ബെംഗളൂരു: കഴിഞ്ഞ സീസണ് ഫൈനലിലെ തോല്‍വിക്ക് പകരംവീട്ടി ബെംഗളൂരു എഫ്സി. ഐഎസ്എല്‍ അഞ്ചാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരു എഫ്സി തോല്‍പ്പിച്ചു. വെനസ്വേലന്‍ സ്ട്രൈക്കര്‍ മികുവാണ് വിജയഗോള്‍ നേടിയത്.
പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിനായിരുന്നു. എന്നാല്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞതോടെ മത്സരം ആവേശകരമായെങ്കിലും ഗോള്‍ കാണാന്‍ 41-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. ഏറെക്കുറെ മൈതാന മധ്യത്തുനിന്ന് സിസ്കോ ഹെര്‍ണാണ്ടസ് നീട്ടിനല്‍കിയ പന്ത് സ്വീകരിച്ചശേഷം ഓട്ടത്തിനിടെ മികു പായിച്ച ബുള്ളറ്റ് വോളിക്ക് മുന്നില്‍ ചെന്നൈയിന് ഗോളി കരണ്‍ജിത്ത് സിങ്ങിന് മറുപടിയുണ്ടായില്ല.
രണ്ടാം പകുതിയില്‍ ഗോള്‍മടക്കാന്‍ ചെന്നൈയിന് താരങ്ങള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ബെംഗളൂരു പ്രതിരോധവും ഗോളിയും മികച്ച പ്രകടനം നടത്തിയതോടെ മുന്നേറ്റങ്ങളെല്ലാം വിഫലമായി. ഒക്ടോബര്‍ ആറിന് ചെന്നൈയിന് അടുത്ത മത്സരത്തില്‍ എഫ്സി ഗോവയെയും 7ന് ബെംഗളൂരു ജംഷഡ്പൂര്‍ എഫ്സിയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: