരോടും യുദ്ധം ചെയ്ത് ശബരിമലയിലേക്കില്ല. കോടതി ഉത്തരവ് നടപ്പാക്കിയാല്‍ ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നു. കാലോചിതമായ മാറ്റങ്ങള്‍ അംഗീകരിക്കപ്പെടും. നിലവിലെ കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഈശ്വരന് മുന്നില്‍ എല്ലാവരും സമന്മാരാണ്. ആരാധനയിലും തുല്യനീതി വേണം. ഏത് വിഭാഗത്തിലെ അസമത്വമാണെങ്കിലും അംഗീകരിക്കാനാകില്ല. വനിതകള്‍ക്കെതിരെ നിലനില്‍ക്കുന്ന അനീതികള്‍ക്കെതിരെ അവിടെ നിന്ന് തന്നെ ശബ്ദം ഉയരണം. 

യുക്തിയും പരിഗണിക്കണമായിരുന്നു: ക്ഷത്രിയ ക്ഷേമസഭ 

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി ഭരണഘടനാപരമായ സാധുത മാത്രമാണ് പരിശോധിച്ചതെന്നു ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന നേതൃത്വം വിലയിരുത്തി. വിശ്വാസവും യുക്തിയും കൂടി പരിഗണിക്കണമായിരുന്നു. ശബരിമലയിലെ ബ്രഹ്മചാരീ സങ്കല്‍പം പ്രധാനമാണെന്നും കോടതി വിധി വിശ്വാസികളെ നിരാശപ്പെടുത്തിയെന്നും  ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.എന്‍. സുരേന്ദ്രനാഥ വര്‍മയും ജനറല്‍ സെക്രട്ടറി ആത്മജവര്‍മ തമ്പുരാനും പറഞ്ഞു. വിധി പുനഃപരിശോധനയ്ക്കായി വിശാല ബെഞ്ചിനു വിടണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ അധ്യക്ഷത വഹിച്ചു.

കോടതിവിധി പുനഃപരിശോധിക്കണം: അക്കീരമണ്‍

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നിഷേധിക്കുന്നില്ലെങ്കിലും പുനഃപരിശോധിക്കപ്പെടണമെന്ന് തന്ത്രി അക്കീരമണ്‍ കാളിദാസഭട്ടതിരി അഭിപ്രായപ്പെട്ടു. ശബരിമലയിലെ പ്രത്യേക ആചാരാനുഷ്ഠാനങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ ദേവസ്വം ബോര്‍ഡ് പരാജയപ്പെട്ടതാണ് ഇത്തരമൊരു വിധിക്ക് സാഹചര്യം ഒരുക്കിയത്. 

കേസില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസത്തിനെതിരായ നിലപാട് സ്വീകരിച്ചതും കോടതിയെ തെറ്റിദ്ധരിപ്പിച്ചതും ഹിന്ദുസമൂഹം അതേ ഗൗരവത്തില്‍ കാണണം. ശബരിമലയിലേത് സ്ത്രീ വിവേചനമല്ല, ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണമാണുള്ളത്. അവിശ്വാസികളായ ചില ആളുകളുടെ വ്യക്തി താല്‍പ്പര്യമാണ് കേസിന് അടിസ്ഥാനം. 

ഹര്‍ജി നല്‍കിയ വക്കീലന്മാരില്‍ ചിലര്‍ പിന്‍മാറിയതും വിധി പറഞ്ഞ ബെഞ്ചിലെ വനിതാജഡ്ജിയുടെ നിലപാടും ശ്രദ്ധേയമാണ്. വിധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങള്‍ കാഴ്ചബംഗ്ലാവുകളായി മാറിയേക്കാം. ഇത് വലിയ കുഴപ്പങ്ങള്‍ക്ക് ഇടയാക്കും. ഹിന്ദുസമൂഹത്തിലെ അനാചാരങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും എന്നാല്‍ ക്ഷേത്ര സങ്കല്‍പ്പവും ആചാരാനുഷ്ഠാനങ്ങളും അതേപടി പാലിക്കപ്പെടണമെന്നും അക്കീരമണ്‍ പറഞ്ഞു.

പവിത്രത സംരക്ഷിക്കണം: പമ്പ മുന്‍ മേല്‍ശാന്തി 

മാവേലിക്കര: പൗരന്‍ എന്ന നിലയില്‍ അംഗീകരിക്കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ ഈ വിധി വിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്നതാണെന്ന് പമ്പ മുന്‍ മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി. ശബരിമലയിലെ എല്ലാ ആചാരാനുഷ്ഠാനങ്ങളും അയ്യപ്പസന്നിധിയുടെ പവിത്രതയും സംരക്ഷിക്കപ്പെടണം.

