കെഎസ്ആര്‍ടിസി സമരം: ഇന്ന് ചര്‍ച്ച

Sunday 30 September 2018 10:15 am IST

തിരുവനന്തപുരം: ഇടതു വലത് യൂണിയനുകളുടെ സംയുക്തസമരസമിതി ചൊവ്വാഴ്ച പ്രഖ്യാപിച്ചിട്ടുള്ള കെഎസ്ആര്‍ടിസി പണിമുടക്ക് ഒഴിവാക്കുന്നതിനായി മന്ത്രി. എ.കെ. ശശീന്ദ്രന്‍ സംഘടനാ പ്രതിനിധികളുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. എംഡി ടോമിന്‍ തച്ചങ്കരിയും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇത് രണ്ടാംവട്ടമാണ് ചര്‍ച്ച നടക്കുന്നത്. ഇതിന്റെ മുന്നോടിയായി മന്ത്രിയും എംഡിയും തമ്മില്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. 

 കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരിക്കെതിരെ കലാപക്കൊടിയുയര്‍ത്തിയ സിഐടിയും എഐടിയുസിയും കോണ്‍ഗ്രസ് അനുകൂലസംഘടനയായ ടിഡിഎഫുമായി ചേര്‍ന്നാണ് സമരപ്രഖ്യാപനം നടത്തിയത്. ഡിഎ കുടിശിക നല്‍കുക, ശമ്പളവര്‍ധനവ് നടപ്പാക്കുക, താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാതിരിക്കുക, ഡ്യൂട്ടി പരിഷ്‌കരണം ജീവനക്കാരുമായി ചര്‍ച്ച ചെയ്ത് മാത്രം നടപ്പാക്കുക, മാനേജ്‌മെന്റിന്റെ ഏകപക്ഷീയനടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരആഹ്വാനം.

എന്നാല്‍ സര്‍ക്കാര്‍ നയങ്ങള്‍ താന്‍ നടപ്പാക്കുക മാത്രമാണെന്നും പല കാര്യങ്ങളിലും സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ താന്‍ അത് നടപ്പാക്കാമെന്നും തച്ചങ്കരി നിലപാട് എടുത്തതോടെ സര്‍ക്കാരും ഇടതുസംഘടനകളും വെട്ടിലായി. ഹൈക്കോടതിയില്‍ നിന്ന് സമരത്തിനെതിരായ നിലപാട് കൂടി ഉണ്ടായതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. ഇതോടെ വിഷയം  സിപിഎം സെക്രട്ടേറിയറ്റില്‍ തന്നെ ചര്‍ച്ചയായി. വിഷയം പരിഹരിക്കണമെന്ന് നിര്‍ദേശവുമുണ്ടായി. സ്വന്തം സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സംഘടനകളുമായി ചേര്‍ന്ന് സമരം ചെയ്യേണ്ട ഗതികേട് ഒഴിവാക്കി  എങ്ങനെയെങ്കിലും ഒത്തുതീര്‍പ്പിലെത്തി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇടതുസംഘടനകള്‍. ഇതേത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മന്ത്രി കളമൊരുക്കിയത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.