ഫ്രാങ്കോയെ യേശുവിനോട് ഉപമിച്ച് കാഞ്ഞിരപ്പള്ളി ബിഷപ്പ്

Tuesday 2 October 2018 3:11 am IST
"ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലില്‍ സന്ദര്‍ശിച്ച് മടങ്ങുന്ന കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലും സംഘവും. "

പാലാ: 'യേശു ക്രിസ്തുവിനെ ക്രൂശിലേറ്റിയത് അദ്ദേഹം കുറ്റം ചെയ്തിട്ടാണോ'യെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പാലാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കണ്ട ശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റം ചെയ്തതായി കരുതുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കിയത്. ആയിരക്കണക്കിന് രക്തസാക്ഷികള്‍ സഭയില്‍ ഉണ്ടായിട്ടുണ്ട്. അവര്‍ തെറ്റ് ചെയ്തവരാണോ എന്നും അദ്ദേഹം ചോദിച്ചു. സഹായ മെത്രാന്‍ മാര്‍ ജോസ്പുളിക്കല്‍, മലങ്കര യാക്കോബായ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇന്നലെ രാവിലെ 11.30ന് എത്തിയ സംഘം ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ 15 മിനിട്ട് നേരം ഫ്രാങ്കോ മുളയ്ക്കലുമായി കൂടിക്കാഴ്ച നടത്തി.

കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തേക്കുറിച്ചുള്ള ചോദ്യത്തിന് അത് കോടതി തീരുമാനിക്കുമെന്നും മാധ്യമങ്ങള്‍ വിചാരണ നടത്തേണ്ടെന്നുമായിരുന്നു ബിഷപ്പിന്റെ മറുപടി. മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതെ സംഘം തിടുക്കത്തില്‍ വാഹനത്തില്‍ കയറി മടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.