ബ്രൂവറി: ഇടത് വാദം പൊളിയുന്നു

Monday 1 October 2018 4:54 am IST
ബ്രൂവെറിക്കും ഡിസ്റ്റിലറിക്കുമായി ലഭിച്ച അപേക്ഷയോടൊപ്പം 1999 ലെ ഉത്തരവ് തടസ്സമാണെന്ന് എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിംഗ് ഫയലില്‍ കുറിച്ചിരുന്നു. 1999 ല്‍ വിനോദ് റായ് പുറത്തിറക്കിയ ഉത്തരവുപ്രകാരം ഡിസ്റ്റിലറികള്‍ അനുവദിക്കുന്നതിനു തടസ്സമുണ്ടെന്നു ചൂണ്ടിക്കാണിച്ചാണ് ഫയല്‍ സര്‍ക്കാരിനു കൈമാറിയത്.

തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ എല്‍ഡിഎഫ് വീണ്ടും പ്രതിരോധത്തില്‍. ബ്രൂവറി ഇടപാടില്‍ കോടികളുടെ അഴിമതി നടന്നെന്ന സംശയത്തെ ബലപ്പെടുത്തുന്ന തെളിവുകളാണ് പുറത്ത് വരുന്നത്. 

അനുമതി നല്‍കിയത് 2003ലെ ആന്റണി സര്‍ക്കാരാണെന്നായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്റെ വാദം. ബ്രൂവറിയ്ക്ക് പ്രാഥമിക അനുമതി നല്‍കിയത് 1998 ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാരാണെന്നുള്ള ഉത്തരവുകള്‍ അടക്കമുള്ള തെളിവുകളാണ് ഇന്നലെ പുറത്ത് വന്നത്. 2003 ല്‍ അന്തിമലൈസന്‍സാണ് എ.കെ. ആന്റണി സര്‍ക്കാര്‍ നല്‍കിയതെന്നതെന്നും തെളിഞ്ഞു. എല്ലാ നിയമവും പാലിച്ചാണ് ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കിയത് എന്നാണ് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ പറഞ്ഞത്. എന്നാല്‍  ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയത് എക്‌സൈസ് കമീഷണറുടെ മുന്നറിയിപ്പ് അവഗണിച്ചാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

 ബ്രൂവെറിക്കും ഡിസ്റ്റിലറിക്കുമായി ലഭിച്ച അപേക്ഷയോടൊപ്പം 1999 ലെ ഉത്തരവ് തടസ്സമാണെന്ന് എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിംഗ് ഫയലില്‍ കുറിച്ചിരുന്നു. 1999 ല്‍ വിനോദ് റായ് പുറത്തിറക്കിയ ഉത്തരവുപ്രകാരം ഡിസ്റ്റിലറികള്‍ അനുവദിക്കുന്നതിനു തടസ്സമുണ്ടെന്നു ചൂണ്ടിക്കാണിച്ചാണ് ഫയല്‍ സര്‍ക്കാരിനു കൈമാറിയത്. കൂടാതെ 2008 ലെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ അന്നത്തെ അപേക്ഷ നിരസിച്ച കാര്യവും ചൂണ്ടികാട്ടിയിട്ടുണ്ട്. പുതിയ ഡിസ്റ്റിലറികള്‍ക്കായി നയപരമായ തീരുമാനം വേണമെന്നും എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 1999 ലെ ഉത്തരവ് അന്നത്തെ അപേക്ഷകള്‍ക്ക് മാത്രമാണ് ബാധകമെന്ന നിലപാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നയംമാറ്റം പരസ്യപ്പെടുത്തണമെന്ന ഋഷിരാജ് സിങ്ങിന്റെ ആവശ്യവും പരിഗണിച്ചില്ല. ഇതെല്ലാം മറച്ചുവച്ചാണ് ബ്രൂവറിക്ക് അനുമതി നല്‍കിയത്.

    ഓണ്‍ലൈന്‍ വഴിയല്ലാതെ നേരിട്ടാണ് പാലക്കാട് അപ്പോളോ ബ്രൂവറി, കൊച്ചി കിന്‍ഫ്ര പാര്‍ക്കില്‍ പവര്‍ ഇന്‍ഫ്രാടെക് ബ്രൂവറി, കണ്ണൂരില്‍ ശ്രീധരന്‍ ബ്രൂവറിസ് എന്നിവക്ക് ബിയര്‍ നിര്‍മാണത്തിനും തൃശൂരില്‍ ശ്രീ ചക്രാ ഡിസ്റ്റിലറിക്ക് വിദേശ മദ്യനിര്‍മാണത്തിനും അനുമതി നല്‍കിയത്. 2018 മാര്‍ച്ച് ആറിന് അപേക്ഷ നല്‍കിയ ശ്രീധരന്‍ ബ്രൂവറീസിന് ജൂണ്‍ 12ന് സര്‍ക്കാര്‍ അനുമതി കൊടുത്തപ്പോള്‍ 2017 നവംബര്‍ 13ന് അപേക്ഷിച്ച അപ്പോളോ പവര്‍ ഇന്‍ഫ്രാ ടെക്കിന് ഈ വര്‍ഷം സെപ്റ്റംബറിലും അപ്പോളോ ഡിസ്റ്റിലറീസിനു ജൂണ്‍ മാസം 28നും അനുമതി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അപേക്ഷിച്ചവര്‍ക്ക് അനുമതി കൊടുക്കാതെയാണ് മാസങ്ങള്‍ക്ക് മുമ്പ് അപേക്ഷിച്ചവര്‍ക്ക് അനുമതി നല്‍കിയത്. അഴിമതിയുടെ കൂടുതല്‍ തെളിവുകള്‍  പുറത്ത് വന്നതോടെ എല്‍ഡിഎഫും സര്‍ക്കാരും  പ്രതിരോധത്തിലായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.