ഗൊഗോയി ചുമതലയേറ്റു

Thursday 4 October 2018 2:39 am IST
"രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു."

ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് 63കാരനായ ഗൊഗോയിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവിലാണ് ഗൊഗോയിയുടെ നിയമനം. 2019 നവംബര്‍ 17ന് വിരമിക്കുന്ന അദ്ദേഹം 13 മാസം ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിക്കും. 

 ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ആരോഗ്യമന്ത്രി ജെ.പി. നദ്ദ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി തുടങ്ങിയവര്‍ പങ്കെടുത്തു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന ആദ്യയാളാണ്. അസമാണ് സ്വദേശം. 82ല്‍ അസം മുഖ്യമന്ത്രിയായിരുന്ന കേശവ് ചന്ദ്ര ഗൊഗോയിയുടെ മകനാണ്. 58 നവംബര്‍ 18നാണ് ജനനം. 78ല്‍ അഭിഭാഷകനായി. 2001ല്‍ ഗുവാഹതി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി.

ഒന്‍പതു വര്‍ഷം അവിടെ ജസ്റ്റിസായിരുന്നു. 2010 സപ്തംബര്‍ 9ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ എത്തി. 2011ല്‍ അതേ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി. 2012 ഏപ്രില്‍ 23ന് സുപ്രീംകോടതി ജഡ്ജിയായി. നിരവധി സുപ്രധാന കേസുകളില്‍ തീര്‍പ്പ് കല്‍പ്പിച്ച ബെഞ്ചുകളില്‍ അംഗമായിരുന്നു. അസമിലെ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച കേസ് കൈകാര്യം ചെയ്തത് അദ്ദേഹം ഉള്‍പ്പെട്ട ബെഞ്ചായിരുന്നു. ഈ മാസം 29ന് അയോധ്യാകേസ് പരിഗണിക്കുന്ന ബെഞ്ചിന്റെ അധ്യക്ഷന്‍ അദ്ദേഹമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.