ശബരിമല: വിധിയും വസ്തുതയും

Saturday 29 September 2018 2:41 am IST
ക്ഷേത്രം പൊതുസ്ഥലമല്ല. അത് ദേവന്റെ സങ്കേതമാണ്; ദേവനെ തീര്‍ത്തും സകളീകൃതമായ ഭാവത്തില്‍, അംഗ പ്രത്യംഗയുക്തനായ വ്യക്തിയായി പൂജിച്ചാരാധിച്ചു ദര്‍ശനം ചെയ്യുന്നതിനായി ആചാര്യന്മാര്‍ സ്ഥാപിച്ച സങ്കേതമാണ്.

ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായപരിധിയിലുംപെട്ട സ്ത്രീകള്‍ക്കു പ്രവേശിക്കാം എന്ന് അഭിപ്രായഭിന്നതയോടുകൂടിയാണെങ്കിലും ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ചിന്റെ വിധി വന്നിരിക്കുകയാണല്ലോ. നമ്മുടെ നിയമവ്യവസ്ഥയെ ആദരിക്കുന്ന പൗരന്‍ എന്ന നിലയ്ക്ക് വര്‍ത്തമാനസ്ഥിതിയില്‍ ഈ വിധിയെ ആദരിച്ചുകൊണ്ടും എന്നാല്‍, ഇത് ഉയര്‍ത്തുന്ന ചില ഉത്കണ്ഠകളെ പങ്കുവെച്ചുകൊണ്ടും അല്‍പം ചിലതു കുറിക്കട്ടെ. 

ലോകത്തില്‍ത്തന്നെ ഏറ്റവും അധികം തീര്‍ഥാടകര്‍ പ്രതിവര്‍ഷം എത്തിച്ചേരുന്ന സങ്കേതങ്ങളില്‍ ഒന്നാണ് ശബരിമല. ഒരു സീസണില്‍ ശബരിമലയില്‍ എത്തിച്ചേരുന്ന തീര്‍ഥാടകരുടെ സംഖ്യ ലക്ഷങ്ങളും കടന്ന് കോടികളില്‍ എത്തിയിരിക്കുകയാണ്. എന്നു മാത്രമല്ല സമീപകാലത്ത് ഹൈന്ദവസമൂഹത്തില്‍ ആചാരങ്ങള്‍ വളര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനും കാരണഭൂതമാണ് ശബരിമല തീര്‍ഥാടനവും അതുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളും. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍, വിശേഷിച്ചും ഗ്രാമങ്ങളിലും കടലോരങ്ങളിലും, ഹൈന്ദവസമൂഹത്തില്‍ ആചാരശുദ്ധി നിലനില്‍ക്കുന്നതിനും തദ്വാരാ അജ്ഞാനത്തെയും ആചാരരാഹിത്യത്തെയും ചൂഷണം ചെയ്തുകൊണ്ടുള്ള മതപരിവര്‍ത്തന ശ്രമങ്ങളെ ചെറുക്കുന്നതിനും ശബരിമല വളരെയധികം സഹായിക്കുന്നുണ്ട്.

എന്നാല്‍ ഈ ക്ഷേത്രം കുറെക്കാലമായി വിവാദങ്ങളുടെ നീര്‍ച്ചുഴിയിലാണ്. ശബരിമല ക്ഷേത്രം തീയിട്ട സംഭവം നമുക്കറിയാം. അതിനെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെട്ട പൊലീസ് അധികാരികള്‍ ഏറെ ക്ലേശിച്ച് അന്വേഷിച്ചു തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനൗപചാരികമായി അച്ചടിക്കപ്പെട്ടതല്ലാതെ ഇന്നുവരെ സര്‍ക്കാര്‍ ഔപചാരികമായി പ്രസിദ്ധീകരിച്ചിട്ടില്ല. അതു പ്രകാരം ഒരു നടപടിയും ഉണ്ടായിട്ടുമില്ല. ഏതായാലും തുടര്‍ന്നു നവീകരണക്രിയകളെല്ലാം കഴിഞ്ഞപ്പോഴേക്കും മുമ്പ് നൂറുകണക്കിനു പേര്‍ സന്ദര്‍ശനം ചെയ്യുന്ന സങ്കേതം കോടിക്കണക്കിനു തീര്‍ഥാടകരെ ആകര്‍ഷിക്കുന്ന ഇടമായി മാറി. 

എന്നാല്‍, ഈ സമയത്ത് വിവാദങ്ങള്‍ ഒന്നിനു പിറകേ ഒന്നായി വരാന്‍ തുടങ്ങി. അതൊക്കെ ഒരു ക്ഷേത്രത്തെ സംബന്ധിക്കുന്നതോ ഒരു ക്ഷേത്രത്തിലെ ആചാരവൈകൃതങ്ങളുമായി മാത്രം ബന്ധപ്പെടുത്തേണ്ടുന്നതോ ആയ വിഷയങ്ങളായിരുന്നു. എന്നാല്‍, ഹിന്ദുസമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന, ഹിന്ദുവിന്റെ ആചാരക്രമങ്ങളെയും ആത്മാഭിമാനത്തെത്തന്നെയും ചോദ്യംചെയ്യുന്ന സംഭവങ്ങളാണ് ഈയടുത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഗൗരവത്തെക്കുറിച്ച് പലരും വേണ്ടതുപോലെ മനസ്സിലാക്കുന്നില്ല എന്നതു ഖേദകരമാണ്. സ്ത്രീ-പുരുഷസമത്വവാദത്തിന്റെ മറവില്‍ ഹിന്ദുസമൂഹത്തെ മൊത്തത്തില്‍ ദോഷമായി ബാധിക്കുന്ന വളരെയധികം പ്രശ്നങ്ങള്‍ നിലകൊള്ളുന്നതും ഉയര്‍ത്തിക്കൊണ്ടുവരപ്പെടുന്നതും പലവിദ്വാന്മാരും മാത്രമല്ല, ഹൈന്ദവപ്രസ്ഥാനങ്ങളുടെ പ്രധാന പ്രവര്‍ത്തകര്‍ പോലും വേണ്ടത്ര ഉള്‍ക്കൊള്ളുന്നുണ്ടോ എന്നു സന്ദേഹം ജനിപ്പിക്കുന്ന സാഹചര്യമാണു നാം കാണുന്നത്.

ഭരണഘടന സ്ത്രീ-പുരുഷസമത്വം ഉറപ്പാക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകള്‍ക്കു പ്രവേശനം നല്‍കാതിരിക്കുന്നതു മൗലികാവകാശ ലംഘനമാണെന്നു കാണിച്ച് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ എന്ന പ്രസ്ഥാനമാണ് സുപ്രീം കോടതിയില്‍ കേസുമായി എത്തിയത്. ക്ഷേത്രോപാസകനല്ല കേസ് കൊടുത്തത്. സുദീര്‍ഘമായ വാദങ്ങള്‍ക്കൊടുവില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് അഞ്ചില്‍ നാലു ഭൂരിപക്ഷത്തോടെ, അതും ബെഞ്ചിലെ ഏക വനിതാ അംഗമായ ബഹു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിസമ്മതിയോടെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് വിധിച്ചിരിക്കുകയാണ്. നിയമപരമായി മറ്റൊരു പരിവര്‍ത്തനം വരുംവരെ ഏവരും അംഗീകരിക്കാന്‍ ബാധ്യതപ്പെട്ടതാണ് ഈ വിധി.

ശബരിമലയില്‍ സ്ത്രീകള്‍ കയറണമോ കയറേണ്ടയോ എന്ന വിഷയമല്ല ഇവിടെ പ്രസക്തമായി തോന്നുന്നത്. എന്തുകൊണ്ടെന്നാല്‍ അതു സ്മൃതിവിഷയമായതുകൊണ്ട് മാറ്റങ്ങള്‍ക്കു വിധേയമാണ്. ഇന്നത്തേത് അതേപടി എല്ലാ കാലവും തുടര്‍ന്നുകൊള്ളണം എന്നൊന്നും പറയാന്‍ പറ്റില്ല. പക്ഷേ, മാറ്റം എവിടെനിന്നു വരണമെന്നുള്ളതാണു വിഷയം. മാറ്റം സെക്കുലര്‍ ഭരണസംവിധാനത്തിന്റെ ഭാഗമായ കോടതിയിലൂടെയാണോ വരേണ്ടത്? ആണെങ്കില്‍ത്തന്നെ എന്തുകൊണ്ട് അത് ഹിന്ദുസമൂഹത്തിന്റെ ആരാധനാലയങ്ങള്‍ക്കു മാത്രം ബാധകമാവുന്നു?

