സോള്‍: ഇന്ത്യയുടെ സൈന നെഹ്വാള് കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോക ചാമ്പ്യനായ നൊസോമി ഒകുഹാരയോട് പൊരുതിത്തോറ്റു.
ഒരു മണിക്കൂര്‍ നീണ്ട ശക്തമായ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് അഞ്ചാം സീഡായ സൈന പരാജയം ഏറ്റുവാങ്ങിയത്. സ്കോര്‍ 21-15, 15-21, 20-22. സൈന തുടര്‍ച്ചയായ മൂന്നാം തവണയാണ് ജപ്പാന്‍കാരിയായ ഒകുഹാരയോട് തോല്‍ക്കുന്നത്.
ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ഒകുഹാരയാണ് മുന്നിട്ടുനിന്നത്. എന്നാല്‍ പിന്നീട് പൊരുതിക്കയറിയ സൈന 21-15 ന് ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിന്റെ തുടക്കത്തിലും ഒകുഹാര മുന്നിട്ടുനിന്നു. ലീഡ് നിലനിര്‍ത്തിയ ഒകുഹാര 21-15 ന് ഗെയിം നേടി.
നിര്‍ണായമായ മൂന്നാം ഗെയിമില്‍ തുടക്കം മുതല്‍ മുന്നേറിയ സൈന 20-16 എന്ന സ്കോറിന് മാച്ച് പോയിന്റിനായി സര്‍വ് ചെയ്തതാണ്. എന്നാല്‍ ശക്തമായി തിരിച്ചുവന്ന ഒകുഹാര തുടര്‍ച്ചയായി ആറു പോയിന്റുകള്‍ നേടി ഗെയിമും വിജയവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: