ശബരിമല വീക്ഷണം സ്വീകാര്യം

Monday 1 October 2018 1:04 am IST
ഈശ്വരനെ ആരാധിക്കുന്നതിലേക്ക് സ്ത്രീയും പുരുഷനും ഒന്നുപോലെ അവകാശം ഉണ്ടായിരിക്കണമെന്നുള്ള എന്റെ നിലപാട് ക്രിസ്ത്യന്‍ ദേവാലയങ്ങളിലും ഞാന്‍ വച്ചുപുലര്‍ത്തുന്നത് ഇപ്രകാരമാണ്. അതിലെ മദ്ബഹ എന്നു പറയുന്ന സ്ഥലത്ത് (കുര്‍ബാന നടത്തുന്ന പീഠം ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന സ്ഥലം) ഏതു പുരുഷനും പ്രവേശിക്കാമെങ്കിലും ഒരു സ്ത്രീക്കും കാലെടുത്ത് കുത്താന്‍ അനുവാദമില്ല. ഈ സമ്പ്രദായത്തോട് എനിക്ക് വളരെ വിയോജിപ്പുണ്ട്.

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ഭരണഘടനാ വീക്ഷണം വളരെ സ്വീകാര്യമാണ്. ഞാന്‍ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോള്‍ ഈ വിഷയം ആദ്യം വന്നത് ജസ്റ്റിസ് കെ.എസ്. പരിപൂര്‍ണ്ണനും ഞാനും അടങ്ങിയ ബഞ്ചിലായിരുന്നു. കുറച്ച് സമയത്തെ വാദം കേട്ടുകഴിഞ്ഞപ്പോള്‍ ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് അതിന് വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ലെന്നുള്ള അഭിപ്രായം ഞാന്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ അതിനോട് ഒട്ടും യോജിച്ചില്ല. അദ്ദേഹം സീനിയര്‍ ജഡ്ജിയായിരുന്നതു കൊണ്ട് ഞങ്ങളുടെ ഡിവിഷന്‍ ബഞ്ചില്‍ ആ കേസിന്റെ വാദം തുടര്‍ന്ന് നടന്നില്ല. 

പിന്നീട് മാറിവന്ന ഡിവിഷന്‍ ബഞ്ചില്‍ അദ്ദേഹവും ജസ്റ്റിസ് ബാലനാരായണ മാരാരും ഒന്നിച്ച് വന്നപ്പോഴാണ് ആ കേസില്‍ വാദം കേട്ടത്. സ്ത്രീകള്‍ക്കുള്ള വിലക്ക് തുടര്‍ന്ന് കൊണ്ടുപോകുന്നതിന് അനുകൂലിച്ചുള്ള വിധിയാണ് ആ ഡിവിഷന്‍ ബഞ്ച് പുറപ്പെടിച്ചത്. അതിന് ഉപോല്‍പദകമായി പറഞ്ഞ കാരണങ്ങളില്‍ പ്രധാനമായത് ദേവപ്രശ്‌നം നടത്തിയപ്പോള്‍ ബ്രഹ്മചാരിയായ ശബരിമല ശാസ്താവിന് സ്ത്രീകളുടെ സാന്നിദ്ധ്യം അനുവദിച്ചുകൂടായെന്നതായിരുന്നു. ആ വിധിയിന്മേലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പുതിയ വിധി ഉണ്ടായിട്ടുള്ളത്. 

ഈശ്വരനെ ആരാധിക്കുന്നതിലേക്ക് സ്ത്രീയും പുരുഷനും ഒന്നുപോലെ അവകാശം ഉണ്ടായിരിക്കണമെന്നുള്ള എന്റെ നിലപാട് ക്രിസ്ത്യന്‍ ദേവാലയങ്ങളിലും ഞാന്‍ വച്ചുപുലര്‍ത്തുന്നത് ഇപ്രകാരമാണ്. അതിലെ മദ്ബഹ എന്നു പറയുന്ന സ്ഥലത്ത് (കുര്‍ബാന നടത്തുന്ന പീഠം ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന സ്ഥലം) ഏതു പുരുഷനും പ്രവേശിക്കാമെങ്കിലും ഒരു സ്ത്രീക്കും കാലെടുത്ത് കുത്താന്‍ അനുവാദമില്ല. ഈ സമ്പ്രദായത്തോട് എനിക്ക് വളരെ വിയോജിപ്പുണ്ട്. കുര്‍ബാന നടത്തുന്ന കാര്‍മ്മികരായ പുരോഹിതനോടൊപ്പം ശുശ്രൂഷകന്‍മാരെന്ന നിലയ്ക്ക് പുരോഹിതരല്ലാത്ത പുരുഷന്മാര്‍ പലരും മദ്ബഹയില്‍ ഓരോ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു. ഇത് കാണുമ്പോള്‍ ഒരു സ്ത്രീ പോലും അവിടെ കയറാന്‍ പാടില്ലെന്ന വിലക്ക് ഭരണഘടനാ വീക്ഷണത്തില്‍ മാത്രമല്ല ദൈവശാസ്ത്രപരമായി പോലും അംഗീകരിക്കാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല. 

യേശുക്രിസ്തു തന്റെ മാതാവും കൂടെ ഏതെങ്കിലും ദൈവാലയത്തില്‍ ആരാധനയ്ക്ക് വന്നാല്‍ യേശുവിനെ മാത്രമേ മഗ്ബഹയില്‍ പ്രവേശിപ്പിക്കുകയുള്ളു. മാതാവ് താഴെ നിന്നോളാന്‍ പറയും. മരണശേഷമാണെങ്കില്‍ മാതാവിന്റെ കല്ലുകൊണ്ടുള്ള പ്രതിമ അഥവാ ശില്‍പ്പം മഗ്ബഹയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുമെന്നും ഫലിത രൂപേണ എന്റെ പ്രസംഗങ്ങളില്‍ ചിലപ്പോള്‍ പറയാറുണ്ട്.

ശബരിമല ക്ഷേത്രത്തില്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീകള്‍ക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴത്തെപ്പോലെ വാഹനങ്ങളിലായിരുന്നില്ല തീര്‍ത്ഥാടകര്‍ അന്ന് പോയിരുന്നത്. ദീര്‍ഘദൂരം പല ദിവസങ്ങളിലായി നടന്ന് വന്‍കാടുകളില്‍ കൂടി ഹിംസ്ര ജന്തുക്കള്‍ സഞ്ചരിച്ചിരുന്ന കാലത്ത് തീര്‍ത്ഥാടകര്‍ പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ സ്ത്രീകളെക്കൂടി കൂട്ടാന്‍ ആരും സമ്മതിച്ചിരുന്നില്ല. ഒരു സ്ത്രീയും അതിന് തയ്യാറായിരുന്നുമില്ല. എന്നാല്‍ വടക്കേ ഇന്ത്യയില്‍ ഉള്ള ക്ഷേത്രങ്ങളിലും ഹിമാലയത്തിലെ വൈഷ്‌ണോയി ക്ഷേത്രത്തില്‍ ധാരാളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ ആരാധനയ്ക്കായി എത്തുന്നുണ്ട്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകുന്നതിന് പല പ്രായോഗികമായ സൗകര്യക്കുറവുകള്‍ ഉണ്ടെന്ന് എനിക്കറിയാം. അത് പരിഹരിക്കാനുള്ള ആധുനിക സൗകര്യങ്ങള്‍ ഇപ്പോഴുണ്ട്. 

കേരളത്തില്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ പമ്പാ മണപ്പുറത്ത് നടക്കുമ്പോള്‍ രാവിലത്തേയും ഉച്ചയ്ക്ക് ശേഷവുമുള്ള സമയത്തില്‍ പ്രസംഗങ്ങള്‍ കേള്‍ക്കുന്നതിന് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അനുവാദമുണ്ട്. രാത്രിയിലെ യോഗങ്ങളില്‍ സ്ത്രീകള്‍ക്ക് ചെല്ലാന്‍ അനുവാദമില്ല. അതിന്റെ കാരണം വളരെ സ്പഷ്ഠമാണ്. രാത്രി സമയങ്ങളില്‍ സ്ത്രീകളെ അനുവദിച്ചാല്‍ തിങ്ങിക്കൂടുന്ന പുരുഷന്മാരുടെ ഇടയില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ കൂടി കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി രാത്രി യോഗങ്ങളില്‍ സ്ത്രീകളെക്കൂടി അനുവദിക്കണമെന്നുള്ള ഒരു കാമ്പയിന്‍ ഇപ്പോള്‍ ശക്തമായി നടക്കുന്നുണ്ട്. 

ശബരിമല ക്ഷേത്രത്തില്‍ എല്ലാ സ്ത്രീകളും പോകണമെന്ന് ഈ വിധികൊണ്ട് അര്‍ത്ഥമാക്കുന്നില്ല. എന്നാല്‍ അവിടെ പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് അതിനുള്ള എല്ലാ പ്രായോഗിക ക്രമീകരണങ്ങളും സംരക്ഷണവും ഉണ്ടെങ്കില്‍ അവരെ തടയരുതെന്ന് മാത്രമേ ഞാന്‍ മനസ്സിലാക്കുന്നുള്ളു.

ആചാരങ്ങള്‍ എന്ന നിലയ്ക്ക് സ്ത്രീകള്‍ക്കുള്ള വിലക്ക് തുടരണമോയെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഹൈന്ദവ സഹോദരങ്ങളാണ്. ഒരു കാലത്ത് ആചാരങ്ങളായി കണ്ടിരുന്ന ചില മനുഷ്യ വിഭാഗങ്ങള്‍ക്ക് ഉണ്ടായിരുന്ന വിലക്കുകള്‍ ഇപ്പോള്‍ ഇല്ലല്ലോ. ക്ഷേത്രപ്രവേശന വിളംബരം പോലുള്ള പരിഷ്‌കരണങ്ങള്‍ അതിന് ഉദാഹരണമായി പറയാം. ആചാരങ്ങളായി കരുതിയിരുന്നത് അനാചാരങ്ങളായി മനസ്സിലാക്കിയപ്പോഴാണ് അത്തരം വിലക്കുകള്‍ മാറ്റപ്പെട്ടത്. 

അതുപോലെ തന്നെ ശബരിമലയിലെ സ്ത്രീകള്‍ക്കുള്ള വിലക്കും ആചാരങ്ങളെന്നതിന്റെ ന്യയീകരണത്തില്‍ തുടരുന്നത് അഭികാമ്യമാണോ? അത് അനാചാരമായി സമൂഹം കാണുമ്പോള്‍ ആ വിലക്കുകള്‍ ആചാരങ്ങളുടെ വ്യാപ്തിയില്‍ നിന്ന് മാറ്റപ്പെടേണ്ടതല്ലേ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.