ഒരു ക്ഷേത്രത്തില്‍ മാത്രമാണ് സ്ത്രീകളെ കയറ്റാത്തത്; അതും ആര്‍ത്തവകാലീനകളെ. പത്തു വയസ്സു വരെയുള്ള പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവവിരാമം വന്ന സ്ത്രീകള്‍ക്കും അവിടെ പോകാവുന്നതാണ്. എന്നാല്‍, സുന്നി വിഭാഗങ്ങളുടെ പതിനായിരക്കണക്കിനു പള്ളികളില്‍ സ്ത്രീകളെ കയറ്റുന്നതേ ഇല്ല. മുജാഹിദ് പള്ളികളില്‍ സ്ത്രീകള്‍ക്കു പ്രവേശനമുണ്ടെങ്കിലും പുരുഷന്മാര്‍ക്കൊപ്പം നമസ്‌കരിക്കാന്‍ അനുവാദമില്ല. അതുപോലെത്തന്നെ, സ്ത്രീ-പുരുഷസമത്വം പ്രമുഖ ക്രിസ്ത്യന്‍ സഭകളുടെ മതാചാരങ്ങളിലും ഇല്ല. കുമ്പസാരം കേള്‍ക്കുക, കുര്‍ബാന നയിക്കുക തുടങ്ങിയ പൗരോഹിത്യ പ്രവൃത്തികള്‍ സ്ത്രീകള്‍ക്ക് അനുവദനീയമല്ല. ലക്ഷക്കണക്കിനുള്ള ഇത്തരം സ്ഥാപനങ്ങളിലൊന്നും ഇല്ലാത്ത, സ്ത്രീത്വത്തിന് അപമാനകരവും ഭരണഘടനാലംഘനവും ആകുന്ന വിഷയം ശബരിമലയില്‍ മാത്രം ഉണ്ടാകുന്നതിനെ മനസ്സിലാക്കുന്നത് ഏതു ബുദ്ധിയിലൂടെ ആയിരിക്കാം? 

ക്ഷേത്രാചാരങ്ങള്‍ ശ്രദ്ധിച്ചാല്‍ ഹിന്ദുധര്‍മത്തില്‍ വൈവിധ്യപൂര്‍ണങ്ങളായ ആചാരവിശേഷങ്ങള്‍ ഉണ്ട് എന്നറിയാറാവും. പല ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. സന്ന്യാസിമാര്‍ ക്ഷേത്രോപാസകരല്ല. എങ്കില്‍ത്തന്നെയും സന്ന്യാസി, ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ഏറ്റവും മംഗളമായിട്ടാണ് മാനിക്കപ്പെടുന്നത്. എന്നാല്‍ സന്ന്യാസിയെ കയറ്റാത്ത ക്ഷേത്രമുണ്ട്: പയ്യന്നൂരിലെ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. അറിയാതെയെങ്ങാനും കയറിപ്പോയാല്‍ത്തന്നെ പ്രായശ്ചിത്തക്രിയകള്‍ ചെയ്യേണ്ടതായിവരും. അതുപോലെ, സ്ത്രീകള്‍ പൂജ നടത്തുന്നതിനു പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ക്ഷേത്രമുണ്ട്: മണ്ണാറശ്ശാല ക്ഷേത്രം. ആരാധനയുടെ ഭാഗമായി രണ്ടു വിഭാഗമായി നിലകൊണ്ട് അടികൂടുന്ന ക്ഷേത്രമുണ്ട്: മാവിലായിക്കാവ്. സാത്ത്വികവിധാനത്തിലും രാജസികവിധാനത്തിലും താമസികവിധാനത്തിലും ആരാധനാക്രമങ്ങള്‍ നടക്കുന്ന ക്ഷേത്രങ്ങളുണ്ട്. എല്ലാ ക്ഷേത്രത്തിലും നിവേദ്യമായി പാല്‍പ്പായസം പറ്റില്ല. പൂജാപുഷ്പങ്ങള്‍ക്കും നേദ്യങ്ങള്‍ക്കും മന്ത്രങ്ങള്‍ക്കും വിധാനങ്ങള്‍ക്കുമൊക്കെ വ്യത്യാസങ്ങളുണ്ട്. വിഷ്ണുക്ഷേത്രത്തിലോ ശിവക്ഷേത്രത്തിലോ വെളിച്ചപ്പാട് ഉണ്ടാവില്ല. എന്നാല്‍, രജോഗുണപ്രധാനമായ മൂര്‍ത്തികള്‍ ആരാധിക്കപ്പെടുന്നിടത്ത് വെളിച്ചപ്പാട് ഉണ്ടാകും. ചുമപ്പ് വസ്ത്രം, ചുമപ്പ് പുഷ്പങ്ങളുടെ ആധിക്യം തുടങ്ങിയവയൊക്കെ ഉണ്ടാകും.

