മന്ത്രിമാറ്റം: ജനതാദള്‍ (എസ്) കേരള നേതാക്കള്‍ ദേവഗൗഡയെ കണ്ടു

Saturday 29 September 2018 3:40 am IST

ബെംഗളൂരു: കേരളത്തിലെ ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി.തോമസിനെ തല്‍സ്ഥാനത്തു നിന്നും മാറ്റി പകരം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി എംഎല്‍എയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഏതാനും സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയെ കണ്ട് നിവേദനം നല്‍കി. 

കേരളത്തിലെ പ്രളയക്കെടുതി രൂക്ഷമായത് മന്ത്രിയുടെയും വകുപ്പിന്റെയും പിടിപ്പുകേടുകൊണ്ടാണെന്നും, കേരളത്തിലെ ജനങ്ങളുടെ പൊതുവികാരം മന്ത്രി മാത്യു ടി. തോമസിനെതിരാണെന്നും അവര്‍ പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ചു. 

പാര്‍ട്ടിക്കുള്ളിലും ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും നേതാക്കളും മന്ത്രിക്കെതിരാണ്. പാര്‍ലമെന്റു തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിമാറ്റമുണ്ടായില്ലെങ്കില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി ഉണ്ടാകുമെന്നും അവര്‍ ദേവഗൗഡയെ ധരിപ്പിച്ചു.

ഇതിനിടെ മന്ത്രി അനുകൂലികളായ ചില നേതാക്കള്‍ ഫോണിലൂടെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനെക്കുറിച്ച് പരാതിപ്പെട്ടിട്ടുള്ളതായി ദേവഗൗഡയുമായി അടുപ്പമുള്ള ചില കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. മന്ത്രിക്കും സര്‍ക്കാരിനുമെതിരെ കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ പല തവണ നിയമസഭയില്‍ പ്രസംഗിച്ചു, പ്രതിപക്ഷ നേതാവുമായും കോണ്‍ഗ്രസ് നേതാക്കളുമായും ചേര്‍ന്ന് മന്ത്രിക്കെതിരായ പ്രചാരണത്തിന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കൃഷ്ണന്‍കുട്ടി ഗൂഢാലോചന നടത്തുകയാണെന്നും ഈ വിഭാഗം ദേവഗൗഡയോടു പരാതിപ്പെട്ടു. 

മന്ത്രിസ്ഥാനത്തെ ചൊല്ലി തര്‍ക്കമുയര്‍ത്തി കൃഷ്ണന്‍ കുട്ടിയും കൂട്ടരും എം.പി. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയില്‍ ചേരാന്‍ ശ്രമിക്കുകയാണെന്നും, അതിനുമുമ്പ് കൃഷ്ണന്‍കുട്ടിയെ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും മന്ത്രിയും അനുയായികളും ദേവഗൗഡയോട് അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ഇരുകൂട്ടരുടെയും ആവശ്യങ്ങള്‍ ദേശീയ നേതൃത്വം പരിഗണിക്കണമെന്നാണ് ഇരു വിഭാഗവും അവകാശപ്പെടുന്നത്. പാര്‍ട്ടിയുടെ മൂന്ന് എംഎല്‍എമാരില്‍ രണ്ടു പേര്‍ ചേരിതിരിഞ്ഞ് പോരടിക്കുമ്പോള്‍ രണ്ടു പേരെയും മാറ്റിനിര്‍ത്തി സി.കെ.നാണു എംഎല്‍എയെ മന്ത്രിയാക്കണമെന്ന നിര്‍ദേശം ദേശീയ നേതൃത്വം ഗൗരവമായി പരിഗണിക്കുന്നുവെന്നും സൂചനയുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.