ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി റെയില്‍വേ ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍; വീടുവിട്ടിറങ്ങുന്ന കുട്ടികള്‍ റെയില്‍വേ സ്റ്റേഷനുകളില്‍

Tuesday 2 October 2018 2:33 am IST

കൊച്ചി: വിവിധ കാരണങ്ങളാല്‍ വീടുവിട്ട് തെരുവിലേക്ക് ഇറങ്ങുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണങ്ങളില്‍ മാത്രം കണ്ടെത്തിയത് 508 കുട്ടികളെ. ഇതില്‍ 266 പേര്‍ മലയാളികള്‍.

ഇവരിലധികവും വീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് വീടുപേക്ഷിച്ചവരും രക്ഷിതാക്കളോട് പിണങ്ങിയിറങ്ങിയവരുമാണ്. ചെറിയൊരു വിഭാഗമെങ്കിലും ചതിയില്‍പ്പെട്ടെത്തിയ കുരുന്നുകളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കേന്ദ്ര ശിശുവികസന വകുപ്പും റെയില്‍വേ മന്ത്രാലയവും ചേര്‍ന്നായിരുന്നു പരിശോധന. കഴിഞ്ഞ ഏഴ് മാസത്തെ കണക്കാണിത്. ഹെല്‍പ്പ് ഡസ്‌ക് വഴി കണ്ടെത്തിയ കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായി തൃശൂര്‍ റെയില്‍വേ ചൈല്‍ഡ് ഹെല്‍പ്പ് ഡസ്‌ക് കൗണ്‍സിലര്‍ ഷബ്‌ന പറഞ്ഞു. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിങ്ങും നല്‍കുന്നുണ്ട്. 

സംശയാസ്പദമായി ഒറ്റയ്‌ക്കോ കൂട്ടമായോ കാണുന്ന കുട്ടികളെ കണ്ടെത്തി ഇവരുടെ വിവരങ്ങള്‍ പരിശോധിക്കുകയാണ് ചൈല്‍ഡ് ഹെല്‍പ്പ് ലൈനിന്റെ ജോലി. ഇങ്ങനെ കണ്ടെത്തുന്ന ഇതര സംസ്ഥാന കുട്ടികളെ അവരുടെ വീടുകളിലെത്തിക്കുന്നത് വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചാണ്. സുരക്ഷിത സ്ഥാനങ്ങളില്‍ അവരെത്തിയെന്ന് ഉറപ്പാക്കും. എന്നാല്‍ ഇതര സംസ്ഥാനക്കാരായ കുട്ടികളെ അവരുടെ രക്ഷിതാക്കളെ കണ്ടെത്തുന്നതുവരെ താമസിപ്പിക്കാനുള്ള ഷെല്‍ട്ടര്‍ ഹോമുകളുടെ അപര്യാപ്തതയുണ്ട്. ഇക്കാര്യത്തില്‍ ചൈല്‍ഡ് ലൈനും പരിമിതികളുണ്ടെന്ന് അവര്‍ പറയുന്നു. 

കേരളത്തില്‍ നിന്ന് കാണാതാകുന്നതില്‍ 30 ശതമാനത്തോളം കുട്ടികളെ വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നാണ് കണ്ടെത്തുന്നത്. തിരക്കിനിടയില്‍ പെട്ടന്ന് കണ്ടുപിടിക്കപ്പെടില്ല എന്നതാണ് ഒളിച്ചോടുന്ന കുട്ടികള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്താന്‍ കാരണം. ചൈല്‍ഡ് ലൈനും സന്നദ്ധ സംഘടനകളും സഹകരിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ പരിശോധനകള്‍ ആരംഭിച്ചത്. അതിന് ശേഷം പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന വ്യാപിപ്പിച്ചു. എറണാകുളം സൗത്ത്, കോഴിക്കോട്, തൃശൂര്‍ സ്‌റ്റേഷനുകളിലും പരിശോധന നടന്നു. 