വിധി ഖേദകരം: മുന്‍മേല്‍ശാന്തി

മാവേലിക്കര: സുപ്രിംകോടതി വിധി ഖേദകരമാണെന്ന് ശബരിമല മുന്‍ മേല്‍ശാന്തി നീലമന എന്‍. ഗോവിന്ദന്‍ നമ്പൂതിരി. ഈ വിധി വിശ്വാസിസമൂഹത്തിന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. 

ഭാരതത്തിലെ സ്ത്രീജനങ്ങളുടെ അഭിപ്രായം ഇക്കാര്യത്തില്‍ തേടിയിരുന്നെങ്കില്‍ 90 ശതമാനം പേരും പ്രവേശനം വേണ്ടെന്ന നിലപാട് സ്വീകരിച്ചേനെ. ജനാധിപത്യത്തില്‍ ജനങ്ങളുടെ അഭിപ്രായം മാനിക്കാതെയാണ് സംസ്ഥാനസര്‍ക്കാര്‍ അഭിപ്രായം പറഞ്ഞത്. ലിംഗസമത്വത്തിന് പ്രാധാന്യം കൊടുത്ത സര്‍ക്കാര്‍ മതവിശ്വാസത്തെ മാനിച്ചില്ല. വിശ്വാസികളുടെ അഭിപ്രായം ആരായാത്തതിലെ പോരായ്മയും ഗുരുതരവീഴ്ചയും ഇടതുസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഇനിയും പുനഃപരിശോധിക്കാന്‍ അവസരമുണ്ട്. ദേവസ്വം ബോര്‍ഡ് ഇതിന് തയ്യാറാകണം. ഇതിന് തയ്യാറായില്ലെങ്കില്‍ ഹിന്ദുവിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രപതിയെ സമീപിക്കേണ്ടിവരും.

വേദനാജനകം: ജ്യോതിശ്ശാസ്ത്രമണ്ഡലം

ഹരിപ്പാട്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആകാമെന്ന സുപ്രീം കോടതിയുടെ വിധി വേദനാജനകമാണെന്ന് അഖില കേരള ജ്യോതിശ്ശാസ്ത്ര മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ. കെ. ബാലകൃഷ്ണവാര്യര്‍ പറഞ്ഞു. ഓരോ ക്ഷേത്രങ്ങള്‍ക്കും ആരാധനയില്‍ അതിന്റേതായ ആചാരാനുഷ്ഠാനങ്ങളുണ്ട്. ഇത് കേരളത്തിന്റെ പ്രത്യേകതയാണ്. ക്ഷേത്രങ്ങളുടെ പ്രതിഷ്ഠാ സമയത്തുള്ള സത്യപ്രതിജ്ഞള്‍ പാലിക്കപ്പെടേണ്ടതാണ്. ഇത് സമയം പോലെ മാറ്റിമറിക്കാനുള്ളതല്ല. സങ്കല്പങ്ങള്‍ ഒരു പക്ഷേ കോടതിക്ക് അറിയില്ലായിരിക്കാം. ഇത് അവതരിപ്പിച്ചവര്‍ക്ക് പിഴവ് സംഭവിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ദൗര്‍ഭാഗ്യകരം: സമൂഹപെരിയോന്‍

അമ്പലപ്പുഴ: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘം സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. അയ്യപ്പനെ നിത്യബ്രഹ്മചാരിയായി സങ്കല്‍പ്പിച്ചാണ് ഭക്തര്‍ ശബരിമലയില്‍ എത്തുന്നത്. 

വിശ്വാസമാണ് ഭക്തിയുടെ അടിസ്ഥാനം. ശബരിമലയിലെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. പരമോന്നത നീതിപീഠത്തിന്റെ വിധി അറിഞ്ഞപ്പോള്‍ ഒരയ്യപ്പഭക്തനായ എനിക്ക് വിഷമം തോന്നി. പരമോന്നത നീതിപീഠത്തിന്റെ വിധി ആയതിനാല്‍ ഒരു വിശ്വാസി എന്ന നിലയില്‍ പഴയ ആചാരങ്ങള്‍ മനസ്സില്‍ നിര്‍ത്തിക്കൊണ്ടു തന്നെ അംഗീകരിക്കുന്നു. ഭഗവാന്‍ ഭക്തരേയും വിശ്വാസങ്ങളേയും കൈവിടില്ലെന്ന് വിശ്വസിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.