തമോഗുണപ്രധാനികളായ ദേവതകള്‍ക്ക് അതിനനുസൃതങ്ങളായ വിധാനങ്ങളാകും. കറുത്ത അലങ്കാരങ്ങള്‍, കള്ള്, ഉണക്കമത്സ്യം തുടങ്ങിയവയും അതുപോലുള്ള മറ്റു ഘടകങ്ങളോ ഒക്കെ അത്തരം ആരാധനകളില്‍ ഉണ്ടാകാം. ഇപ്രകാരം ആയിരക്കണക്കിനുള്ള വ്യത്യാസങ്ങള്‍ ക്ഷേത്രാചാരാനുഷ്ഠാനവ്യവസ്ഥകളില്‍ ഉണ്ട്. ഇത്തരം ആചാരങ്ങളെ വിലയിരുത്തേണ്ടത് സെക്കുലര്‍ ഗവണ്‍മെന്റോ കോടതികളോ അല്ല. അത് ഓരോ ക്ഷേത്രത്തോടും ബന്ധപ്പെട്ടു കിടക്കുന്ന ചരിത്രങ്ങളും ഐതിഹ്യങ്ങളും, വിശ്വാസങ്ങള്‍, ആചാരമര്യാദകള്‍, അവിടുത്തെ ആചാര്യന്റെ പ്രതിഷ്ഠാവേളയിലുള്ള സങ്കല്പങ്ങള്‍, ദേവതയുടെ ഗുണഘടന, ദേവതാഭാവം തുടങ്ങിവയുടെയൊക്കെ അടിസ്ഥാനത്തിലാണ് ഉണ്ടാവുന്നത്.

ഈ വൈവിധ്യങ്ങള്‍ നിലനില്‍ക്കണം; നിലനിന്നേ മതിയാവൂ. ഇത്തരം വൈവിധ്യങ്ങളാണു ഹിന്ദുധര്‍മവ്യവസ്ഥയുടെ സവിശേഷത. നാനാത്വത്തിലുള്ള ഏകത്വത്തിന്റെ ചരടാണ് ഹിന്ദുധര്‍മവ്യവസ്ഥ. വൈവിധ്യങ്ങളുണ്ടെങ്കിലേ ഭാരതമുള്ളൂ; സൗന്ദര്യവും സംസ്‌കാരവും ഉള്ളൂ. ഒരു വഴി, ഒരു വിധാനം എന്നായാല്‍ ധര്‍മം മാറി മതവ്യവസ്ഥയാകും. അതേസമയം കാലികമായി മാറ്റങ്ങള്‍ ആവാം. എന്നാല്‍, അത് ഉണ്ടാവേണ്ടത് വേദജ്ഞന്മാരും തന്ത്രശാസ്ത്രനിപുണന്മാരും അതതു ക്ഷേത്രത്തിന്റെ ഭക്തന്മാരും ഒക്കെയായ ഭക്തജനസമൂഹത്തിലൂടെയാണ്; വിദ്വത്സദസ്സിലൂടെയാണ്. കേരളസാഹചര്യം നോക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം തന്ത്രിയുടെ നിര്‍ണയമാണ്. ഇവരെല്ലാം ചേര്‍ന്ന വിദ്വത്പരിഷത്തിന്റെ നിശ്ചയപ്രകാരം ക്ഷേത്രാചാരങ്ങളില്‍ ഉചിതങ്ങളായ മാറ്റങ്ങള്‍ യഥാകാലം വരട്ടെ; തീര്‍ച്ചയായും നമ്മുടെ സമൂഹം അംഗീകരിക്കും. 

