ചെറുതേക്ക്

Tuesday 2 October 2018 2:58 am IST

ശാസ്ത്രീയ നാമം: Clerodendron serratum

സംസ്‌കൃതം: ഭാരങ്കി

തമിഴ്: ചെറുതേക്ക്

എവിടെക്കാണാം: ഇന്ത്യയില്‍ ഉടനീളം 

മിതശീതോഷ്ണ മേഖലകളില്‍ കണ്ടു വരുന്നു. 

പ്രത്യുത്പാദനം: തണ്ടില്‍ നിന്ന് 

ചില ഔഷധ പ്രയോഗങ്ങള്‍: ചെറുതേക്കിന്റെ വേര് പൊടിച്ച് അഞ്ച് ഗ്രാം വീതം ചൂടു പാലില്‍ കലക്കി തുടര്‍ച്ചയായി ഏഴു ദിവസം കുടിച്ചാല്‍ ചുമ, ശ്വാസം മുട്ട് ഇവ ശമിക്കും.

ചെറുതേക്കിന്റെ വേര് പതിനഞ്ച് ഗ്രാം,  ചുക്ക് പതിനഞ്ച് ഗ്രാം, ഇവ ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയായി വറ്റിച്ച് നൂറ് മില്ലി വീതം തേനും തിപ്പലി പൊടിച്ചതും മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴത്തിന് ശേഷവും സേവിച്ചാല്‍ 4 ദിവസം കൊണ്ട് ചുമയും കഫക്കെട്ടും മാറിക്കിട്ടും.

ഭാരങ്കി ശര്‍ക്കര

ചെറുതേക്കിന്റെ വേര് മൂന്ന് കിലോ, ആടലോടകത്തിന്റെ വേര് മൂന്ന് കിലോ, കണ്ടകാരി വേര് മൂന്ന് കിലോ ഇവ ചതച്ച് നാല്‍പ്പത്തിയെട്ട് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് മൂന്ന് ലിറ്ററാക്കി വറ്റിച്ച് പിഴിഞ്ഞ് നന്നായി അരിച്ചെടുത്ത് അതില്‍ ഒരു കിലോ കല്‍ക്കണ്ടം ചേര്‍ത്ത് ചൂടാറ്റി ഇളക്കി നന്നായി കുറുകി വരുമ്പോള്‍ അതില്‍ ചുക്ക്, കുരുമുളക്, തിപ്പലി, നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, മുത്തങ്ങ, നാഗപ്പൂവ്, താലീസപത്രം, ചെറുതേക്കിന്‍ വേര്, വയമ്പ്, ഞെരിഞ്ഞില്‍, കറുവാപ്പട്ട, പച്ചില, ജീരകം, അയമോദകം, കര്‍പ്പൂരം, വയമ്പ്, കര്‍ക്കടക ശൃങ്കി, മുതിര, ഇവ ഓരോന്നും മുപ്പത് ഗ്രാം വീതം പൊടിച്ച് ചേര്‍ത്ത് ഇളക്കുക.

ഔഷധക്കൂട്ട് കട്ടിയാകുമ്പോള്‍ വാങ്ങി, തണുത്തതിനു ശേഷം ഇരുന്നൂറ് മില്ലി തേനും നൂറ് മില്ലി നറുനെയ്യും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് നെയ്‌തേച്ച് ഉണക്കിയ മണ്‍ഭരണിയില്‍ സൂക്ഷിച്ചു വെക്കുക. മരുന്ന് ഉണ്ടാക്കുമ്പോള്‍ തുടക്കം മുതല്‍ നന്നായി ഇളക്കി കൊടുക്കണം. ഭാരങ്കി ശര്‍ക്കര എന്ന ഈ ലേഹ്യം രാവിലെ പത്ത് ഗ്രാം സേവിച്ചതിന് ശേഷം നൂറ് മില്ലി പശുവിന്‍ പാല്‍ കഴിച്ചാല്‍ ശരീര പുഷ്ടി ഉണ്ടാകും. പഴകിയ ചുമ, ആസ്മ, ക്ഷയ രോഗം (ജയക്ഷ്മാവ്), വിട്ടുമാറാത്ത പഴകിയ പനി  എന്നീ കനത്ത രോഗങ്ങള്‍ മാറി ആരോഗ്യവാനായി തീരും.

വി.കെ.ഫ്രാന്‍സിസ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.