കെഎസ്ആര്‍ടിസിയില്‍ കൂട്ടസ്ഥലം മാറ്റം കരട് പട്ടിക പ്രസിദ്ധീകരിച്ചു

Sunday 30 September 2018 3:02 am IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗത്തിലുള്ളവരെ മാതൃയൂണിറ്റിലേക്ക് സ്ഥലംമാറ്റുന്നതിന്റെ ഭാഗമായി കരട് സ്ഥലംമാറ്റപട്ടിക പ്രസിദ്ധീകരിച്ചു. 

2719 ഡ്രൈവര്‍മാരുടെയും 1503 കണ്ടക്ടര്‍മാരുടെയും പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇത്രയും പേരെ ഒറ്റയടിക്ക് സ്ഥലംമാറ്റുന്നത് ആദ്യമാണ്.  സിംഗിള്‍  ഡ്യൂട്ടി നടപ്പിലാക്കുകയും തിരക്കില്ലാത്ത സമയങ്ങളില്‍ സര്‍വീസുകളുടെ എണ്ണം കുറയ്ക്കുകയും കൂടി ചെയ്തതോടെ ജീവനക്കാരുടെ പ്രധാന ആവശ്യമായിരുന്നു വീടിനടുത്തുള്ള ഡിപ്പോകളിലേക്കുള്ള സ്ഥലംമാറ്റം. ആവശ്യം പരിഗണിച്ചാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

അച്ചടക്കലംഘനത്തിന്റെ പേരില്‍ സ്ഥലംമാറ്റപ്പെട്ടവര്‍, ദീര്‍ഘനാളായി ജോലിക്ക് ഹാജരാകാതെ പുനഃപ്രവേശനം ലഭിച്ച് വന്നവര്‍, പ്രതിമാസം പത്ത് ഡ്യൂട്ടിയില്‍ കുറവായ കാരണത്താല്‍ സ്ഥലംമാറ്റം ലഭിച്ച് വന്നവര്‍ എന്നിവരുടെ പേരു വിവരങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കാനും ഉത്തരവ് നല്‍കിയിട്ടുണ്ട്. അടുത്തഘട്ടത്തില്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ക്കും സ്ഥലംമാറ്റം നടപ്പിലാക്കും. ഇത്രയധികം ജീവനക്കാര്‍ക്ക് ഒരുമിച്ച് സ്ഥലംമാറ്റം വരുന്നതോടെ സര്‍വീസുകളുടെ ക്രമീകരണവും കുറച്ച് ദിവസങ്ങളില്‍ താളംതെറ്റാന്‍ ഇടയുണ്ട്. 

എംഡി ടോമിന്‍ ജെ. തച്ചങ്കരി കോര്‍പ്പേറേഷനില്‍ നടപ്പിലാക്കി വരുന്ന ഭരണപരിഷ്‌ക്കാരങ്ങള്‍ക്കെതിരെ ജീവനക്കാരെ അന്യായമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് സ്ഥലംമാറ്റപ്പട്ടിക പ്രസിദ്ധീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.