അത്തരം മാറ്റം വരുത്തിയതിനു നല്ല ഒരു ദൃഷ്ടാന്തം പറയാം. ഈയടുത്ത കാലത്തുതന്നെ ക്ഷേത്രങ്ങളില്‍ പൂജകന്മാരായി വ്യത്യസ്തസമുദായങ്ങളില്‍നിന്നു വന്നവരെ നിയമിച്ചു. ഏറ്റവും സ്വാഗതാര്‍ഹമായ നീക്കമാണത്. എന്നാല്‍, അത് ഒരു ദിവസം തുടങ്ങിയ പരിപാടിയല്ല. തൈക്കാട്ട് അയ്യാവും ചട്ടമ്പിസ്വാമി തിരുവടികളും ശ്രീനാരായണഗുരുദേവനും ശുഭാനന്ദഗുരുദേവനും അതുപോലെ ഒട്ടനേകം മഹാപുരുഷന്മാരും തുടങ്ങിവെച്ച നവോത്ഥാനപ്രക്രിയയുടെ സ്വാഭാവികപരിണാമമാണത്. രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ പ്രചാരകനായിരുന്ന മാധവ്ജി സംസ്‌കാരക്രിയകളെ സ്വീകരിച്ചും പഠനപരിശീലനങ്ങള്‍ നേടിയും ഏവര്‍ക്കും ബ്രാഹ്മണ്യവും പൂജാധികാരവും നേടാമെന്നുള്ള ആശയത്തെ മുന്നോട്ടുവെച്ചു.

കേരളത്തിലെ പ്രധാനപ്പെട്ട തന്ത്രിമാരെയും വൈദികന്മാരെയുമൊക്കെ വിളിച്ചുചേര്‍ത്ത് പണ്ഡിതസമ്മേളനം നടത്തുകയും ചെയ്തു. തത്ഫലമായി 1972ല്‍ തന്ത്രവിദ്യാപീഠം സ്ഥാപിക്കപ്പെട്ടു. ഈ കേന്ദ്രത്തില്‍ ഒട്ടേറെ ചെറുപ്പക്കാരെ പൂജാവിധാനം പഠിപ്പിച്ചു. തന്ത്രിമുഖ്യനായിരുന്ന ബ്രഹ്മശ്രീ കല്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടായിരുന്നു ആചാര്യന്‍. അതിനുശേഷം കാഞ്ചി കാമകോടി മഠാധിപതി അവര്‍ക്കു സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്തു. എന്നിട്ടും വേണ്ടതുപോലെ സമൂഹം സ്വീകരിച്ചില്ല എന്നു വന്നപ്പോള്‍ വീണ്ടും തന്ത്രശാസ്ത്രവിദ്വാന്മാരുടെയും വൈദികന്മാരുടെയും എല്ലാം യോഗം പാലിയത്തുവെച്ചു കൂടി, പാലിയം വിളംബരം പുറപ്പെടുവിച്ചു. ഏതു സമുദായത്തില്‍പ്പെട്ടയാള്‍ക്കും ആചാരശുദ്ധി പാലിച്ച് പഠിച്ച് പൂജ ചെയ്യാം എന്നുള്ള തീരുമാനം പ്രഖ്യാപിക്കപ്പെട്ടു. പറവൂര്‍ ശ്രീധരന്‍ തന്ത്രി, കോരു ആശാന്‍, അഴകത്തു ശാസ്തൃശര്‍മന്‍ നമ്പൂതിരിപ്പാട്, കാരുമാത്ര വിജയന്‍ തന്ത്രി തുടങ്ങിയ പല ആചാര്യന്മാരുടെയും പ്രവര്‍ത്തനങ്ങള്‍ ഇതിനോടു ചേര്‍ന്നു. അതുകൊണ്ടാണ് അത് അംഗീകരിക്കപ്പെട്ടത്.

ശബരിമല കേസിന്റെ വിചാരണയുടെ ഭാഗമായി ക്ഷേത്രം ഒരു പൊതുസ്ഥലം ആണെന്ന നിലയ്ക്കു ചില നിരൂപണങ്ങള്‍ വന്നിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ക്ഷേത്രം ഒരു കാരണവശാലും പൊതുസ്ഥലമല്ല. അത് അതതു ക്ഷേത്രത്തില്‍ പ്രത്ഷ്ഠിക്കപ്പെട്ടിട്ടുള്ള ദേവന്റെ സങ്കേതമാണ്; ആ ദേവനെ തീര്‍ത്തും സകളീകൃതമായ ഭാവത്തില്‍, അംഗപ്രത്യംഗയുക്തനായ വ്യക്തിയായി പൂജിച്ചാരാധിച്ചു ദര്‍ശനം ചെയ്യുന്നതിനായി ആചാര്യന്മാര്‍ സ്ഥാപിച്ച സങ്കേതമാണ്. 

(തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.