പികെ ശശിക്കെതിരെ കേസ് സാധ്യമല്ലെന്ന് പോലീസ്

Saturday 29 September 2018 11:32 am IST
ശശിക്കെതിരെ പാര്‍ട്ടി തീരുമാനവും വൈകുകയാണ്. വെള്ളിയാഴ്ച ചേര്‍ന്ന സിപി‌എം സംസ്ഥാന സെക്രട്ടേറിയറ്റിലും വിഷയം ചര്‍ച്ച ചെയ്തില്ല.

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ ലൈംഗികപീഡന പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് എസ്പി ദേബേഷ് കുമാര്‍ ബെഹ്റയുടെ റിപ്പോര്‍ട്ട്. പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ മൊഴി നല്‍കാന്‍ പരാതിക്കാരിയായ യുവതിയോ ബന്ധുക്കളോ തയാറായില്ലെന്നും ഈ സാഹചര്യത്തില്‍ കേസെടുക്കാനാവില്ലെന്നുമാണ് റിപ്പോര്‍ട്ട്.

യുവമോര്‍ച്ച, കെഎസ്‌യു നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദേബേഷ് കുമാര്‍ ബെഹ്റയാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് തൃശൂര്‍ റെയ്ഞ്ച് ഐജി അജിത്ത്കുമാറിന് നല്‍കിയത്. ഐജി ഇതുസംബന്ധിച്ച് ഡിജിപിക്കും റിപ്പോര്‍ട്ട് നല്‍കി. 

പരാതിക്കാരിയായ ഡിവൈഎഫ്ഐ വനിതാനേതാവില്‍ നിന്നും പോലീസ് മൊഴിയെടുക്കുവാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. താന്‍ പോലീസിന് പരാതി നല്‍കിയിട്ടില്ലെന്നും പിന്നെന്തിന് മൊഴിനല്‍കണമെന്നുമായിരുന്നു യുവതിയുടെ ചോദ്യം. 

യുവതിയോ ബന്ധുക്കളോ മൊഴി നല്‍കാതെ കേസെടുക്കേണ്ടെന്ന് നിയമോപദേശവും ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ പോലീസിന് ലഭിച്ച പരാതി മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നും വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പി.കെ.ശശി ക്കെതിരെ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് എസ്പി ദേബേഷ് കുമാര്‍ ബെഹ്റ റിപ്പോര്‍ട്ട് നല്‍കിയത്. 

ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.  സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി സിപിഎം നിയോഗിച്ച കമ്മീഷന് മുന്നില്‍  യുവതി പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.  പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദം പി.കെ. ശശിയും, കമ്മീഷനു മുന്നില്‍ മൊഴി നല്‍കിയ ആറുപേരും ആവര്‍ത്തിച്ചു. മാത്രമല്ല ഇന്ന് നടക്കുന്ന സിപിഎം സംസ്ഥാനകമ്മറ്റിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.