വിധി ഹിന്ദുവിനെ ദു:ഖിതനാക്കുന്നു

Saturday 29 September 2018 3:32 am IST

സ്ത്രീകള്‍ക്ക് എതിരായ വിവേചനം അവസാനിപ്പിക്കുന്നു എന്ന് കൊട്ടിഘോഷിച്ചുകൊണ്ട് 'പുരോ' വിഭാഗത്തില്‍പ്പെട്ടവര്‍സ്വാഗതം ചെയ്യുന്ന ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിധി യഥാര്‍ത്ഥത്തില്‍ നഗ്‌നമായ ഹിന്ദു വിവേചനമാണ് വരുത്തിവെക്കുന്നതെന്ന് വിധിയുടെ വശങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്. വിധിയുടെ മുഴുവന്‍ പകര്‍പ്പും ഇനിയും ലഭ്യമാകുന്നതേയുള്ളൂ.

എന്നാല്‍ കാലാകാലങ്ങളായി ഹിന്ദുക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നാണ് രാജ്യത്തെ ഏറ്റവും വലിയ കോടതി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ മതക്കാര്‍ക്കും അവരവരുടേതായ വിശ്വാസപ്രമാണങ്ങളും ആചാരങ്ങളും പിന്തുടരുവാനുള്ള അവകാശമുണ്ട്. ഭരണഘടനയുടെ 25-ാം അനുഛേദത്തില്‍ പബ്ലിക് ഓര്‍ഡര്‍, മൊറാലിറ്റി, ഹെല്‍ത്ത് എന്നിവക്ക് വിധേയമായി മനഃസാക്ഷിക്കുള്ള സ്വാതന്ത്ര്യവും മതവിശ്വാസം വെച്ചുപുലര്‍ത്താനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

അമൃത്‌സര്‍ നഗരത്തിലുള്ള പ്രശസ്തമായ സിക്കുകാരുടെ സുവര്‍ണ്ണക്ഷേത്രത്തില്‍ തലമൂടാതെ പ്രവേശിക്കാന്‍ പാടില്ലെന്ന് നിയമമുണ്ട്. മുസ്ലിം ആരാധനാലയങ്ങള്‍ ഒന്നിലുംതന്നെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല. ഇപ്പോള്‍ പല നിസ്‌കാര പള്ളികൡലും സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിവരുന്നുണ്ട്.

ശ്രീനഗറിലെ പ്രശസ്തമായ ഹസ്‌റത്ത്ബാല്‍ പള്ളിയില്‍ ഈ ലേഖകന്‍ പോയപ്പോള്‍ അകത്തേക്ക് വരാമെന്ന് സ്വാഗതം ചെയ്യുകയുണ്ടായി. നിരവധി സ്ത്രീകള്‍ അകത്ത് പ്രവേശനം ലഭിക്കാതെ വരാന്തയില്‍ മാത്രം നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കുകയായിരുന്നു. അങ്ങനെ ഓരോ മതസ്ഥര്‍ക്കും പ്രത്യേകം ആചാരക്രമങ്ങള്‍ ഉണ്ട്. ഇവയില്‍ പലതും മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ യുക്തിസഹമല്ലാതിരിക്കാം. എന്നാലും മതങ്ങളുടെ വൈവിധ്യമുള്ള ഈ ജനാധിപത്യ രാജ്യത്തെ ഭരണഘടനകൂടി ഇത് അംഗീകരിച്ചിരിക്കുന്നു.

ഹിന്ദുക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്. ഹിന്ദുക്കളുടെ ഇടയില്‍ ദേവനും പ്രതിഷ്ഠക്കും സ്വത്ത് സ്വന്തമാക്കാനുള്ള അവകാശമുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്വത്ത് ഗുരുവായൂരപ്പന്റെ സ്വത്ത് എന്നാണ് ഹിന്ദു സങ്കല്‍പ്പം. ശബരിമല ക്ഷേത്രം ഈ കാഴ്ചപ്പാടില്‍ നിത്യബ്രഹ്മചാരിയായ അയ്യപ്പന്റേതാണ്. ആ ക്ഷേത്രത്തില്‍ പ്രവേശനത്തിന് ബ്രഹ്മചര്യം അത്യാവശ്യമാണ്. ഇത് ശരിയല്ല എന്നു പറയാന്‍ ഒരു കോടതിക്കും അധികാരം ഈ രാജ്യത്തെ ജനങ്ങള്‍ നല്‍കിയിട്ടില്ല. ഹസ്‌റത്ത്ബാല്‍ പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് സ്ത്രീവിരുദ്ധ വിവേചനമെന്ന് പറയാന്‍ രാജ്യത്തെ ഏതെങ്കിലും കോടതികള്‍ക്ക് ധൈര്യമുണ്ടോ?

