നീരവിന്റെ 637 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Tuesday 2 October 2018 2:37 am IST
"നീരവ് മോദിയുടെ ന്യൂയോര്‍ക്കിലുള്ള ഫ്‌ളാറ്റ്"

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പതിമൂവായിരത്തിലേറെ കോടി വായ്പ്പയെടുത്ത് മുങ്ങിയ ഗുജറാത്തിലെ വജ്രവ്യാപാരി നീരവ് മോദിയുടെ 637 കോടി രൂപയുടെ സ്വത്ത് കൂടി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ഇന്ത്യയിലും നാലു വിദേശരാജ്യങ്ങളിലുമായുള്ള സ്വത്താണ് പിടിച്ചെടുത്തത്. നീരവിന്റെ പേരില്‍ ന്യൂയോര്‍ക്കിലുള്ള 216 കോടി വരുന്ന രണ്ട് ഫ്‌ളാറ്റുകളാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഒന്ന്. വിദേശങ്ങളിലുള്ള അഞ്ച് അക്കൗണ്ടുകളും പിടിച്ചെടുത്തു.

ഇവയിലായി 278 കോടി രൂപയാണ് ഉണ്ടായിരുന്നത്. ലണ്ടനിലെ മെറില്‍ബോണിലുള്ള 57 കോടിയുടെ ഫ്‌ളാറ്റ്, തെക്കന്‍ മുംബൈയിലെ 20 കോടിയുടെ ഫ്‌ളാറ്റ്, 23 കോടിയുടെ വജ്രാഭരണങ്ങള്‍ എന്നിവയും കണ്ടുകെട്ടിയവയില്‍ പെടുന്നു. സിംഗപ്പൂരിലെ ഒരു അക്കൗണ്ടില്‍ നിന്ന് 44 കോടിയാണ് ലഭിച്ചത്. വജ്രാഭരണങ്ങള്‍ ഹോങ്കോങ്ങില്‍ നിന്ന് വരുത്തി കണ്ടുകെട്ടുകയായിരുന്നു.

തട്ടിപ്പുകാരുെട വിദേശങ്ങളിലുള്ള വളരെക്കുറച്ച്  സ്വത്തുക്കള്‍ കണ്ടുകെട്ടാനേ ഇന്ത്യക്ക് ഇതുവരെ സാധിച്ചിരുന്നുള്ളൂ. മോദി സര്‍ക്കാര്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമം കൊണ്ടുവന്നതോടെ ഇതും സാധ്യമായിത്തുടങ്ങി. നീരവിന് വിദേശങ്ങളിലായി 4000 കോടിയുടെ സ്വത്തുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഇവ പിടിച്ചെടുക്കാനുള്ള നടപടികളും തുടങ്ങി. അതിന്റെ ഭാഗമായാണ് 637 കോടി കണ്ടുകെട്ടിയത്. ഇതേ കേസിലെ പ്രതിയായ ആദിത്യ നാനാവതിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടിയിലേറെ തട്ടി മുങ്ങിയ നീരവ്, അമ്മാവനും വജ്രവ്യാപാരിയുമായ മെഹുല്‍ ചോക്‌സി എന്നിവര്‍ക്കതെിരെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും കേസ് എടുത്ത് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. മെഹുല്‍ ചോക്‌സി ആന്റിഗ്വയിലാണ് താമസിക്കുന്നത്. അവിടെ നിന്ന് ഇയാളെ വിട്ടുകിട്ടാന്‍ ഇന്ത്യ നിയമനടപടികള്‍ കഴിഞ്ഞാഴ്ച ആരംഭിച്ചിരുന്നു. നീരവിന് വിദേശത്തുള്ള സ്വത്തു കണ്ടെത്താന്‍ വിദഗ്ധ സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ഇതിനു മുന്‍പ് നീരവിന്റെ 70 കോടിയോളം രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.