കുവൈറ്റ് സംഘാംഗത്തിന്റെ പേഴ്‌സ് പാക് ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചു

Monday 1 October 2018 3:20 pm IST

ലാഹോര്‍: പാകിസ്ഥാന്‍ സര്‍ക്കാരിനെ നാണംകെടുത്തി മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മോഷണം. നിക്ഷേപ പദ്ധതി ചര്‍ച്ചക്കായി പാകിസ്ഥാനിലെത്തിയ കുവൈറ്റ് പ്രതിനിധി സംഘാംഗത്തിന്റെ പേഴ്‌സാണ് പാക് ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. മോഷണത്തിന്റെ ആറ് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

പാക് മാധ്യമമായ ഡോണ്‍ ആണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടത്. ഉദ്യോഗസ്ഥരുടെ ചര്‍ച്ചക്ക് ശേഷം കുവൈറ്റ് സംഘാംഗം തന്റെ പേഴ്‌സ് മേശപ്പുറത്ത് വച്ച് മറന്നു പോയി. ഉദ്യോഗസ്ഥന്‍ ഈ പേഴ്‌സെടുത്ത് തന്റെ പോക്കറ്റിലിടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

കാണാതായ പേഴസിന് വേണ്ടി വലിയ രീതിയില്‍ തിരച്ചില്‍ നടത്തിയിരുന്നു. ചിലരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മോഷണത്തിന് തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. ആദ്യം നിഷേധിച്ചുവെങ്കിലും ദൃശ്യങ്ങള്‍ കാണിച്ചതോടെ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

ഇയാള്‍ക്കെതിരെ കുവൈറ്റ് പ്രതിനിധി പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പേഴ്‌സ് പാക് ഉദ്യോഗസ്ഥന്‍ തിരികെ ഏല്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് കുവൈറ്റിന് പാക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.