മുത്തലാഖ് വിധി പോലും ഇസ്ലാംവിരുദ്ധമാണെന്നാണ് സമസ്ത പോലുള്ള സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആ നിലയ്ക്ക് നിത്യബ്രഹ്മചാരിക്ക് സ്വന്തമായ ക്ഷേത്രത്തില്‍ പത്തിനും അന്‍പതിനും ഇടയ്ക്ക് ആര്‍ത്തവകാലം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ത്രീകള്‍ പ്രവേശിക്കരുത് എന്ന നിയന്ത്രണം എങ്ങനെ വിവേചനപരമാകും? നിരോധനമില്ല നിയന്ത്രണം മാത്രമേയുള്ളൂ എന്ന് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. റീസണബിള്‍ റസ്ട്രിക്ഷന്‍ എന്ന പദപ്രയോഗത്തിലൂടെ അറിയപ്പെടുന്ന നിയന്ത്രണങ്ങള്‍ ഭരണഘടനാവിധേയമെന്ന് വിവിധ വിധികളില്‍നിന്ന് വ്യക്തമാണ്. ഈ പരിമിതമായ നിയന്ത്രണത്തിന് വസ്തുതകളുടെയും പ്രായോഗികതയുടെയും പിന്തുണകൂടിയുണ്ട്.

ശബരിമലയിലേക്കുള്ള പ്രയാണ മാര്‍ഗ്ഗങ്ങള്‍ വന നിബിഡമാണ്. വന്യമൃഗങ്ങളുടെ ഭീഷണിമൂലം തന്ത്രിക്കുപോലും സമീപകാലത്ത് ശബരിമലയില്‍ എത്താന്‍ കഴിഞ്ഞില്ല. ഈ പരിതസ്ഥിതിയില്‍ യുവതികളായ സ്ത്രീകള്‍ സ്വയം അപകടം ക്ഷണിച്ചുവരുത്തിക്കൊണ്ട് ആനയും പുലിയും ഉള്ള നിബിഡ വനത്തിലൂടെ യാത്രചെയ്ത് സന്നിധാനത്തിലെത്തരുത് എന്ന നിയന്ത്രണം എങ്ങനെ സ്ത്രീവിവേചനമാകും? ശബരിമലയില്‍ പല സന്ദര്‍ഭങ്ങളിലും അഭൂതപൂര്‍വമായ തിക്കും തിരക്കുമുണ്ട്. പതിനെട്ടാംപടിയിലൂടെയുള്ള പ്രവേശനം പലപ്പോഴും പോലീസുകാരുടെ കൈകളിലൂടെയാണ്. യുവതികളായ സ്ത്രീകള്‍ ഈ തിക്കിലും തിരക്കിലുംപെട്ട് സന്നിധാനത്തെത്തുക എന്നത് പലപ്പോഴും ആശാസ്യമല്ലാത്ത സ്ഥിതിവിശേഷമാണ്.

അന്‍പതു വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകളുടെ ശാരീരികമായ അനുഭവങ്ങളല്ല ഇരുപത് വയസുകാരിക്ക്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ (നിഷേധിക്കാന്‍ പറ്റാത്ത യാഥാര്‍ത്ഥ്യങ്ങള്‍) കണക്കിലെടുത്തുകൊണ്ടാണ് സ്ത്രീപ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്ത്രീക്കെതിരായ വിവേചനം ആവണമെങ്കില്‍ സ്ത്രീപ്രവേശനം ഹസ്‌റത്ത്ബാല്‍ പള്ളി പോലെ പാടെ നിരോധിക്കണം. അങ്ങനെയൊന്ന് ഇല്ലല്ലോ ശബരിമലയില്‍.

അതിനു പുറമെ നിത്യബ്രഹ്മചാരിയായ പ്രതിഷ്ഠയുടെ ഇഷ്ടാനിഷ്ടങ്ങള്‍ കണക്കിലെടുത്ത് ആചാരങ്ങള്‍ ക്രമീകരിക്കാനുള്ള അവകാശം ഹിന്ദുക്കള്‍ക്കുണ്ട്. അതിനു അനുസൃതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഭരണഘടനപോലും അനുവദിക്കുന്നുണ്ട്. വിചിത്രം എന്നു പറയട്ടെ മറ്റ് മതവിഭാഗങ്ങള്‍കൂടി അംഗീകരിക്കുന്ന ആര്‍ത്തവകാലത്തെ നിയന്ത്രണങ്ങള്‍കൂടി ഭരണഘടനാവിരുദ്ധമാണെന്ന് നമ്മുടെ സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കുന്നു.

ചുരുക്കത്തില്‍ സംവത്‌സരങ്ങളായി ഹിന്ദുമതവിശ്വാസികള്‍ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ലായെന്ന് നിബന്ധന വെച്ചിരുന്നത് കൂടി വിവേചനപരമാണെന്ന് നമ്മുടെ ബഹുമാന്യരായ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

ആയുര്‍വേദ വിധിപ്രകാരം ആര്‍ത്തവകാലത്ത് സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധാലുക്കളായില്ലെങ്കില്‍ ഗര്‍ഭാശയ മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. അലോപ്പതിയിലും സ്ഥിതി മറിച്ചല്ല. ഐസ് കമ്പനി പോലെയുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ ആര്‍ത്തവചക്രത്തിന് വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതായി ഗൈനക്കോളജിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അപ്പോള്‍ ആര്‍ത്തവകാലങ്ങളില്‍ പ്രത്യേകം ശ്രദ്ധാലുവാകാന്‍ വിധിക്കപ്പെട്ടവരാണ് സ്ത്രീകള്‍. തികച്ചും ആരോഗ്യപരമായ ഈ പരിഗണനകള്‍ വച്ചുകൊണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ 25-ാം അനുഛേദത്തിലെ ഹെല്‍ത്ത് (ആരോഗ്യം) എന്ന പദപ്രയോഗത്തിനുള്ളില്‍ അടങ്ങുന്നതാണ്.