കഴിഞ്ഞദിവസം എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ പശ്ചിമബംഗാളില്‍ നിന്നെത്തിയ പെണ്‍കുട്ടികളെ റെയില്‍വേ പോലീസ് ചൈല്‍ഡ്‌ലൈന് കൈമാറിയിരുന്നു. ഇരുവരുടേയും മാതാപിതാക്കളെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ഇവരെ തിരികെയയച്ചു. ഇത്തരം ധാരാളം സംഭവങ്ങള്‍ നടന്നിട്ടും അധികാരികള്‍ ഈ വിഷയങ്ങില്‍ വേണ്ടത്ര ഇടപെടുന്നില്ല. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ഇടപെട്ടാണ് കുട്ടികളെ കണ്ടെത്തുന്നതും തുടര്‍നടപടി സ്വീകരിക്കുന്നതും. ഇതിന് പുറമേയാണ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മിസിങ്ങ് കേസുകള്‍. ഇവയില്‍ പലതിലും പരാതികിട്ടി മണിക്കൂറുകള്‍ക്കകം കുട്ടികളെ കണ്ടെത്താനാകുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

ലൈംഗിക ചൂഷണവും യാചക മാഫിയയും

ഒളിച്ചോടുന്ന കുട്ടികളെ വലയിലാക്കാനായി വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാഫിയ സംഘങ്ങളെ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. കാണാതാകുന്നതില്‍ ഭൂരിഭാഗം കുട്ടികളെയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണിത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. യാചക സംഘങ്ങള്‍ കുട്ടികളെ കൈക്കലാക്കി ഭിക്ഷാടനത്തിനും ഉപയോഗിക്കാനിടയുണ്ട്.  സ്‌കൂളുകള്‍ തോറും കൗണ്‍സിലിംങും ബോധവത്കരണവും ശക്തമാക്കുകയാണ് ഇതിന് പോംവഴിയെന്നും റെയില്‍വേ ചൈല്‍ഡ് ലൈന്‍ കോ ഓഡിനേറ്റര്‍ ബിനു ലോറന്‍സ് ജന്മഭൂമിയോട് പറഞ്ഞു. 

കൊച്ചിയില്‍ 12 പേരടങ്ങുന്ന സഹായസംഘം

കോ ഓര്‍ഡിനേറ്ററും കൗണ്‍സിലറുമടക്കം 12 പേരടങ്ങുന്ന ഹെല്‍പ്പ് ഡെസ്‌ക്കാണ് ഒറ്റപ്പെട്ടവരോ ഒളിച്ചോടി വരുന്നവരോ ആയ കുട്ടികളെ കണ്ടെത്താനായി സൗത്ത് റെയില്‍വേസ്റ്റേഷനിലുള്ളത്. ജൂണ്‍ ഏഴിനാണ് ഇവിടെ റെയില്‍വേ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രവര്‍ത്തനമാരംഭിച്ച് നാല് മാസത്തിനിടയില്‍ 63 കുട്ടികളെയാണ് കണ്ടെത്തിയത്. കണ്ടെത്തുന്ന കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിന് മുന്നില്‍ ഹാജരാക്കും. കുട്ടികളെ രക്ഷിതാക്കള്‍ എത്തുന്നതുവരെ സര്‍ക്കാരിന്റെ അംഗീകാരമുള്ള ഏതെങ്കിലും ഷെല്‍ട്ടര്‍ ഹോമിലാണ് പാര്‍പ്പിക്കുന്നത്. ആര്‍പിഎഫിന്റെയും ഗ്രൗണ്ട് പോലീസിന്റെയും സഹായത്തോടെയാണ് കുട്ടികളെ കണ്ടെത്തുന്നത്. റെയില്‍വെ ഉദ്യോഗസ്ഥരെയും ഇത്തരം കുട്ടികളെ കണ്ടെത്താനായി പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്ന് സൗത്ത് റെയില്‍വേ ഹെല്‍പ്പ് ലൈന്‍ സംഘാംഗമായ ഷിബിന്‍ ഷാജു ജന്മഭൂമിയോട് പറഞ്ഞു. 

കണ്ടെത്തിയ കുട്ടികളുടെ എണ്ണം

കോഴിക്കോട്

178

ആണ്‍-163

പെണ്‍-15

അന്യ സംസ്ഥാനം-40

തൃശൂര്‍

75

ആണ്‍-49

പെണ്‍-26

അന്യ സംസ്ഥാനം-42

എറണാകുളം സൗത്ത് 

63

ആണ്‍-51

പെണ്‍-12

അന്യ സംസ്ഥാനം-36

തിരുവനന്തപുരം 

190

ആണ്‍-166

പെണ്‍-24

അന്യ സംസ്ഥാനം-123

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.