ശബരിമല: താക്കീതായി സ്ത്രീശക്തി; പ്രളയംപോലെ പ്രതിഷേധം

Tuesday 2 October 2018 11:28 pm IST

പത്തനംതിട്ട: ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് സ്ത്രീശക്തി കൊടുങ്കാറ്റാകുന്നു, പ്രക്ഷോഭം നാടെങ്ങും ശക്തിപ്പെടുകയാണ്. പ്രതിഷേധം പ്രളയംപോലെയായി. സുപ്രീം കോടതിയിലെ കേസ് ശരിയായി നടത്താതെ കേസ് തോറ്റതിലും കോടതിവിധിയുടെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ ശബരിമലക്കെതിരേ ഗൂഢനീക്കം നടത്തുന്നതിലും പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ പ്രക്ഷോഭങ്ങള്‍. 

നയിക്കുന്നത് സ്ത്രീകളാണ്. അയ്യപ്പ സേവാ സമാജം ഉള്‍പ്പെടെ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പന്തളത്ത് പ്രതിഷേധം പന്തളം കൊട്ടാരത്തിന്റെ ആഹ്വാന പ്രകാരമായിരുന്നു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം , പാലക്കാട് ജില്ലകളില്‍ പ്രകടനങ്ങളും പ്രതിഷേധങ്ങളും നടന്നു.

പ്രശയ ദുരിതം ഏറ്റവും ബാധിച്ച പത്തനംതിട്ട ജില്ലയില്‍ പ്രതിഷേധ പ്രകടനം നിശ്ചയിച്ച സമയത്ത് കോരിച്ചൊരിയുന്ന മഴയായിരുന്നു. മഴയവഗണിച്ച്, പെരുമഴ നനഞ്ഞ് പതിനായിരക്കണക്കിന് അമ്മമാരും യുവതികളും പ്രക്ഷോഭത്തിനിറങ്ങിയത് സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന്റെ അളവുകോലായി.

കോടതിവിധിക്കിടയാക്കിയ സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അനാസ്ഥയ്ക്കും കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ധൃതിക്കും എതിരേ പന്തളം കൊട്ടാരമാണ് പ്രതിഷേധത്തന് ആഹ്വാനം ചെയ്തത്. ആഹ്വാനം ചെവിക്കൊണ്ട നാട്ടുകാരും വിവിധ ഹിന്ദു സംഘടനകളുടെ ആഹ്വാന പ്രകാരം പ്രവര്‍ത്തകരും എത്തിയതോടെ പ്രകടനം നിശ്ചയിച്ച പന്തളം മെഡിക്കല്‍ മിഷന്‍ പരിസരം ജനസമുദ്രമായി. തുടര്‍ന്ന് വലിയ കോയിക്കല്‍ ക്ഷേത്രത്തിലേക്ക് നടന്ന പ്രതിഷേധ നാമ ജപ യാത്ര ജനവികാരം വെളിപ്പെടുത്തുന്നതായി. അമ്മമാരും യുവതികളും അടങ്ങിയ ജനക്കൂട്ടം ശരണ മന്ത്രം മുഴക്കിയും വിശ്വാസ സംരക്ഷണ പ്രഖ്യാപനം നടത്തിയും മുന്നേറി. 

 ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ റോഡ് ഉപരോധിച്ചു. 

പാലക്കാട് പട്ടാമ്പിയില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. പമ്പയില്‍ നാമജപ പ്രതിഷേധമായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.