'നക്‌സല്‍' ടി.എന്‍. ജോയ് അന്തരിച്ചു

Tuesday 2 October 2018 11:01 pm IST

കൊടുങ്ങല്ലൂര്‍: മുന്‍ നക്‌സല്‍ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.എന്‍. ജോയ് (നജ്മല്‍.എന്‍.ബാബു, 72) അന്തരിച്ചു. ആദ്യകാല നക്‌സല്‍ നേതാക്കളില്‍ അവിഭക്ത സിപിഐ (എംഎല്‍) ന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. അവിവാഹിതന്‍. നക്‌സല്‍ പിന്തുണയോടെ നടത്തിയ 'കിസ് ഓഫ് ലൗ' പരിപാടിയില്‍ സക്രിയമായിരുന്നു.

1970 കളില്‍ നക്‌സല്‍ പ്രസ്ഥാനത്തില്‍ സക്രിയമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് തടവിലായി, പൊലീസ്മര്‍ദനമേറ്റു. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. സൂര്യഗാന്ധി ബുക്‌സ് എന്ന പേരില്‍ പ്രസിദ്ധീകരണം നടത്തി. ഗ്രാംഷിയുടെയും മറ്റും കൃതികള്‍ ആദ്യമായി മലയാളത്തിലിറക്കിയത് സൂര്യഗാന്ധി ബുക്‌സാണ്. 

 കന്യാസ്ത്രീകളുടെ സമരത്തിലും ജോയ് എത്തിയിരുന്നു. കൊടുങ്ങല്ലൂരിലെ ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകരില്‍ ഒരാളാണ്. 

 

കൊടുങ്ങല്ലൂരിലെ കമ്യൂണിസ്റ്റ് കുടുംബമായ തൈവാലത്ത് വീട്ടില്‍ നീലകണ്ഠദാസിന്റെയും ദേവയാനിയുടെയും മകന്‍. സഹോദരന്‍ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തില്‍ അംഗവും യുക്തവാദിയുമായിരുന്ന അച്ഛനാണ് ജോയി എന്നു പേരിട്ടത്; അമ്മാവന്റെ മകള്‍ക്ക് 'ആയിശ' എന്നും. 2015 ല്‍ മതപരിവര്‍ത്തന വിവാദങ്ങള്‍ക്കിടെ ജോയ് ഇസ്‌ലാം മതം സ്വീകരിച്ച് ശ്രദ്ധ നേടി.

 കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദില്‍ കബറടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ടി.എന്‍. ജോയ് പള്ളിക്കമ്മിറ്റിക്കാര്‍ക്കു നേരത്തേ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സിപിഐ നേതാവായിരുന്ന ടി.എന്‍.കുമാരന്‍, ചരിത്രകാരനായിരുന്ന തൈവാലത്ത് ബാലകൃഷ്ണന്‍, ടി.എന്‍.വിമലാദേവി, ടി.എന്‍.സുശീലാദേവി സഹോദരങ്ങള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.