എന്നാല്‍ 'പുരോ' വര്‍ഗ്ഗത്തിനെ സന്തോഷിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ ആര്‍ത്തവകാലത്ത് ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള വകുപ്പും നമ്മുടെ സുപ്രീംകോടതി റദ്ദുചെയ്തിരിക്കുന്നു. ആ കോടതിയോടുള്ള ഉന്നത ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ ചില സംശയങ്ങള്‍ ഉയരുന്നു. സ്ത്രീകള്‍ക്ക് മാത്രം ഉണ്ടാകുന്ന പ്രത്യേകമായ ശാരീരിക പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുന്നത് സ്ത്രീവിരുദ്ധമാകുമോ അതോ സ്ത്രീത്വത്തെ അംഗീകരിക്കുന്നതിനും ആരാധിക്കുന്നതിനും എതിരാകുമോ?

ഭാഗ്യവശാല്‍ ശബരിമല വിധി പ്രഖ്യാപിച്ച അഞ്ചംഗ ബെഞ്ചില്‍ സാരിയുടുത്ത ഒരു 'ആണ്‍' ഉണ്ടായിരുന്നു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. അവരെഴുതി ഗഹനമായ പഠനങ്ങള്‍ക്കും വിചിന്തനങ്ങള്‍ക്കും ദൂരവ്യാപകമായ ഫലങ്ങള്‍ വിലയിരുത്തിക്കൊണ്ടും മാത്രമേ ഒരു മതവിഭാഗം കാലാകാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളില്‍ കോടതി ഇടപെടാന്‍ പാടുള്ളൂവെന്ന്. ഒറ്റപ്പെട്ട ഈ സ്ത്രീശബ്ദം 'പുരോ' പുരുഷാരവത്തിനുള്ളില്‍ മുങ്ങിപ്പോയി. കയ്യടിക്കാരുണ്ടാക്കിയ കൂക്കുവിളികളില്‍ യുക്തിസഹമായ ആ ശബ്ദം കേള്‍ക്കാതെ പോയി.

അന്തിമമായി വിധി പ്രസ്താവം പ്രതീക്ഷിച്ചുകൊണ്ടും ആഗ്രഹിച്ചുകൊണ്ടും തടവില്‍ കഴിയുന്ന നിരാലംബരും നിര്‍ഭാഗ്യവാന്മാരുമായ ആയിരക്കണക്കിനുള്ള നമ്മുടെ സഹോദരീസഹോദരന്മാര്‍ ജയിലറകളില്‍ കഴിയുമ്പോള്‍ ഇത്തരം ആഡംബര വ്യവഹാരത്തിന് മുന്‍തൂക്കം കൊടുക്കുന്ന സുപ്രീംകോടതിയുടെ മന:ശാസ്ത്രം മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. മാധ്യമശ്രദ്ധ എല്ലാ മനുഷ്യരുടെയും ബലഹീനതയായി മാറിക്കൊണ്ടിരിക്കുകയാണ്. സിവില്‍, ക്രിമിനല്‍ വ്യവഹാരങ്ങള്‍ക്ക് ഒരിക്കലും മുന്‍ഗണന ലഭിക്കുന്നില്ല. കാരണം മാധ്യമപ്രവര്‍ത്തകര്‍ക്ക് അതില്‍ താല്‍പ്പര്യമില്ലല്ലോ.

രാജ്യത്തെ ഏറ്റവും വലിയ കോടതി ദൂരവ്യാപകമായ വിധികള്‍ പ്രസ്താവിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കൂടി കണക്കിലെടുക്കാന്‍ ബാധ്യസ്ഥരാണ്. ഹിന്ദുക്കള്‍ നിശബ്ദമായി പ്രതികരണശേഷി നഷ്ടപ്പെട്ടുകൊണ്ട് ഏത് അനീതിയും സഹിച്ചുകൊള്ളും എന്ന ധാരണ തിരുത്തേണ്ട സമയമായി. പാവപ്പെട്ട ഹിന്ദുവിനും താന്‍ വിശ്വസിക്കുന്ന മതാനുഷ്ഠാനങ്ങള്‍ പിന്തുടരാന്‍ ഈ രാജ്യത്തെങ്കിലും അനുവാദം നല്‍കണം. ഹിന്ദു എക്കാലത്തും മൃദുലക്ഷ്യമായി നിലനിന്നുകൊള്ളണമെന്നില്ല. നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ അവര്‍ക്കിടയില്‍നിന്നും പൊട്ടിത്തെറികള്‍ ഉണ്ടാകും. എല്ലാ അധികാരസ്ഥാനീയരും ഇക്കാര്യം വിസ്മരിക്കരുത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.