കണ്ണൂര്‍: ബിജെപി സംസ്ഥാന എന്‍ആര്‍ഐ സെല്ലിന്റെ സഹായത്തോടെ ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മറ്റി നിര്‍മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ദാനം ഇന്ന് നടക്കുമെന്ന് എന്‍ആര്‍ഐ സെല്‍ സംസ്ഥാന കണ്‍വീനര്‍ എന്‍.ഹരികുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും അശരണരുമായ കുടംബങ്ങള്‍ക്കാണ് സെല്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. സംസ്ഥാന സെല്ലിന്റെ പണികഴിപ്പിക്കുന്ന അഞ്ച് വീടുകളില്‍ പ്രവൃത്തി പൂര്‍ത്തിയായ ആദ്യത്തെ വീടിന്റെ താക്കോല്‍ദാനമാണ് ഇന്ന് നടക്കുന്നത്. ഇരിക്കൂര്‍ കുയിലൂര്‍ പെരുമണ്ണിലെ എന്‍.പുഷ്പവല്ലിയ്ക്കും കുടുംബത്തിനുമാണ് ആദ്യവീട് നല്‍കുന്നത്. ‘പത്മം’ എന്നു പേരിട്ടിരിക്കുന്ന വീടിന്റെ താക്കോല്‍ ദാനകര്‍മ്മം ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള രാവിലെ 10 മണിക്ക് പെരുമണ്ണില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും.
ഏതു സമയത്തും ഇടിഞ്ഞു പൊളിഞ്ഞു വീഴാവുന്ന പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് മറിച്ച കുടിലില്‍ കഴിഞ്ഞു കൂടുകയായിരുന്ന നിര്‍ധനയായ പുഷ്പയുടെ കുടുംബത്തിന്റെ ദൈന്യത കണ്ടറിഞ്ഞ് ബിജെപി പെരുമണ്ണ്-കുയിലൂര്‍ ബൂത്ത് കമ്മിറ്റികളും പടിയൂര്‍ പഞ്ചായത്ത് കമ്മറ്റിയും മുന്‍കയ്യെടുത്ത് ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനുമായി ബന്ധപ്പെട്ട് എന്‍ആര്‍ഐ സെല്ലിന്റെ സാമ്പത്തിക സഹായത്തോടെ വീട് നിര്‍മിച്ച് നല്കാന് തീരുമാനിക്കുകയായിരുന്നു. കണ്ണിന് കാഴ്ച്ചക്കുറവ് അനുഭവപ്പെടുന്ന പുഷ്പയും മാതാവും മകനുമുള്‍പ്പെടുന്ന കുടുംബം ഏറെ ബുദ്ധിമുട്ടിയാണ് ഉപജീവനം കഴിച്ചു മുന്നോട്ട് പോകുന്നത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, എന്‍ആര്‍ഐ സെല്‍ സംസ്ഥാന കണ്‍വീനര്‍ ഹരികുമാര്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴി, ബിജെപി മണ്ഡലം പ്രസിഡന്റ് രാജന് പുതുക്കുടി, പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തക വീണാമണി, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഉദേഷ് കോയാടന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.രഞ്ചിത്ത്, പി.സത്യപ്രകാശ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: